X

ഞങ്ങള്‍ പണ്ടേ ബിജെപിക്കാരെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍; ബി.ജെ.പിയുടെ അംഗത്വ നാടകം പൊളിഞ്ഞു


കൊച്ചി: പാര്‍ട്ടിയില്‍ പുതുതായി ചേര്‍ന്നവര്‍ക്ക് അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബിജെപി എറണാകുളത്ത് നടത്തിയ ചടങ്ങ് രാഷ്ട്രീയ നാടകമെന്ന് തെളിഞ്ഞു.
ബിജെപിയുടെ അംഗത്വ നാടകത്തിനെതിരെ ചടങ്ങില്‍ പങ്കെടുത്തവര്‍ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തെത്തി.

ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേരുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ കെട്ടിഘോഷിച്ചായിരുന്നു ഇന്ന് രാവിലെ എറണാകുളത്ത് ബിജെപി ചടങ്ങ് സംഘടിപ്പിച്ചത്. ശശി തരൂര്‍ എം.പിയുടെ അമ്മയുടെ അനിയത്തിയും ഭര്‍ത്താവും ചടങ്ങിലുണ്ടായിരുന്നു. ഇവരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള നേരിട്ടെത്തി ഷാള്‍ അണിയിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ പണ്ടുമുതലേ ബിജെപിയിലാണെന്ന് ശരി തരൂരിന്റെ അമ്മയുടെ അനിയത്തി ചടങ്ങിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇപ്പോള്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്തിയത് എന്തിനെന്ന് അറിയില്ലെന്നും അത് സംഘാടകരോട് ചോദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന അംഗത്വ വിതരണ ചടങ്ങിനെതിരെ ശശി തരൂരിന്റെ ചെറിയമ്മ ശോഭനയുടെ മകന്‍ ശരത്തും രംഗത്ത്. യോഗത്തിനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് അമ്മയെ ചടങ്ങിന് വിളിച്ചതെന്ന് ശരത് പറഞ്ഞു. സംഭവത്തില്‍ തന്റെ അമ്മ നിരാശയാണെന്നും ബിജെപിയുടേത് തരം താണ പ്രവൃത്തിയാണെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

ഹിന്ദു എക്കണോമിക് ഫോറം ഭാരവാഹികള്‍, ഹിന്ദു കര്‍മസമിതി ഭാരവാഹികള്‍, ക്ഷേത്ര പരിപാലന സമിതി ഭാരവാഹികള്‍ തുടങ്ങി ബിജെപിയുമായും ആര്‍എസ്എസുമായും നേരത്തെ തന്നെ പരസ്യബന്ധം പുലര്‍ത്തിയിരുന്നവരാണ് ഇന്ന് അംഗത്വം സ്വീകരിച്ചവരെല്ലാം. അംഗത്വ നാടകം പൊളിഞ്ഞതോടെ ശശിതരൂരിനെതിരായി വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച സൈബര്‍ സഖാക്കളും ഇളിഭ്യരായി.

chandrika: