X

ബാബുരാജിനെ വെട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍; താരത്തിന്റെ തട്ടിപ്പുകള്‍ തുറന്നുകാട്ടി നാട്ടുകാരും

ഇടുക്കി: നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതേസമയം ബാബുരാജിന്റെയും സംഘത്തിന്റെയും ഗുണ്ടായിസത്തിനും ഭീഷണിക്കുമൊടുവിലാണ് അക്രമമുണ്ടായതെന്ന് സൂചന ലഭിച്ചു. താരപരിവേഷത്തിന്റെ മറവില്‍ ബാബുരാജ് നിരവധി തട്ടിപ്പുകള്‍ നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.ചൊവ്വാഴ്ച ഉച്ചയോടെ അടിമാലി ഇരുട്ടുകാനത്തെ സ്വന്തം റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള സ്ഥലത്തുവച്ചാണ് ബാബുരാജിന് വെട്ടേറ്റത്. ഇടതു നെഞ്ചിനു വാക്കത്തികൊണ്ടുള്ള വെട്ടേറ്റ നടന്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ ഉടമയായ തറമുട്ടം സണ്ണി(54), ഭാര്യ ലിസി(50) എന്നിവരാണ് അറസ്റ്റിലായത്.

നേരത്തെയുണ്ടായ ഒരു അപകടത്തില്‍ ഒരു കണ്ണിനും കാതിനും ശേഷി നഷ്ടപ്പെട്ടയാളാണ് സണ്ണി. സണ്ണിയുടെ ഭൂമിയില്‍നിന്നും 10 സെന്റ് സ്ഥലം ബാബുരാജ് വാങ്ങുകയും ഇവിടെ കുളം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഈ കുളം വറ്റിക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കളം വറ്റിച്ചാല്‍ തന്റെ കിണറിലെ വെള്ളവും വറ്റുമെന്നും അതിനാല്‍ വേനല്‍ കഴിഞ്ഞശേഷമേ വറ്റിക്കാവൂവെന്ന് സണ്ണി പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ ബാബുരാജ് പൊലിസില്‍ പരാതി നല്‍കി.

സണ്ണി

പൊലിസ് എത്തി താല്‍കാലികമായി പണി നിര്‍ത്തിവയ്ക്കാനും ബുധനാഴ്ച ചര്‍ച്ച ചെയ്തശേഷം പ്രശ്‌നം പരിഹരിക്കാമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അക്രമത്തിലെത്തുകയുമായിരുന്നു. ആദ്യം തര്‍ക്കമുണ്ടായശേഷം വീട്ടിലേക്കുപോയ സണ്ണിയും ഭാര്യയും വാക്കത്തിയുമായാണ് മടങ്ങിയെത്തിയതെന്നാണ് ബാബുരാജ് പറയുന്നത്. ലിസി മുണ്ടിനുള്ളില്‍ വാക്കത്തി ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നത്രേ. വെട്ടാന്‍ ഭര്‍ത്താവിനോട് ലിസി പറഞ്ഞുവെന്ന മൊഴിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെയും കേസെടുത്തത്.

സംഭവത്തിനുശേഷം ഒളിവില്‍ പോയ സണ്ണി രാവിലെ കീഴടങ്ങാന്‍ പൊലിസ് സ്‌റ്റേഷനിലേക്ക് വരും വഴിയാണ് അറസ്റ്റിലായത്ബാബുരാജും സണ്ണിയും നേരത്തെ സുഹൃത്തുക്കളായിരുന്നെങ്കിലും സ്ഥലക്കച്ചവടത്തെ തുടര്‍ന്ന് ഇരുവരും തെറ്റിപ്പിരിഞ്ഞിരുന്നു. തന്റെ ഭൂമി വാങ്ങിയ വകയില്‍ 10 ലക്ഷം രൂപ തനിക്ക് ലഭിക്കാനുണ്ടെന്നു കാട്ടി സണ്ണി അടിമാലി സി. ഐക്ക് പരാതി നല്‍കിയിരുന്നു.

തന്നെ ഉപദ്രവിക്കാന്‍ സണ്ണി ശ്രമിക്കുകയാണെന്നു കാട്ടി ബാബുരാജും പരാതി നല്‍കിയിരുന്നു.ബാബുരാജിനെതിനെതിരെ നിരവധി പരാതികളാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്. കാര്യസാധ്യങ്ങള്‍ക്ക് താരപദവിയും ഗുണ്ടായിസവും ഉപയോഗിക്കുന്നവെന്നതാണ് മുഖ്യം. ബാബുരാജിനെതിരെ യാതൊരു നിയമനടപടിക്കും പൊലിസും ഒരുക്കമല്ല. ഷൂട്ടിങ്ങിനെത്തുമ്പോള്‍ പലയിടത്തുനിന്നും സാധനങ്ങളും മറ്റും വാങ്ങിയശേഷം പണം കൊടുക്കാതെ സ്ഥലം വിടന്നതും പതിവാണ്. തനിക്ക് പണം നല്‍കാനുണ്ടെന്ന സണ്ണിയുടെ പരാതിയില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

വട്ടവടയില്‍ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ ബാബുരാജ് നിരവധി പേരെ പണം നല്‍കാതെ കബളിപ്പിച്ചതായി പരാതി നിലവിലുണ്ട്. നടനും സംഘവും ഭക്ഷണം കഴിച്ചയിനത്തില്‍ 34000 രൂപ ചെറുകിട ഹോട്ടലുടമയ്ക്ക് നല്‍കാതെയാണ് സ്ഥലം വിട്ടതെന്നു പറയുന്നു. അഞ്ചു ജീപ്പുകള്‍ ഷൂട്ടിങ് ദിവസങ്ങളില്‍ ഓടിയ വകയിലുള്ള പണവും നല്‍കിയില്ല.

സ്ഥലത്തുനിന്നു പോകുമ്പോള്‍ 2000 രൂപയുടെ പച്ചക്കറി വാങ്ങിയ താരം പണം പിന്നീടെത്തിക്കാമെന്നു പറഞ്ഞു കബളിപ്പിച്ചുവെന്നുമുള്‍പ്പെടെ നിരവധി പരാതികളാണ് ബാബുരാജിനെതിരെ നാട്ടുകാര്‍ക്ക് പറയാനുള്ളത്.ബാബുരാജിനൊപ്പമെത്തുന്ന സംഘങ്ങള്‍ പലപ്പോഴും റിസോര്‍ട്ടിന് പുറത്ത് അഴിഞ്ഞാടാറുണ്ടെന്നും എതിര്‍ക്കുന്നവരെ കായികമായി നേരിടുന്നതായും ആക്ഷേപമുണ്ട്. ബാബുരാജിനെ വെട്ടിയ സണ്ണിയെ നടന്‍ നിരന്തരമായി ഭീഷണിപ്പെടുത്താറുണ്ടെന്നും ഗത്യന്തരമില്ലാതെയാണ് ആക്രമിച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സണ്ണിയേയും ഭാര്യയേയും അടിമാലി കോടതിയില്‍ ഹാജരാക്കി.

chandrika: