X
    Categories: columns

ഡോ. കഫീല്‍ഖാനെ വേട്ടയാടിയ ഭരണകൂടം

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഡോ. കഫീല്‍ഖാനെ എന്‍.എസ്.എ പ്രകാരം ജയിലിലടച്ച നടപടി തെറ്റായിരുന്നുവെന്ന് വിലയിരുത്തുകയും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്ത കോടതി എന്‍.എസ്.എ പ്രകാരം കഫീല്‍ ഖാന്‌മേല്‍ ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കുകയും ചെയ്തിരിക്കുന്നു. ഈ വിധി വളരെ മനസ്സമാധാനം നല്‍കുന്ന ഒന്നാണ്. ഭരണകൂടങ്ങള്‍ അദ്ദേഹത്തോട് ചെയ്ത അനീതിക്കെതിരെ ഞങ്ങള്‍ക്കാവുന്നതെല്ലാം ചെയ്തിരുന്നു. അദ്ദേഹത്തിന് നീതി കിട്ടാന്‍വേണ്ടി നിരവധി പേര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നുവെന്നതും സത്യമാണ്. അദ്ദേഹത്തിനെതിരായ നടപടികളെല്ലാം പക പോക്കലല്ലാതെ മറ്റൊന്നും ആയിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗര്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും സമുദായ ഐക്യം തകര്‍ക്കുമെന്നും പറഞ്ഞു ചാര്‍ജ് ചുമത്തി അദ്ദേഹത്തെ വേട്ടയാടിയത്. കാര്യം ഇതൊന്നുമല്ല. അദ്ദേഹം സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഡോക്ടറാണ്.

യോഗി സര്‍ക്കാറിന് തീരെ ഇഷ്ടമില്ലാത്ത ഒരാളാണ്. അതിന് കാരണം അദ്ദേഹം നല്ലൊരു മനുഷ്യനാണ്, കാര്യങ്ങള്‍ നേരേ ചൊവ്വെ പറയുന്ന, ചെയ്യുന്ന ആളാണ് എന്നതാണ്. ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാത്തതിന്റെ ഫലമായി പിഞ്ചു കുഞ്ഞുങ്ങളടക്കം മരിച്ച ദാരുണമായ സംഭവമുണ്ടായപ്പോള്‍ പല സ്ഥലങ്ങളിലും പോയി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കുറേ കുട്ടികളുടെയെങ്കിലും ജീവന്‍ രക്ഷിക്കുന്നതിന് ആത്മാര്‍ത്ഥമായി പരിശ്രമിച്ച ഡോക്ടറായിരുന്നു അദ്ദേഹം. യോഗി ഭരിക്കുന്ന സംസ്ഥാനത്ത് വേറെ ഒരാള്‍ രക്ഷകനായി വന്നത് എന്തിന് എന്ന ഹുങ്കും വിഷലിപ്തമായ മനസ്സുമാണ് ഭരണകൂടത്തിനുണ്ടായിരുന്നത്.

അതുകൊണ്ട് പല വിധത്തിലും അദ്ദേഹത്തെ വേട്ടയാടി. ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്ന ഒരു കാര്യമുണ്ട്. ഇങ്ങനെ എത്ര പേര്‍ക്ക് എതിരായി ഇവര്‍ ഈ വിധത്തിലുള്ള കുറ്റകൃത്യങ്ങള്‍ പ്രയോഗിക്കുന്നു എന്നതാണത്. ദേശദ്രോഹം, സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യുന്നത് ഭരണകൂടം തന്നെയാണ്. ഇന്ത്യാ രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങള്‍ക്ക് എതിരായി രാജ്യത്ത് സ്പര്‍ധ ഉണ്ടാക്കുന്നതിന്‌വേണ്ടി നിരന്തരമായി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്റെയും നരേന്ദ്രമോദിയുടെയുമൊക്കെ വലംകൈ എന്ന് വിശേഷിപ്പിക്കുന്ന ആളാണ്. ഈ സര്‍ക്കാറിന്റെ ഏകാധിപത്യ പ്രവണതക്ക് നേരെ ആര്‍ക്കും ഒന്നും പറഞ്ഞ്കൂടാ. പറഞ്ഞാല്‍ അവര്‍ക്കെതിരെ തീവ്രവാദ കുറ്റം രാജ്യദ്രോഹകുറ്റം എന്നിവയൊക്കെ ചുമത്തി അകത്തിടും എന്നത് അവരുടെ തീരുമാനത്തിന്റെ ഭാഗമാണ്.

രാജ്യത്തെ ബാധിക്കുന്ന വളരെ പ്രധാനമായ നിയമങ്ങളാണ് രാജ്യദ്രോഹ കുറ്റവും ദേശ സുരക്ഷ നിയമവുമെല്ലാം. പക്ഷേ രാജ്യത്ത് എന്ത് സംഭവിച്ചാലും അവര്‍ക്ക് പ്രശ്‌നമില്ല. ഈ നിയമമൊക്കെ തങ്ങളുടെ കുടിലമായ രാഷ്ട്രീയ അഭിലാഷം കാത്തുസൂക്ഷിക്കുന്നതിന്‌വേണ്ടി ആയുധമായി ഉപയോഗപ്പെടുത്തുകയാണ്. എല്ലാവരുടെയും വായ മൂടികെട്ടുന്നു, എല്ലാ വ്യവസ്ഥിതികളെയും തങ്ങളുടെ ഉള്ളം കയ്യില്‍ ഒതുക്കുന്നു.

ആ വിധത്തില്‍ ഓരോന്നായി പുറത്തെ ടുത്ത്‌കൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തില്‍ എതിര്‍പ്പിന്റെ സ്വരം ഉണ്ടാകരുതെന്നാണ് അവരുടെ ലക്ഷ്യം. ആ ലക്ഷ്യത്തെ അംഗീകരിക്കാതിരിക്കാനും അതിനെതിരെ പ്രതികരിക്കാനും ആളുകള്‍ മുന്നോട്ട്‌വരേണ്ടതുണ്ട്. അതില്‍ എല്ലാവര്‍ക്കും അവരവരുടേതായ ജോലി ചെയ്യാനുണ്ട്. പാര്‍ലമെന്റില്‍ കഫീല്‍ ഖാനെതിരായ നീക്കത്തെപറ്റിയും സഞ്ജീവ് ഭട്ടിനോട് കാണിച്ച ക്രൂരതക്കെതിരെയും ജനപ്രതിനിധി എന്ന നിലയില്‍ സമയം കണ്ടെത്തി സംസാരിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യവും ഈ വിധി വായിച്ചതിന്‌ശേഷം അല്‍പം ആത്മസംതൃപ്തിയോട്കൂടി രേഖപ്പെടുത്തെട്ടെ. അനീതിക്കെതിരായ ധര്‍മ്മ യുദ്ധത്തില്‍ നന്‍മ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ഒന്നിച്ച് നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. ആ സന്ദര്‍ഭത്തിന്റെ ഉള്‍വിളി ആയിരിക്കണം ഇത്തരം വിധികളില്‍നിന്നും വാര്‍ത്തകളില്‍നിന്നും നമുക്ക് ലഭിക്കേണ്ടത് എന്ന് കൂടി സൂചിപ്പിക്കട്ടെ.

 

web desk 3: