X

പാകിസ്താനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മാഹിറാ ഖാന് കടുത്ത നിരാശ

പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്;
മുബൈ: ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ പ്രദര്‍ശനത്തിനുള്ള വിലക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ ഷാരൂഖ് ഖാന്‍ ചിത്രം റയീസ് പാകിസ്താനില്‍ റിലീസ് ചെയ്യാനുള്ള നീക്കം സജീവമാവുന്നു. ബോളിവുഡ് സിനിമകള്‍ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയ കാരണം പാകിസ്താനില്‍ തിയേറ്ററുകള്‍ കഴിഞ്ഞ നാലു മാസമായി വന്‍ നഷ്ടത്തിലായെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ചിത്രങ്ങള്‍ ഇല്ലാതായതോടെ തിയേറ്ററുകളില്‍ ആളൊഴിഞ്ഞെന്നും വന്‍ നഷ്ടത്തിലായ പല തിയ്യറ്ററുകളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് സിനിമാ പ്രദര്‍ശന തര്‍ക്കത്തില്‍ മഞ്ഞുരുകുന്നതായ വിലയിരുത്തല്‍.

പാകിസ്താനിലെ തിയേറ്റര്‍ വരുമാനത്തിന്റെ എഴുപത് ശതമാനവും ലഭിക്കുന്നത് ബോളിവുഡ്, ഹോളിവുഡ് സിനിമകളുടെ പ്രദര്‍ശനത്തില്‍ നിന്നാണ്. പ്രധാന വരുമാന മാര്‍ഗമായ ബോളിവുഡ് സിനിമകള്‍ക്ക് വന്ന വിലക്കാണ് അടഞ്ഞുകിടക്കലിനും വന്‍ നഷ്ടത്തിനും കാരണമായത്. നാലു മാസത്തിനിടെ ഏതാണ്ട് 15 കോടി രൂപയുടെ നഷ്ടമാണ് തിയേറ്ററുകള്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. തിയേറ്ററുകള്‍ പ്രതിസന്ധിയിലായതോടെ നൂറിലേറെ തിയേറ്റര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. വരുമാനം നിലച്ചതോടെ ബോളിവുഡ് സിനിമകള്‍ക്കുള്ള നിരോധനം നീക്കണമെന്ന ആവശ്യവുമായി തിയേറ്റര്‍ ഉടമകള്‍ തന്നെയാണ് സര്‍ക്കാരിനെ സമീപിച്ചത്.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പാക് കലാകാരന്മാര്‍ക്ക് അപ്രഖ്യാപിത വിലക്ക് വന്നതിന് മറുപടിയായാണ് പാക് സര്‍ക്കാര്‍ രാജ്യത്ത് ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗ്യുലേറ്ററി അതോറിറ്റി ഇന്ത്യന്‍ ടി.വി ചാനലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം, തിയ്യറ്റര്‍ ഉടമകളുടെ പരാതിയെ തുടര്‍ന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് വിഷയത്തില്‍ ഗൗരവമായ പഠനത്തിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി മറിയം ഔറംഗസേബിന്റെ നേതൃത്വത്തില്‍ നാലംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഇര്‍ഫന്‍ സിദ്ധിഖി, വാണിജ്യവകുപ്പ് സെക്രട്ടറി, ഒരു രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
ഇതോടെയാണ്, ഷാറൂഖ് ഖാനും പാക് നടി മഹിറാ ഖാനും ചേര്‍ന്നഭിനയിച്ച റയീസിന്റെ പ്രദര്‍ശന സാധ്യതകള്‍ക്ക് പാക്ക് ആരാധകരില്‍ പ്രതീക്ഷയുയര്‍ന്നത്. ജനുവരി ഇരുപത്തിയഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, റയീസ് സിനിമയുടെ പ്രചാരണത്തിനായി ഇന്ത്യയിലെത്താന്‍ സാധിക്കാത്തത്തില്‍ പാക് നടി മാഹിറാ ഖാന് കടുത്ത നിരാശ അറിയിച്ചു.

പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നതാണ് മഹീറക്ക് ഷാറൂഖ് ഖാനോടൊപ്പം പ്രചാരണത്തിന് പങ്കെടുക്കാന്‍ സാധിക്കാത്തത്. നേരത്തെ ശിവസേന നേതാവ് രാജ് താക്കറയുമായി നടന്ന ചര്‍ച്ചയില്‍ ഷാറൂഖ് എടുത്ത നിലപാടും മഹീറാ ഖാന് വിനയായി. റയീസിന്റെ പ്രചാരണത്തിനായി പാക് നടിയെ ഇന്ത്യയിലേക്ക് ക്ഷണിക്കില്ലെന്നും ഭാവില്‍ തന്റെ സിനിമകളില്‍ പാക് താരങ്ങളെ പങ്കെടുപ്പില്ലെന്നുമാണ് ഷാരൂഖ് ഖാന്‍ രാജ് താക്കറക്ക് ഉറപ്പു നല്‍കിയത്.

chandrika: