X

ബെന്‍ സ്റ്റോക്കിനായി ഐ.പി.എല്‍ ടീമുകള്‍ തമ്മില്‍ പിടിവലി

മുംബൈ: ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്കിനായി ഐ.പി.എല്‍ ടീമുകള്‍ തമ്മില്‍ പിടിവലി. 2017ലെ ഐ.പി.എല്‍ ലേലം ശനിയാഴ്ചയാണ് നടക്കുക. പൊന്നും വിലയാണ് സ്റ്റോക്കിനായി ടീമുകള്‍ കരുതിവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്, ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സ്, ധോണിയുടെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളാണ് പ്രധാനമായും രംഗത്തുള്ളത്.

വിന്‍ഡീസ് താരം ആന്‍ഡ്രെ റസലിന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത് കൊല്‍ക്കത്തക്ക് തിരിച്ചടിയാണ്. റസലിന്റെ ഒഴിവിലേക്ക് സ്റ്റോക്കിനെയാണ് കൊല്‍ക്കത്തന്‍ ക്യാമ്പ് കാണുന്നത്. കഴിഞ്ഞ സീസണില്‍ അവസാനക്കാരായി ഫിനിഷ് ചെയ്ത ധോണിക്കും കൂറ്റനടിക്കാരനായ സ്റ്റോക്കിനെ ആവശ്യമാണ്. അടുത്തിടെ സമാപിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന-ടി20 പരമ്പരയിലെ പ്രകടനമാണ് സ്റ്റോക്കിനെ മിന്നും താരമാക്കുന്നത്. പന്ത് കൊണ്ടും അതിലേറെ
ബാറ്റുകൊണ്ടും സ്റ്റോക്കിന് ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങാനാവുമെന്ന് തെളിയിച്ചുകഴിഞ്ഞു.

യുവരാജും സ്റ്റോക്കിന്റെ ഹിറ്റിങ് പവറിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഐ.പി.എല്‍ നടക്കുന്ന സമയത്ത് ഇംഗ്ലണ്ടിന് മത്സരമുള്ളതിനാല്‍ എത്രകണ്ട് സ്‌റ്റോക്കിനെ ഉപയോഗപ്പെടുത്താനാവും എന്നതാണ് ഐ.പി.എല്‍ ടീമുകളെ കുഴക്കുന്നത്. നിലവില്‍ സ്റ്റോക്ക് ഇംഗ്ലണ്ടിന്റെ ടെസ്റ്റ്, ഏകദിന ടി20ടീമില്‍ അംഗമാണ്. ഇംഗ്ലണ്ടില്‍ നിന്ന് തന്നെയുള്ള ജാസണ്‍ റോയ്, ജോ റൂട്ട്, ടൈമല്‍ മില്‍സ് എന്നിവരും ഐ.പി.എല്‍ ലേലത്തില്‍ താരങ്ങളാകും.

chandrika: