X

അഫ്ഗാനില്‍ തീവ്രവാദി ആക്രമണം; അമ്പതോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അമ്പതോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സരെ പുല്‍ പ്രവിശ്യയിലെ മിര്‍സാവാലാങ് പ്രദേശത്ത് ശിയാ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ വെടിവെച്ചു കൊല്ലുകയായിരുന്നു. കിരാതവും മനുഷ്യത്വരഹിതവുമായ രീതിയിലായിരുന്നു ആക്രമണമെന്ന് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. ഏഴ് അഫ്ഗാന്‍ സൈനികരും നിരവധി ഭീകരരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
താലിബാനും ഐ.എസും സംയുക്തമായാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. വിദേശ പോരാളികളും ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാന്‍ സാധാരണക്കാരെ കൊല്ലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. അഫ്ഗാന്‍ സൈനികരെ സഹായിക്കുന്ന സര്‍ക്കാര്‍ അനുകൂല മിലിഷ്യയില്‍പെട്ട 28 പേരാണ് കൊല്ലപ്പെട്ടതെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. ആക്രമണത്തെ പ്രസിഡന്റ് അഷ്‌റഫ് ഗനി അപലപിച്ചു. യുദ്ധകുറ്റകൃത്യവും മനുഷ്യാവകാശ ലംഘനവുമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
സമീപ കാലത്ത് അഫ്ഗാനിസ്താനില്‍ അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ആറുമാസത്തിനിടെ 1662 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു.എന്‍ കണക്ക്.
മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി രാജ്യത്ത് താലിബാന്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. അഫ്ഗാന്‍ വിഷയത്തില്‍ ഉറച്ച നിലപാടിലെത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇതുവരെയും സാധിച്ചിട്ടില്ല.
അഫ്ഗാനിലേക്ക് കൂടുതല്‍ സൈനികരെ അയക്കണമെന്ന് പ്രതിരോധ വിഭാഗം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ പിന്മാറ്റത്തെക്കുറിച്ചാണ് ട്രംപ് ആലോചിക്കുന്നത്.

chandrika: