X
    Categories: Culture

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉപാധികളോടെ മൂന്നു മാസം കൂടി നീട്ടി. ബാങ്കിങ് അടക്കം 139 സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടാന്‍ തീരുമാനിച്ചതായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം നാളെ പുറത്തിറങ്ങും.

നിലവില്‍ ആധാര്‍ എടുക്കാത്തവര്‍ക്കാണ് മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കിയിരിക്കുന്നത്. അതേസമയം, ആധാര്‍ ഉള്ളവര്‍ ഡിസംബര്‍ 31-നു മുമ്പു തന്നെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും.

അതേസമയം, മൊബൈല്‍ നമ്പറുകള്‍ ഫെബ്രുവരി ആറിനു മുമ്പ് ആധാറുമായി ബന്ധിപ്പിക്കണമെന്ന മുന്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് അറ്റോണി ജനറല്‍ വ്യക്തമാക്കി.

അതിനിടെ, ആധാറിനെതിരെ വിവിധ വ്യക്തികളും സംഘടനകളും നല്‍കിയ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അംഗമായ അഞ്ചം ബെഞ്ച് നാളെ വാദം കേള്‍ക്കും. ബാങ്ക്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം പൗരന്റെ സ്വകാര്യതക്കു മേലുള്ള കടന്നുകയറ്റവും മൗലികാവകാശ ലംഘനവുമാണെനന്നാണ് പരാതിക്കാരുടെ വാദം. ബയോമെട്രിക് വിവരങ്ങള്‍ അടങ്ങുന്ന ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: