X

ബിഹാറില്‍ ബി.ജെ.പിക്ക് ജെ.ഡി.യു ക്ഷണം; കോണ്‍ഗ്രസിന് അനിഷ്ടം

പട്‌ന: ബിഹാറില്‍ മകര സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി ഭരണകക്ഷിയായ ജെഡിയു നടത്തുന്ന പാര്‍ട്ടിയില്‍ ബിജെപി നേതാക്കളെ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് നടത്തുന്ന വിരുന്നിനാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കൂടി ക്ഷണിച്ചിട്ടുള്ളത്. ബി.ജെ.പിയെ കൂടാതെ ഇടതുപാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്. സാധാരണ ഗതിയില്‍ ജനതാദള്‍ യുണൈറ്റഡ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിനു കീഴിലുള്ള പാര്‍ട്ടികളെ മാത്രമേ വിരുന്നിന് ക്ഷണിക്കാറുള്ളു.

നോട്ടു നിരോധനത്തിന് ശേഷം ബി.ജെ.പിയുമായി നിതീഷ് കുമാര്‍ പുലര്‍ത്തുന്ന ബന്ധമാണ് പെട്ടെന്നുള്ള ബിജെപി ക്ഷണത്തിനും പ്രീണനത്തിനും പിന്നിലെന്നാണ് വിമര്‍ശം. എന്തിനാണ് ബിജെപി നേതാക്കളെ ക്ഷണിച്ചതെന്ന് കൂട്ടുമന്ത്രിസഭയിലെ ഇളയ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ചോദ്യം ഉന്നയിക്കുകയും ചെയ്തു. ഇതവര്‍ക്കു മാത്രമേ അറിയൂ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അശോക് ചൗധരിയുടെ പ്രതികരണം. ആഘോഷച്ചടങ്ങുകള്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് പതിറ്റാണ്ട് നീളുന്ന ജെഡി-യുബിജെപി ബന്ധം 2013ലാണ് തകര്‍ന്നത്.

പിന്നാലെ ബിജെപിയെ തോല്‍പ്പിക്കാന്‍ നിതീഷ് കുമാര്‍ തന്നെയാണ് നേതൃത്വം നല്‍കിയത്്. ആര്‍.ജെ.ഡിയെയും കോണ്‍ഗ്രസിയെയും ഒന്നിച്ചു നിര്‍ത്തിയാണ് ജെ.ഡി.യു ഭരണം നിലനിര്‍ത്തിയത്. ജെഡിയു നേതാവ് വസിഷ്ട് നാരായണ്‍ സിങിന്റെ വീട്ടിലാണ് ജെഡിയു വിരുന്ന് നടക്കുന്നത്. പങ്കെടുക്കുമെന്ന് ബിജെപി നേതാക്കളും അറിയിച്ചിട്ടുണ്ട്. ആഘോഷത്തില്‍ ഒരാളേയും ഒഴിച്ചു നിര്‍ത്തേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടിയുടേതെന്നാണ് ജെഡിയു നേതാക്കളുടെ പ്രതികരണം.
ബിഹാറില്‍ മോദിയുമായി ഒന്നിച്ച് കഴിഞ്ഞ ദിവസം വേദി പങ്കിട്ട മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. തിരിച്ച് മോദിയും നിതീഷ് കുമാറിന്റെ മദ്യനിരോധന നയത്തെ വാനോളം പുകഴ്ത്തി. നോട്ട് അസാധാവാക്കലിനെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് നിന്നപ്പോള്‍ വിട്ടുനിന്ന് നരേന്ദ്രമോദിയെ അനുകൂലിച്ച പ്രമുഖ പ്രതിപക്ഷ നേതാവ് നിതീഷായിരുന്നു.

chandrika: