X

സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനെതിരെ ഡിവൈഎഫ്‌ഐയുടെ പരാതി

കണ്ണൂര്‍: സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും എംപിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ ഡിവൈഎഫ്‌ഐയുടെ പരാതി. പയ്യന്നൂര്‍ സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജീവ് ശങ്കര്‍ ചെയ്ത ട്വീറ്റാണ് പരാതിക്ക് കാരണമായിരിക്കുന്നത്. ഈ ട്വീറ്റ് വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സനോജാണ് എസ്പിക്ക് പരാതി നല്‍കിയത്.

വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കുമ്മനം രാജശേഖരനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് എന്‍ഡിഎ നേതാവായ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

അതേസമയത്ത് തന്നെ രാജീവ് ചന്ദ്രശേഖര്‍ എംപി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു: സംസ്‌കരണ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പേ ആസ്പത്രിയും കൊലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ ജഡം വഹിച്ചു കൊണ്ടുപോയിരുന്ന ആംബുലന്‍സും മാര്‍കിസ്റ്റുകാര്‍ ആക്രമിച്ചു. പൊലീസ് നിസ്സഹായരായി നോക്കിനില്‍ക്കുന്നു”.
തികച്ചും അസത്യമായ ആരോപണം രാഷ്ട്രീയ താല്‍പര്യത്താല്‍ നല്‍കിയതാണെന്നാണ് സനോജ് പരാതിയില്‍ പറയുന്നത്. സിപിഐഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ വേണ്ടി ട്വിറ്ററില്‍ വിദ്വേഷപരമായ പ്രസ്താവന നടത്തിയ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തലവനെതിരെ 153എ അടക്കമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

chandrika: