X
    Categories: Video Stories

ബഹുസ്വര സമൂഹത്തിലെ മത സഹിഷ്ണുത


എ.വി ഫിര്‍ദൗസ്

ഒരു ജനതയും സമൂഹവും ബഹുസ്വര സ്വഭാവ ഗുണങ്ങള്‍ ഉള്ളതായിരിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് ആ സമൂഹത്തിലെ ബഹുമത ബഹുവിശ്വാസ സാന്നിധ്യം. ആ നിലക്ക് ഇന്ത്യയുടെ ബഹുസ്വരത ഇവിടത്തെ ബഹുമത സാന്നിധ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു. പരസ്പര ഭിന്നങ്ങളായ വിശ്വാസ അടിത്തറകളുള്ള മതങ്ങള്‍പോലും സഹജമായ ചില സഹവാസ-സഹവര്‍ത്തന ശീലങ്ങളുടെ അടിസ്ഥാനത്തില്‍ ദീര്‍ഘ നൂറ്റാണ്ടുകളായി ഒരേയിടത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് ഇന്ത്യയുടെ സവിശേഷത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പരസ്പര വിരുദ്ധ അടിത്തറകളുള്ള മതങ്ങള്‍ ഒന്നിച്ച് ഒരേ രാജ്യത്തോ, സമൂഹത്തിലോ നിലനില്‍ക്കുകയാണെങ്കില്‍ സംഘര്‍ഷ-പോരാട്ടങ്ങള്‍ അനിവാര്യങ്ങളാണ് എന്ന വിധത്തില്‍ വിധ്വംസകത ശീലിച്ച ജനവിഭാഗങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നത് കാണാം. ഏകദൈവ വിശ്വാസത്തിനും ബഹുദൈവ വിശ്വാസത്തിനും ഒരേ ഭൂമിയില്‍, ഒരേ രാജ്യാതിര്‍ത്തിയില്‍ ഒന്നിച്ചു വളരാനാവില്ല എന്ന വിധത്തില്‍ വിശ്വാസാധിഷ്ഠിതമായ അതിര്‍നിര്‍ണയവും ധ്രുവീകരണവും ശക്തമായതാണ് ഒട്ടുമിക്ക രാഷ്ട്രങ്ങളിലും ഭീകരവാദത്തിന്റെയും മത തീവ്രവാദത്തിന്റെയും പശ്ചാത്തലമായിത്തീര്‍ന്നത്. ഇത്തരം രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പൂര്‍വകാല പാരമ്പര്യങ്ങള്‍ക്ക് ഈ സ്വഭാവ രൂപീകരണത്തിലും സംഘര്‍ഷാന്തരീക്ഷ നിര്‍മ്മിതിയിലും വലിയ പങ്കുണ്ടായിരിക്കും. ഇതില്‍ നിന്നെല്ലാം ഭിന്നമായി സവിശേഷമായ ഒരു മത പാരസ്പര്യത്തിന്റെ അന്തരീക്ഷം ഇവിടെ സൃഷ്ടിക്കുന്നതിന് ഇന്ത്യയിലെ പൂര്‍വകാല സാംസ്‌കാരിക നന്മകള്‍ കാരണമായിട്ടുണ്ട് എന്നത് അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ രംഗത്തുവരികയും അവര്‍ ഇന്ത്യയുടെ ഭൂതകാലത്തെയും ചരിത്രത്തെയും സംബന്ധിച്ച് അവരുടേതായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നുണക്കഥകള്‍ കെട്ടഴിച്ചുവിടുകയും ചെയ്യുന്നതിന്മുമ്പ് ഇന്ത്യന്‍ പൊതു മണ്ഡലം സാര്‍വത്രികവും സഹജവുമായ ഒരു മത സഹിഷ്ണുതയിലാണ് നിലനിന്നത്. വിശ്വാസത്തിന്റെ പേരില്‍ പരസ്പരം ആയുധമെടുക്കുന്ന ശീലം ഇന്ത്യയിലെ സാധാരണ ജനസമൂഹത്തെ സംബന്ധിച്ച് തീര്‍ത്തും അപരിചിതമായിരുന്നു. ഏകമത സമൂഹം എന്ന സങ്കല്‍പമേ ഇന്ത്യയുടെ പ്രാചീന കാലത്തിന് പരിചയമുണ്ടായിരുന്നില്ല.
ഇന്ത്യന്‍ ബഹുസ്വരതയുടെ സവിശേഷമായ ഈ തണലിനെ പ്രയോജനപ്പെടുത്തിയാണ് ഇവിടെ ഇസ്‌ലാം പ്രചരിക്കുകയും വളരുകയും ചെയ്തതെന്ന വസ്തുത നിഷേധിക്കാനാവില്ല. ഇന്ത്യയില്‍ നിലനിന്ന ജാതീയ അസ്വസ്ഥതകളും സവര്‍ണാവര്‍ണ കാലുഷ്യങ്ങളുംമൂലം ദുരിതമനുഭവിച്ചുവന്ന വലിയൊരു ജനവിഭാഗത്തിന് ദുരിതങ്ങളില്‍നിന്നുള്ള വിമോചനത്തിന്റെവഴി ചൂണ്ടിക്കാണിച്ചുകൊടുത്തത് ഇസ്‌ലാമാണ്. ജാതി ഭ്രാന്തിന്റെയും ഉച്ചനീചത്വങ്ങളുടെയും ഇരകള്‍ക്ക് അവരുടെ മനുഷ്യാന്തസ്സ് തിരിച്ചുപിടിക്കാന്‍ ഉപാധിയായിത്തീര്‍ന്ന ഇസ്‌ലാമിനോട് മുന്‍ നൂറ്റാണ്ടുകളില്‍ ഇവിടത്തെ സവര്‍ണരും മേല്‍ജാതിക്കാരും എന്തുതരം മനോഭാവമായിരിക്കും പുലര്‍ത്തിയിരിക്കുക എന്ന അന്വേഷണം പ്രസക്തമാണ്. അവര്‍ണരെയും സ്വന്തം കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന് അടിമ ജീവിതം നയിച്ചിരുന്ന അധഃസ്ഥിത ജനവിഭാഗങ്ങളെയും സ്വന്തം നിയന്ത്രണത്തില്‍നിന്ന് വിടുവിച്ചു കൊണ്ടുപോകുന്ന ഇസ്‌ലാമിനോട് അക്കാലങ്ങളിലെ സവര്‍ണ- മേല്‍ജാതിക്കാര്‍ക്ക് ശത്രുതയും വൈരാഗ്യവും തോന്നേണ്ടത് സ്വാഭാവികമാണ്. എന്നാല്‍ സ്വന്തം സാമൂഹിക പരിസരങ്ങളിലെ കീഴ്ജാതി സംവിധാനങ്ങളില്‍ സംഭവിച്ചുവരുന്ന മാറ്റങ്ങളെ തുറന്ന മനസ്സോടെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും തയ്യാറായി എന്നതാണ് മുന്‍ നൂറ്റാണ്ടുകളിലെ സവര്‍ണ-ഉന്നത ജാതി ശ്രേണികളില്‍ നിന്നുണ്ടായ ഭൂരിപക്ഷം അനുഭവം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൂഫികളുടെ പ്രബോധനങ്ങളെത്തുടര്‍ന്ന് അടിമപ്പണി ചെയ്തു ജീവിച്ചുവന്നവരും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിഞ്ഞവരുമായ ചില ജനവിഭാഗങ്ങള്‍ ഇസ്‌ലാം മതം സ്വീകരിച്ചപ്പോള്‍ അതിനെ അംഗീകരിക്കുകയും അത്തരം പുതുമുസ്‌ലിംകള്‍ക്ക് സവിശേഷ ഭരണകൂട പരിഗണനകള്‍ നല്‍കയും ചെയ്തിരുന്ന രജപുത്ര-ക്ഷത്രിയ രാജാക്കന്മാരും രാജവംശങ്ങളും ഉണ്ടായിരുന്നുവെന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. കേരളത്തില്‍ തന്നെ ഒട്ടുമിക്ക നാട്ടുരാജവംശങ്ങളും ഇസ്‌ലാമിലേക്കുള്ള മതം മാറ്റങ്ങളെ പ്രത്യേക രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലാത്ത കാലത്തോളം ശത്രുതയോടെ കണ്ടിരുന്നില്ല എന്നതാണനുഭവം.
കേരളത്തിലെ സാമൂതിരി രാജാക്കന്മാരും കൊടുങ്ങല്ലൂര്‍ രാജാക്കന്മാരുമെല്ലാം മുസ്‌ലിംകളോട് സവിശേഷ താല്‍പര്യം കാണിച്ചവരായിരുന്നു. പ്രമുഖ രാജവംശങ്ങളുടെ ഈ സ്വഭാവം തന്നെയാണ് ഉള്‍നാടുകളിലെ അവരുടെ സാമന്തന്മാരായിരുന്ന പ്രമാണി കുടുംബങ്ങളും സ്വീകരിച്ചുവന്നിരുന്നത്. മലബാറിന്റെ പൂര്‍വകാല മത പാരസ്പര്യങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍, മുമ്പ് പടിപ്പുരയുടെ സമീപത്തേക്കുകൂടി പ്രവേശനം അനുവദിക്കാതിരുന്ന കീഴ്ജാതിക്കാര്‍ ഇസ്‌ലാം സ്വീകരിച്ചുവന്നാല്‍ അവരെ വീട്ടിനകത്ത് കയറ്റിയിരുത്തി തുല്യതയോടെ സംസാരിച്ചിരുന്ന സവര്‍ണ നാട്ടുപ്രമാണിമാരെക്കുറിച്ചുള്ള ധാരാളം വിവരണങ്ങള്‍ കാണാം. ഇസ്‌ലാമിന് ഒരു ‘സാംസ്‌കാരികമായ ശുദ്ധീകരണ ശേഷിയുണ്ട്’ എന്ന തോന്നല്‍ അക്കാലത്തെ സവര്‍ണ സമൂഹങ്ങളില്‍ ശക്തമായിരുന്നു.
കേരളത്തിന്റെ മത സഹിഷ്ണുത ചില സവിശേഷ മാനങ്ങളാര്‍ജ്ജിച്ചത് ഇത്തരം ചരിത്രാനുഭവങ്ങളുടെ പശ്ചാത്തല പിന്‍ബലത്തിലാണ്. കേരളീയരും മുസ്‌ലിംകളുമായവരെ സംബന്ധിച്ചിടത്തോളം മത സഹിഷ്ണുതയും പാരസ്പര്യവും സഹജവും സ്വാഭാവികവും അകൃത്രിമവും ആയിരുന്നു. സ്വന്തം മതത്തില്‍ ദൃഢമായിത്തന്നെ വിശ്വസിക്കുകയും ആ വിശ്വാസത്തോട് നൂറു ശതമാനം കൂറുപുലര്‍ത്തുകയും ചെയ്തുകൊണ്ട് മറ്റു മതസ്ഥര്‍ക്കിടയില്‍ ജീവിക്കാന്‍ യാതൊരു അപകര്‍ഷതയും ഒരു മതക്കാര്‍ക്കും പണ്ടു കാലങ്ങളില്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. മത സഹിഷ്ണുതയുള്ളവന്‍ ആണെന്ന് തെളിയിക്കാന്‍ ഒരാള്‍ക്ക് പ്രകടനപരമായ പ്രവൃത്തികളും സംസാരങ്ങളും ആവശ്യമുണ്ടായിരുന്നില്ല. മുസ്‌ലിംകളെ സംബന്ധിച്ച് പ്രത്യേകിച്ചും ഇത്തരം വിഷയങ്ങളില്‍ അവരുടെ ആത്മാര്‍ത്ഥതയും നിഷ്‌കപടതയും ഏതാണ്ട് സുസമ്മതി നേടിയിരുന്നു. ഒരു യഥാര്‍ത്ഥ മുസ്‌ലിം വിശ്വാസപരമായി വിഗ്രഹാരാധനക്ക് എതിരാണ് എന്നതിന് ‘അവന്‍ അമ്പലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും എതിരായി ചിന്തിക്കുന്നവനും അവയൊക്കെ നശിച്ചുകാണാനാഗ്രഹിക്കുന്നവനുമാണ്’ എന്ന് ആരും അര്‍ത്ഥനിര്‍ണയം നടത്തിയിട്ടില്ലാത്ത കാലമായിരുന്നു അത്. ഭിന്ന വിശ്വാസങ്ങളില്‍ ജീവിക്കുമ്പോഴും വിശ്വാസത്തിന്റെ പേരില്‍ ശത്രുക്കളാകാതിരിക്കുക എന്ന ജൈവ സഹവാസമായിരുന്നു ആ കാലത്തിന്റേത്.
‘മുസ്‌ലിമായിരിക്കുക’ എന്നത് കടുത്ത ബാഹ്യ ശത്രുതകളെ ക്ഷണിച്ച് വരുത്തുന്ന ഒരവസ്ഥയായി പരിണമിച്ച കാലമാണിത്. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അതിവ്യാപനത്തോടെ ഇന്ത്യയില്‍ വന്നുചേര്‍ന്ന പ്രധാന ദുരിതങ്ങളിലൊന്ന് ബഹുസ്വര വിശ്വാസ സംസ്‌കൃതിയെ സംശയിക്കുന്നവരുടെ സംഖ്യ വര്‍ധിച്ചതാണ്. ഒരാള്‍ ബഹുസ്വരതക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് പറയുമ്പോള്‍ അയാള്‍ക്ക് മറ്റെന്തെക്കെയോ താല്‍പര്യങ്ങളുണ്ടെന്ന് കരുതുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഒരാള്‍ മുസ്‌ലിമാണ് എന്നു പറയുന്നതിന് അയാള്‍ ഒരന്യമത വിരോധിയാണ് എന്ന അര്‍ത്ഥം ഊഹിക്കുന്നവരുടെയും ഗണപ്പെരുപ്പം സംഭവിച്ചു. ഇത്തരം പരിണാമങ്ങള്‍ സമകാലിക സാഹചര്യങ്ങളില്‍ മത സഹിഷ്ണുത എന്ന ആശയ-ദര്‍ശനത്തിന്റെ അര്‍ത്ഥതലങ്ങളെയും പ്രയോഗ സീമകളെയും സങ്കീര്‍ണമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു മുസ്‌ലിമിന് ‘ഞാന്‍ കറകളഞ്ഞ മുസ്‌ലിമാണ്’ എന്നു സ്ഥാപിച്ചുകൊണ്ടുതന്നെ തന്റെ മത സഹിഷ്ണതയെയും ഇതര മതങ്ങളോടുള്ള ‘സഹ്യതാ മനോഭാവത്തെയും’ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിയില്ലെന്ന് ചിന്തിക്കുന്നവര്‍ ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ധാരാളമുണ്ട്. യഥാര്‍ത്ഥത്തില്‍ വേദത്തിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ തന്നെ, മത സഹിഷ്ണുവായിരിക്കാനും ഇതര മതങ്ങളെ സഹ്യതാബോധത്തോടെ നോക്കിക്കാണാനും ബാധ്യസ്ഥനാണ് ഒരു യഥാര്‍ത്ഥ മുസ്‌ലിം. മത സഹിഷ്ണുതയെ വിശ്വാസാദര്‍ശത്തിന്റെ തന്നെ ഭാഗമാക്കിയ ലോകത്തെ ഏക മതവും ജീവിത ദര്‍ശനവും ഇസ്‌ലാമാണ്. ഒരു ഇസ്‌ലാം മത വിശ്വാസി അവന്‍ ജീവിക്കുന്ന വൈരുധ്യ-വൈജാത്യങ്ങളാല്‍ സമ്പന്നമായ സാംസ്‌കാരികാന്തരീക്ഷങ്ങള്‍ക്കിടയിലും സഹിഷ്ണുതയുടെയും സഹജമായ സഹവര്‍ത്തനത്തിന്റെയും ഏറ്റവും മികച്ച മാതൃകയായി വര്‍ത്തിച്ചിരുന്ന പൂര്‍വകാലാനുഭവങ്ങള്‍ ഏറെപ്പറയാനുണ്ടായതും സഹിഷ്ണുത എന്ന ആശയവും സംസ്‌കാരവും സാമൂഹ്യോപാധിയും ഇസ്‌ലാമിക ആദര്‍ശ സംഹിതയുടെ സ്വാഭാവികമായ ഉള്ളടക്കങ്ങളില്‍ ഒന്നായിരുന്നതുകൊണ്ട് തന്നെയാണ്. ഇത്തരമൊരു വിശ്വാസി സമൂഹത്തെയാണ് ചിലര്‍ മതഭ്രാന്തന്മാരായി ചിത്രീകരിക്കുന്നതെന്നോര്‍ക്കണം.
മുസ്‌ലിം പൊതു പ്രവര്‍ത്തകര്‍, സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലുള്ളവര്‍, എഴുത്തുകാര്‍, രാഷ്ട്രീയക്കാര്‍ എന്നിവരില്‍ വലിയൊരു വിഭാഗം ഇന്ന് തങ്ങളുടെ മത സഹിഷ്ണുതയുടെ മാറ്റിനെക്കുറിച്ച് സ്വയം സംശയത്തിലാണ്. സ്വന്തം വിശ്വാസ നിലപാടുകള്‍ യഥാവിധി തുറന്നുപറയുന്നിടത്ത് ബഹുസ്വരതക്കെതിരായ വളച്ചൊടിക്കലുകളുടെയും അതിവ്യാഖ്യാനങ്ങളുടെയും സാന്നിധ്യമുണ്ടാകുമോ എന്നവര്‍ ഭയപ്പെടുന്നു. ‘അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണ്’ എന്നത് ഖുര്‍ആനിക പരാമര്‍ശമാണ്. എന്നാല്‍ ‘ഈ പരാമര്‍ശം ഇതേപടി ബഹുസ്വര സമൂഹത്തില്‍ ഉറക്കെപ്പറഞ്ഞാല്‍ അത് മത സഹിഷ്ണുതക്കെതിരായിത്തീരുമോ?’ എന്നതുപോലുള്ള സംശയങ്ങളാണവരെ ഭരിക്കുന്നത്. അവര്‍ തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ട പരമപ്രധാന യാഥാര്‍ത്ഥ്യം, ഒരു സാര്‍വലൗകിക-സാര്‍വജനീന ആധ്യാത്മിക ദര്‍ശനമെന്ന നിലയില്‍ മത സഹിഷ്ണുത പോലുള്ള സര്‍വാശ്ലേഷിയായ മൂല്യങ്ങളുമായി ബന്ധപ്പെട്ട് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന പ്രായോഗിക രൂപങ്ങളില്‍ ഊന്നിനിന്നുകൊണ്ട്, മുസ്‌ലിംകള്‍ അവരുടെ മതം ഉറക്കെപ്പറയാന്‍ ആവശ്യപ്പെടുന്ന വിഷയങ്ങള്‍ ഉറക്കെപ്പറയുന്നിടത്ത്, അവരെ സംശയിക്കപ്പെടുകയില്ല എന്നതാണ്. ‘ഞങ്ങള്‍ വലിയ മത സഹിഷ്ണുതയുടെയും മത സൗഹാര്‍ദ്ദത്തിന്റെയും ആളുകളാണെന്ന്’ വരുത്തിത്തീര്‍ക്കുന്നതിനുവേണ്ടി സര്‍വമത സത്യവാദത്തിലെത്തുന്ന തരത്തിലുള്ള ആശയങ്ങളെ പൊതു സമൂഹത്തിന് മുന്നില്‍ ഏറ്റുപറയുകയോ, പരലോകാവസ്ഥകളെ ഇസ്‌ലാം മത വിശ്വാസികളുമായി ബന്ധിപ്പിച്ചുകൊണ്ട് ഇസ്‌ലാമിന്റെ വേദവും പ്രവാചകാധ്യാപനങ്ങളും പഠിപ്പിച്ചിട്ടുള്ള പാഠങ്ങളെ അവഗണിക്കയോ, തിരസ്‌കരിക്കയോ ഒന്നും ചെയ്യേണ്ടതില്ല സമകാലിക മുസ്‌ലിംകള്‍. ‘അള്‍ട്രാസെക്യുലര്‍ മതിഭ്രമം’ ബാധിച്ചവരും ഇസ്‌ലാമിന്റെ വിശ്വാസ സമീപനങ്ങളുടെ അന്തസ്സത്തയെക്കുറിച്ച് സംശയാസ്പദ നിലപാടുകള്‍ പുലര്‍ത്തുന്നവരും മുസ്‌ലിംകളുടെ മത സഹിഷ്ണുതക്ക് തൂക്കം നിര്‍ണയിക്കാന്‍ ഉയര്‍ത്തിക്കാട്ടുന്ന മാനദണ്ഡങ്ങളെ യഥാര്‍ത്ഥ വിശ്വാസി സമൂഹം ഏറ്റെടുക്കേണ്ടതില്ല. ബഹുമത ബഹുസ്വര സമൂഹത്തില്‍ യഥാര്‍ത്ഥ മുസ്‌ലിമായി ജീവിച്ചുകൊണ്ട് തന്നെ മത സഹിഷ്ണുതയുടെയും അര്‍ത്ഥവത്തായ പാരസ്പര്യത്തിന്റെയും മികച്ച മാതൃകകളായിത്തീരാന്‍ ആശയ-ആത്മീയ ശേഷികള്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാം നേരത്തെ തന്നെ നില്‍കിയിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: