X

ഫിത്ര്‍ സകാത്ത്

 

ഇസ്ലാമിന്റെ പഞ്ചസതംഭങ്ങളില്‍ നാലാം സ്ഥാനത്തുള്ള ഫിത്വര്‍ സകാത്ത് ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണം ലക്ഷ്യം വെച്ചുള്ളതാണ്. ഹിജ്‌റ രണ്ടാം വര്‍ഷമണിത് നിര്‍ബന്ധമാക്കുന്നത്. നീണ്ട ഒരു മാസത്തെ വ്രതത്തിനൊടുവില്‍ വന്ന് ചേരാനിടയുള്ള കളങ്കളില്‍ നിന്നും ശരീരത്തെയും ആത്മാവിനെയും സമ്പത്തിനെയും ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയാണിത്. എന്നാല്‍ കേവലം ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതിയായി ഈ ധര്‍മ്മത്തെ ചുരുക്കുന്നത് ശരിയല്ല. മറിച്ച് പ്രധാനപ്പെട്ടൊരു സന്തോഷ വേളയില്‍ തന്റെ സഹോദരന്മാരാരും പട്ടിണി കിടക്കരുതെന്ന മുസ്ലിം സഹോദരന്റെ ബാധ്യതാ നിര്‍വഹണവും ഇതിനു പിന്നിലുണ്ട്. ഇസ്ലാമിലെ ഖണ്ഡിത പ്രമാണമായ ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ടത്താണ് ഈ സകാത്തെന്നു ഇബ്നു മുന്‍ദിര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്. (തുഹ്ഫ : 3/305)

ആര് കൊടുക്കണം ?

ഓരോ കുടുംബനാഥനും തന്റെ കുടുംബാംഗങ്ങളുടെ മേല്‍ നിര്‍ബന്ധമായ ബാധ്യത കൊടുത്ത് നിറവേറ്റണം. റമദാന്‍ മാസത്തിന്റെ പരിസമാപ്തിയും പെരുന്നാള്‍ രാവ് ആരംഭിക്കുകയും ചെയ്യുന്നതു മുതലാണ് ഈ ബാധ്യത വന്നു ചേരുന്നത്. ഈസമയത്ത് തന്റെ മേല്‍ ചെലവ് ബാധ്യതപ്പെട്ടവരായി മുസ്ലിംകള്‍ ആരെല്ലാമുണ്ടോ അവരുടെയെല്ലാം സകാത്ത് നല്‍കണം. അപ്പോള്‍ പ്രസ്തുത സമയത്ത് ഒരുമിച്ച് ജീവിക്കുന്നവരുടെ ബാധ്യത മാത്രമേ വന്നു ചേരുന്നുള്ളൂ. പെരുന്നാള്‍ രാവ് പ്രവേശിച്ച ശേഷം ജനിച്ചകുഞ്ഞിന് വേണ്ടിസകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍ പെരുന്നാള്‍ രാവില്‍ മരണപ്പെട്ടവരുടെ സകാത്തു ബാധ്യതപ്പെട്ടവരുടെ മേല്‍ നിര്‍ബന്ധമാവുന്നു. തന്റെശരീരം, ഭാര്യ, ചെറിയമക്കള്‍, പിതാവ്, മാതാവ്, വലിയമക്കള്‍, എന്നീക്രമത്തിലാണ് ചെലവ് ബാധ്യതപ്പെട്ടവരെ ഇവിടെ പരിഗണിക്കേണ്ടത്. എല്ലാവരുടേതും നല്‍കാന്‍ കഴിവില്ലാത്തവര്‍, ഉള്ളതുകൊണ്ട് ഈക്രമത്തില്‍ മുന്‍ഗണന നല്‍കികൊടുക്കണം. ജോലിക്ക് കഴിവോ ധനമോയുള്ള വലിയ മക്കള്‍ ഒരു കുടുംബനാഥന്റെ കീഴില്‍ വരില്ല. പിതാവിന്റെമേല്‍ അവരുടെ ചെലവും നിര്‍ബന്ധമില്ല. പിതാവ് അവരുടേത് നല്‍കിയാല്‍ തന്നെ അവരുടെ സമ്മതമില്ലെങ്കില്‍ മതിയാവുകയില്ല.

അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, പെരുന്നാള്‍ രാത്രിയിലേയും പകലിലേയും തന്റെയും ആശ്രിതരുടേയും ( തന്നെആശ്രയിച്ച് കഴിയുന്നകോഴി, ആട്, പശു പോലുള്ള വളര്‍ത്തു ജീവികളും ഇതിലുള്‍പ്പെടും) ചെലവുകള്‍ കഴിച്ച് മിച്ചമുള്ളതില്‍ നിന്നാണ് സകാത്ത് നല്‍കേണ്ടത്. മിച്ചമെന്നാല്‍ ഭക്ഷ്യ ധാന്യം മാത്രമല്ല. സ്വത്തുക്കളെല്ലാം ഉള്‍പ്പെടും. പക്ഷേതനിക്ക് ജീവിതത്തിന് ആവശ്യമായ തൊഴിലുപകരണങ്ങള്‍, സ്ത്രീയുടെ അനുയോജ്യമായ ആഭരണം, ആവശ്യമായ കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍, എന്നിവയൊന്നും വിറ്റുമിച്ചമുണ്ടാക്കി സകാത്തുനല്‍കല്‍ ബാധ്യതയില്ല. പറമ്പ്, തോട്ടം പോലുള്ളവ മിച്ചമുള്ളതില്‍ പെടും. ആവശ്യത്തില്‍ കവിഞ്ഞതും അനുയോജ്യത്തിലുപരിയുള്ളതുമായ വീട്ടുപകരണങ്ങളും ഉള്‍പ്പെടും. മറ്റു പലരില്‍ നിന്നും സകാത്തു ലഭിച്ചിട്ടു മിച്ചം വന്നതാണെങ്കിലും സകാത്തുകൊടുക്കണം. പക്ഷേ, പെരുന്നാള്‍ രാത്രി ആരംഭിക്കും മുമ്പ് ഇങ്ങനെ ലഭിച്ചു മിച്ചം വന്നതാകണം. ആകയാല്‍ മിക്കകുടുംബങ്ങളും ഫിത്വ്ര്‍ സകാത്ത് നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ.

എന്തുകൊടുക്കണം?

നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ആഹാരണു ഫിത്വര്‍ സകാത്തായി കൊടുക്കേണ്ടത്. ഭക്ഷ്യ ധാന്യമായി ഉപയോഗമുണ്ടെങ്കില്‍ വിവിധ ആഹാരങ്ങള്‍ കൊടുക്കുന്നുണ്ടെങ്കില്‍ ഏതും കൊടുക്കാം. മുന്തിയതാണുത്തമം. നാട്ടിലെ ഭക്ഷ്യധാന്യമല്ലാത്ത മുന്തിയ ഇനം ധാന്യം തന്നെ നല്‍കിയാലും വാങ്ങുന്നവര്‍ ഇഷ്ടപ്പെട്ടാലെ സാധുവാകുകയുളളൂ.

ധര്‍മ്മം സാധുവാകാന്‍ രണ്ടു നിബന്ധനകള്‍

സകാത്ത് നല്‍കുന്നവന്‍ രണ്ടു നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഒന്നു കരുത്ത്. അഥവാ നിയ്യത്ത്. തന്റെയും ആശ്രിതരുടേയും ഫിത്വ്ര്‍ സകാത്ത് നല്‍കുന്നു എന്നു കരുതലാണത്. സകാത്ത് നല്‍കുമ്പോഴോ അരി അളന്ന് വക്കുമ്പോഴോ ഈ കരുതല്‍/ ഉദ്ദേശം ഉണ്ടായാല്‍ മതി. രണ്ട്, അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കല്‍.

ആദ്യമേ നല്‍കാമോ

ശവ്വാല്‍ മാസപ്പിറവിയോടെയാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമദാന്‍ ആഗതമായതുമുതല്‍ നല്‍കാവുന്നതാണ്. പക്ഷേ, ഇങ്ങനെ കൊടുക്കുമ്പോള്‍ ശവ്വാല്‍ മാസത്തിന്റെ ആദ്യനിമിഷത്തില്‍ വാങ്ങിയവന്‍ വാങ്ങാനും നല്‍കിയവന്‍ നല്‍കാനും അര്‍ഹരായിരിക്കണമെന്ന നിബന്ധനയുണ്ട്. അപ്പോള്‍ റമദാന്‍ മാസത്തില്‍ ഫിത്വര്‍ സകാത്ത് വാങ്ങിയവന്‍ ശവ്വാലാകുമ്പോഴേക്ക് മരിക്കുകയോ മുര്‍ത്തദ്ദാവുകയോ സകാത്തായി ലഭിച്ച സ്വത്ത് കൊണ്ടല്ലാതെ ധനികനാവുകയോ ചെയ്താല്‍ നേരത്തെ നല്‍കിയത് സകാത്തായിപരിഗണിക്കില്ല.

chandrika: