X

അജയ്യനായി ബോള്‍ട്ട്

ഒസ്ട്രാവ: ട്രാക്കിനോട് വിടപറയാനൊരുങ്ങുന്ന ജമൈക്കന്‍ വേഗരാജാവിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി.
ബുധനാഴ്ച ഒസ്ട്രാവയില്‍ നടന്ന ഗോള്‍ഡന്‍ സ്‌പൈക് മീറ്റില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ബോള്‍ട്ട് തനിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചത്. പതിവു പോലെ സാവധാനത്തില്‍ ആരംഭിച്ച് 10.06 സെക്കന്റിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. ക്യൂബന്‍ താരം യൂനിയര്‍ പെരസ് 0.03 സെക്കന്റിന്റെ വ്യത്യാസത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ തുര്‍ക്കിയുടെ യാക് അലി ഹാര്‍വെ 10.26 സെക്കന്റോടെ വെങ്കലവും കരസ്ഥമാക്കി. സീസണിലെ മികച്ച സമയമായ 10.03 സെക്കന്റിനൊപ്പമെത്താനാവാത്തതില്‍ ബോള്‍ട്ട് നിരാശ പ്രകടിപ്പിച്ചു. സമയത്തിന്റെ കാര്യത്തില്‍ താന്‍ തൃപ്തനല്ല, പക്ഷേ അത് പ്രധാനമല്ല, ഞാന്‍ മത്സരം നന്നായി ആസ്വദിച്ചു. മത്സര ശേഷം ബോള്‍ട്ട് പറഞ്ഞു. ആഗസ്തില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് തയാറെടുക്കുകയാണ് എട്ട് തവണ ഒളിംപിക് ചാമ്പ്യനായ ബോള്‍ട്ട്. മത്സരത്തോടെ ബോ ള്‍ട്ട് ട്രാക്കിനോട് വിടപറയും. ലോക ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ഇനി 21ന് നടക്കുന്ന മൊണാക്കോ ഡയമണ്ട് ലീഗ് മാത്രമാണ് ബോള്‍ട്ടിന് മുന്നിലുള്ളത്. ബോ ള്‍ട്ടിന് പുറമെ ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നീകര്‍ക് 300 മീറ്ററില്‍ 30.81 സെക്കന്റോടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി. നിലവില്‍ 400 മീറ്ററില്‍ ലോക റെക്കോര്‍ഡുടമയാണ് നീകര്‍ക്ക്. ബ്രിട്ടന്റെ മോ ഫറാഹ് 10,000 മീറ്ററില്‍ ഒന്നാമതെത്തി. കെനിയയുടെ മാത്യു കിമേലിയെ രണ്ട് സെക്കന്റിന് പിന്നിലാക്കിയാണ് ഫറാഹ് സ്വര്‍ണം നേടിയത്.

chandrika: