X

മേഖലയിലെ ഏറ്റവും വലിയ ബാങ്കാവാന്‍ എന്‍.ബി.എ.ഡിയും ഫസ്റ്റ് ഗള്‍ഫ് ബാങ്കും

അബുദാബി: മേഖലയിലെ ഏറ്റവും വലിയ ബാങ്കായി മാറാന്‍ നാഷണല്‍ ബാങ്ക് ഓഫ് അബുദാബി (എന്‍.ബി.എ.ഡി)യും ഫസ്റ്റ് ഗള്‍ഫ് ബാങ്കും (എഫ്.ജി.ബി) തയ്യാറെടുക്കുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കകം ഇരുബാങ്കുകളും ലയിച്ചു ഒന്നാകുന്നതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2017 ആദ്യപാതത്തില്‍ ലയനം പൂര്‍ത്തിയാകുമെന്നാണ് ഇതുസംബന്ധിച്ച അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ മിഡില്‍ ഈസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും (മെന മേഖല) ഏറ്റവും വലിയ ബാങ്ക് എന്ന ഖ്യാതി ഇവര്‍ക്ക് സ്വന്തമാകും.
ലയനത്തോടെ ബാങ്കിന്റെ ആസ്തി 642ബില്യന്‍ ദിര്‍ഹമി(175ബില്യന്‍ അമേരിക്കന്‍ ഡോളര്‍) ആയി മാറും. 19രാജ്യങ്ങളില്‍ ബാങ്കിന് സാന്നിധ്യമുണ്ടാകും.

ഇരുബാങ്കുകളുടെയും നാല് പേര്‍ വീതമുള്ള ഡയറക്ടര്‍ ബോര്‍ഡാണ് പരമാധികാര സമിതിയായി പ്രവര്‍ത്തിക്കുക. ഫസ്റ്റ് ഗള്‍ഫ് ബാങ്കിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തന്നെയായിരിക്കും പുതിയ ഡയറക്ടര്‍ ബോര്‍ഡിന്റെയും ചെയര്‍മാനായി പ്രവര്‍ത്തിക്കുക. നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയുടെ ചെയര്‍മാന്‍ നാസ്സര്‍ അഹമദ് അല്‍ സുവൈദി വൈസ് ചെയര്‍മാനായി മാറും. നിലവില്‍ ഫസ്റ്റ് ഗള്‍ഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറായ അബ്ദുല്‍ ഹുമൈദ് സഈദ് ലയനാനന്തരം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലേക്ക് മാറും.

 
പ്രമുഖ രണ്ടുബാങ്കുകളുടെ ലയനം സാമ്പത്തിക വിനിമയ രംഗത്ത് വന്‍മുന്നേറ്റത്തിന് സഹായകമാകുമെന്ന് നാഷണല്‍ ബാങ്ക് ഓഫ് അബുദാബി ചെയര്‍മാന്‍ നാസ്സര്‍ അഹമദ് അല്‍ സുവൈദി വ്യക്തമാക്കി. അന്താരാഷ്ട്ര ബാങ്കിംഗ് മേഖലയിലേക്ക് ശ്രദ്ധേയമായ കാല്‍വെപ്പാണ് ഇതോടെ കൈവരുന്നതെന്ന് ഫസ്റ്റ് ഗള്‍ഫ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഹുമൈദ് സഈദ് അഭിപ്രായപ്പെട്ടു. യു.എ.ഇയില്‍ ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് ഏറെ മുന്നിട്ടു നില്‍ക്കുന്ന ഫസ്റ്റ് ഗള്‍ഫ് ബാങ്ക് ദേശീയ ഭവനവായ്പാ രംഗത്തെ പ്രമുഖ ബാങ്കായാണ് അറിയപ്പെടുന്നത്. നാഷണല്‍ ബാങ്ക് ഓഫ് അബുദാബി ബാങ്കിംഗ് മൊത്തവാണിജ്യരംഗത്തെ പ്രഗത്ഭ സ്ഥാപനമാണ്. ഇരുബാങ്കുകളുടെയും ഏകോപനം ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമവും സൗകര്യപ്രദവുമായി മാറുമെന്നാണ് കരുതുന്നത്.

chandrika: