X

ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. ഓജസ്സുറ്റ ആ മുഖവും രാജകീയപ്രൗഡിയും ശബ്ദഗാംഭീര്യവും ഒരിക്കലും മറക്കാനാവില്ല. ഓരോ പ്രതിസന്ധിയുണ്ടാവുമ്പോഴും ഉത്തരത്തിനായി കേരളം ഉറ്റുനോക്കിയിരുന്നത് ബാഫഖി തങ്ങളെയായിരുന്നു, അദ്ദേഹത്തിന്റ തീര്‍പ്പ് എല്ലാവര്‍ക്കും സ്വീകാര്യവുമായിരുന്നു. ഇന്ത്യാ വിഭജനത്തിന് ശേഷമുണ്ടായ പൊലീസ് നടപടികളെ ഭയന്ന് പ്രമുഖ നേതാക്കളെല്ലാം മുസ്‌ലിംലീഗിനെ കയ്യൊഴിഞ്ഞപ്പോള്‍ എല്ലാ ഭവിഷ്യത്തുകളേയും നേരിടാന്‍ തയ്യാറായിക്കൊണ്ട് പച്ചക്കൊടിയുമേന്തി മുസ്‌ലിംലീഗിന്റെ മുന്‍നിരയില്‍ പാറപോലെ ഉറച്ച്‌നിന്ന് അണികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന നേതാവാണ് ബാഫഖിതങ്ങള്‍. സര്‍ക്കാര്‍ അദ്ദേഹത്തെയും വേട്ടയാടി അവര്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചു.
മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ പ്രസിഡണ്ട് എന്ന നിലക്ക് ബാഫഖി തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി 1952 ല്‍ മദിരാശി അസംബ്ലിയിലേക്കുള്ള തെരെഞ്ഞെടുപ്പായിരുന്നു. ആ തെരെഞ്ഞെടുപ്പില്‍ അസംബ്ലിയിലേക്ക് അഞ്ച് പേരെയും പാര്‍ലമെന്റിലേക്ക് ബി. പോക്കര്‍ സാഹിബിനെയും വിജയിപ്പിച്ച് ബാഫഖി തങ്ങള്‍ തന്റെ നേതൃപാടവം തെളിയിച്ചു. 1952 ഒക്‌ടോബര്‍ മാസത്തില്‍ വടകരക്കടുത്ത പയ്യോളിയില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമുണ്ടായപ്പോള്‍ തല്‍സമയം അവിടെ പാഞ്ഞെത്തി ഉച്ചഭാഷിണി ഘടിപ്പിച്ച ജീപ്പില്‍ പയ്യോളിലെ ഗ്രാമങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളെ ശാന്തരാക്കുകയും ക്രമസമാധാനം പുനസ്ഥാപിക്കുകയും ചെയ്ത ബാഫഖി തങ്ങളുടെ ശ്രമകരമായ പ്രവര്‍ത്തനം ഗവണ്‍മെന്റ് പോലും പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. 1954 മാര്‍ച്ച് മാസത്തില്‍ കോഴിക്കോട്ടിനടുത്ത് നടുവട്ടം പള്ളിയുടെ മുമ്പില്‍ സംഘര്‍ഷമുണ്ടാവുകയും പൊലീസ് വെടിവെപ്പ് നടത്തുകയും ചെയ്ത സംഭവത്തില്‍ ബാഫഖി തങ്ങള്‍ ജനക്കൂട്ടത്തിന്റെ മധ്യത്തില്‍ പാഞ്ഞെത്തി സംഘര്‍ഷം പടരാതെ സമാധാനം പുന:സ്ഥാപിക്കുകയും ചെയ്ത സംഭവവും തങ്ങളെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ സന്ദേശ വാഹകന്‍ എന്ന പദവിയിലേക്കുയര്‍ത്തി. മണത്തല, അങ്ങാടിപ്പുറം പ്രദേശങ്ങളിലും സാമുദായിക സംഘര്‍ഷത്തിന്റെ സൂചന കണ്ടപ്പോള്‍തന്നെ അവിടങ്ങളിലെല്ലാം ഓടിയെത്തി ശാന്തിയും സമാധാനവും കൈവരിച്ചത് ബാഫഖി തങ്ങളുടെ പരിശ്രമഫലമായിരുന്നു.
ഐക്യ കേരളത്തിന്റെ രൂപീകരണത്തിന് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച നേതാവ് കൂടിയായിരുന്നു ബാഫഖി തങ്ങള്‍. 1957 ല്‍ പി.എസ്.പിയും മുസ്‌ലിംലീഗും തമ്മില്‍ രാഷ്ട്രീയ സംഖ്യമുണ്ടാക്കിയപ്പോള്‍ ആ സംഖ്യത്തിന്റെ ശില്‍പ്പിയും ബാഫഖി തങ്ങളായിരുന്നു. ഡോക്ടര്‍ കെ.ബി മേനോന്‍, അരങ്ങില്‍ ശ്രീധരന്‍ മുതലായ നേതാക്കളോടൊപ്പം രാപ്പകല്‍ കഠിനാധ്വാനം ചെയ്താണ് ബാഫഖി തങ്ങള്‍ ആ സഖ്യത്തിന് അടിത്തറ പാകിയത്. മുസ്‌ലിംലീഗിന് ദേശീയതലത്തില്‍ അംഗീകാരം ലഭിക്കാന്‍ സഖ്യത്തിന് കഴിഞ്ഞപ്പോള്‍ ബാഫഖി തങ്ങളിലുള്ള രാജ്യതന്ത്രജ്ഞന്‍ മറനീക്കി പുറത്ത് വരികയായിരുന്നു. ഈ സഖ്യത്തില്‍ മല്‍സരിച്ചപ്പോള്‍ മുസ്‌ലിംലീഗിന് അസംബ്ലിയിലെ അംഗബലം എട്ട് ആക്കി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരായി കേരള ജനത നടത്തിയ ഐതിഹാസികമായ വിമോചന സമരത്തിലും ബാഫഖി തങ്ങള്‍ മുന്നിലുണ്ടായിരുന്നു. കോട്ടയത്ത് വിമോചന സമരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത ബാഫഖി തങ്ങളെ മന്ദത്ത് പത്മനാഭന്‍ സ്വാഗതം ചെയ്തത്. ‘മുസ്‌ലിമീങ്ങളുടെ മഹാരാജാവിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു’ എന്ന് പറഞ്ഞ്‌കൊണ്ടാണ് ‘പട്ടം-ചാക്കോ-മന്ദം-ശങ്കര്‍-ബാഫഖി തങ്ങള്‍ സിന്ദാബാദ്’ എന്ന മദ്രാവാക്യമാണ് അന്ന് കേരളമാകെ മുഴങ്ങിയത്. 1967ല്‍ പരസ്പരം പോരടിച്ച് നിന്ന ഏഴ് കക്ഷികളെ ഒരുചരടില്‍ കോര്‍ത്തിണക്കി സപ്തകക്ഷി മുന്നണിക്ക് രൂപം നല്‍കിയതും ബാഫഖി തങ്ങളുടെ തന്ത്രപരമായ പ്രവര്‍ത്തനത്തിലൂടെയാണ്. ആ മുന്നണിയിലൂടെ മുസ്‌ലിംലീഗിന് രണ്ട് മന്ത്രിമാരെ ലഭിച്ചു. അധികാരം മുസ്‌ലിംലീഗിന് അപ്രാപ്യമല്ല എന്ന് ബാഫഖി തങ്ങള്‍ തെളിയിച്ചു. സപ്തകക്ഷി ഭരണം ജനദ്രോഹ ഭരണമായി അധപതിച്ചപ്പോള്‍ ആ ഭരണത്തെവലിച്ച് താഴെയിട്ടതും ബാഫഖി തങ്ങള്‍ തന്നെ. ഒരു ബദല്‍ ഗവണ്‍മെന്റിന് സാധ്യതയില്ലാതെ 1967 ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ ശൂന്യതയില്‍ നിന്ന് അത്ഭുതംപോലെ സി. അച്ചുതമേനോനെ ഡല്‍ഹിയില്‍ നിന്ന് അടയന്തിരമായി വിളിച്ച് വരുത്തി മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവരോധിച്ച സംഭവം ബാഫഖി തങ്ങളുടെ കുശാഗ്രബുദ്ധിക്ക് ഉദാഹരണമായി രാഷ്ട്രീയ നിരീക്ഷകന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ മുഖമാകെമാറ്റിയ വിപ്ലവകരമായ നിയമ നിര്‍മ്മാണങ്ങള്‍ കെട്ടഴിച്ച് വിട്ടത് അച്ചുതമേനോന്റെ ഗവണ്‍മെന്റാണ്. ജന്മിത്തം പൂര്‍ണ്ണമായും അവസാനിച്ചു. 25 ലക്ഷം കൃഷിക്കാര്‍ ജന്മിത്തത്തില്‍നിന്ന് മോചിതരായി. 5 ലക്ഷം കുടിയിടപ്പുകാര്‍ക്ക് ഭൂമിയില്‍ അവകാശം ലഭിച്ചു.15 ലക്ഷം ഏക്ര വരുന്ന വനഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്നും പിടിച്ചെടുത്ത് കേരളത്തിന്റെ പൊതുസ്വത്താക്കി. കാലക്കറ്റ് സര്‍വകലാശാല രൂപീകരിച്ച് മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കവസ്ഥ അവസാനിപ്പിച്ചു. അറബി അധ്യാപകരോടുള്ള വിവേചനം അവസാനിപ്പിച്ചു. ഈ നടപടികള്‍ക്കെല്ലാം ബാഫഖി തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. നമ്മുടെ രാജ്യം അനുദിനം അപകടകരമായ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്ന ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ത്ത്‌പോകുന്നു. ‘ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍’ എന്ന്. (മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്)

chandrika: