X

ഡബിള്‍ സെഞ്ച്വറിയുമായി അസ്ഹര്‍ അലി, സ്വന്തമാക്കിയത് ഒരുപിടി നേട്ടങ്ങള്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി നേടിയ പാക് ഓപണര്‍ അസ്ഹര്‍ അലി സ്വന്തം പേരിലെഴുതിയത് ഒരുപിടി റെക്കോര്‍ഡുകള്‍. പുറത്താകാതെ 205 റണ്‍സാണ് അസ്ഹര്‍ അലി നേടിയത്. 364 പന്തില്‍ നിന്ന് 20 ഫോറുകളുടെ അകമ്പടിയോടെയാണ് അസ്ഹര്‍ ഈ വര്‍ഷത്തെ രണ്ടാം ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കുന്നത്. ഒരു വര്‍ഷത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ പാക് താരമെന്ന നേട്ടം അസ്ഹര്‍ സ്വന്തം പേരിലാക്കി.

ഓസ്‌ട്രേലിയയില്‍ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ പാക് താരം എന്ന നേട്ടവും അസ്ഹര്‍ സ്വന്തം പേരിലെഴുതി. ഇതുവരെ ഒരു പാക് താരത്തിന് കംഗാരുമണ്ണില്‍ ഡബിള്‍ സെഞ്ച്വറി നേടാനായിട്ടില്ല. മാത്രമല്ല മെല്‍ബണില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ വിദേശ താരമെന്ന നേട്ടവും അസ്ഹറിന്റെ പേരിലായി. വിദേശ കളിക്കാരില്‍ ഇന്ത്യയുടെ വീരേന്ദര്‍ സെവാഗിന്റെ പേരിലായിരുന്നു മെല്‍ബണില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 2003-04ല്‍ 195 റണ്‍സാണ് സെവാഗ് നേടിയത്.

ഈ വര്‍ഷം തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരെ അസ്ഹര്‍ ത്രിബ്ള്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. 56ാം ടെസ്റ്റാണ് അസ്ഹര്‍ കളിക്കുന്നത്. അസ്ഹറിന്റെ ഡബിള്‍ സെഞ്ച്വറിയുടെ ബലത്തില്‍ പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സ് 443-9ന് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെന്ന നിലയിലാണ്. ഡേവിഡ് വാര്‍ണറിന്റെ മിന്നും സെഞ്ച്വറിയാണ്(144) ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ ഹൈലൈറ്റ്.

chandrika: