X

വിശാല സഖ്യം തകര്‍ക്കാന്‍ ബി.ജെ.പിക്കാവില്ലെന്ന് ജെ.ഡി.യു

 

പറ്റ്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ പിന്തുണച്ച് ആര്‍.ജെ.ഡി രംഗത്ത്. അഴിമതി ആരോപണത്തില്‍ പാര്‍ട്ടി തലവന്‍ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി പദം രാജിവെക്കില്ലെന്ന് ആര്‍.ജെ.ഡി എം.എല്‍.എമാരുടെ യോഗത്തിനു ശേഷം പാര്‍ട്ടി വ്യക്തമാക്കി. ആര്‍.ജെ.ഡിയുടെ തീരുമാനം വന്നതിനു പിന്നാലെ വിശാല സഖ്യം തകര്‍ക്കാന്‍ ബി.ജെ.പിക്കാവില്ലെന്ന പ്രസ്താവനയുമായി ജെ.ഡി.യുവും രംഗത്തെത്തി. ലാലുവിനും കുടുംബത്തിനുമെതിരായ നിലവിലെ വിവാദങ്ങള്‍ സംസ്ഥാനത്തെ വിശാല സഖ്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്നതാണെന്ന് ജെ.ഡി.യു പ്രസിഡന്റ് ശരത് യാദവ് പറഞ്ഞു. ഹോട്ടലുകള്‍ക്ക് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് ലാലുവിന്റെ കുടുംബത്തിനെതിരെ സി.ബി.ഐ അന്വേഷണം വന്നതിനു ശേഷം ചേര്‍ന്ന ആര്‍.ജെ.ഡി എം.എല്‍.എമാരുടെ ആദ്യ യോഗം ഉപമുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുകയും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്ന് ഐകകണ്‌ഠ്യേന അറിയിക്കുകയും ചെയ്തു. തേജസ്വി പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി സമ്പൂര്‍ണ വിശ്വാസം രേഖപ്പെടുത്തിയതായും പാര്‍ട്ടി വക്താവ് അറിയിച്ചു. ബി.ജെ.പി സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവും സംസ്ഥാന ധനമന്ത്രിയുമായ അബ്ദുല്‍ ബാരി സിദ്ദീഖി പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ലാലു പ്രസാദുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാറിന് നിലവില്‍ യാതൊരു ഭീഷണിയുമില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുമായും ലാലു സംസാരിച്ചതായി ആര്‍.ജെ.ഡി എം.പി ജഗതാനന്ദ് സിങ് പറഞ്ഞു. ലാലുവിന്റേയും കുടുംബാംഗങ്ങളുടേയും വീടുകളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയ സി.ബി.ഐ ലാലു, ഭാര്യ റബ്രി ദേവി, മകന്‍ തേജസ്വി യാദവ്, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തിരുന്നു.

chandrika: