X
    Categories: Culture

ബ്രെക്‌സിറ്റ്: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും വാക്‌പോരില്‍

ലണ്ടന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയന്‍ നേതൃത്വവും ഏറ്റുമുട്ടലിന്റെ വക്കില്‍. ഡൗണിങ് സ്ട്രീറ്റില്‍ വിരുന്നിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറും തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് ഒരു ജര്‍മന്‍ പത്രം റിപ്പോര്‍ട്ടുചെയ്തു. യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിഷയത്തിലാണ് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.

ബ്രെക്‌സിറ്റ് വിജയകരമാക്കാന്‍ മേയ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ബ്രെക്‌സിറ്റ് വിജയകരമാക്കാന്‍ സാധിക്കില്ലെന്നായിരുന്നു ജങ്കറുടെ മറുപടി. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനുമായി സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്ന മേയുടെ അഭിപ്രായപ്രകടനത്തിന്, ഗോള്‍ഫ് ക്ലബ്ബ് ഉപേക്ഷിച്ചല്ല ബ്രിട്ടന്‍ പോകുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിസയില്ലാതെ കുടിയേറ്റക്കാരായി കഴിയുന്ന ദശലക്ഷണക്കിന് ആളുകളുടെ ഭാവി ഉടന്‍ തീരുമാനിക്കണമെന്ന മേയുടെ നിര്‍ദേശം ജങ്കറെ ഞെട്ടിച്ചുവെന്നാണ് പത്രം പറയുന്നത്. യൂറോപ്യന്‍ യൂണിയനെ ഉപേക്ഷിച്ചുപോകുന്നതിന് നഷ്ടപരിഹാരമായി തങ്ങള്‍ ആവശ്യപ്പെടുന്ന തുക നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടനുമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വ്യാപാര കരാര്‍ ഉണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്കുതര്‍ക്കം രൂക്ഷമായതോടെ ഇരുവര്‍ക്കും ചര്‍ച്ച നിര്‍ത്തേണ്ടിവന്നു. ‘ഞാന്‍ പോകുന്നു… മുമ്പത്തേതിനെക്കാള്‍ പത്തിരട്ടിയിലേറെ സംശയാലുവാണ് ഞാനിപ്പോള്‍’ എന്ന് പറഞ്ഞാണ് ജങ്കര്‍ ഡൗണിങ് സ്ട്രീറ്റ് വിട്ടതെന്ന് പത്രം പറയുന്നു. ഡൗണിങ് സ്ട്രീറ്റ് ചര്‍ച്ചക്കുശേഷം പുറത്തവുന്ന ജങ്കര്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലെ ഫോണില്‍ വിളിച്ച് വിഷയം ധരിപ്പിച്ചു. വ്യത്യസ്തമായ മറ്റൊരു ഗാലക്‌സിലാണ് മേയ് എന്നാണ് അദ്ദേഹം മെര്‍ക്കലിനോട് പറഞ്ഞത്. ബ്രസല്‍സ് ഗോസിപ്പുകളെന്ന് വിശേഷിപ്പിച്ച് ജര്‍മന്‍ പത്ര വാര്‍ത്തയെ തള്ളിയെങ്കിലും ചര്‍ച്ചകള്‍ എളുപ്പമാകില്ലെന്ന് സമീപ ദിവസങ്ങള്‍ ബോധ്യപ്പെടുത്തുന്നതായി മേയ് സമ്മതിച്ചു. ‘വരാനിരിക്കുന്ന ചര്‍ച്ചകള്‍ ദുഷ്‌കരമായിരിക്കും. ബ്രെക്‌സിറ്റ് കരാര്‍ തങ്ങള്‍ക്ക് അനുകൂലമാക്കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ 27 അംഗ രാജ്യങ്ങളും സംഘടിച്ചിരിക്കുകയാണ്’-അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് ചര്‍ച്ചകളെ ചൊല്ലി യൂറോപ്യന്‍ കമ്മീഷനുമായി ഏറ്റുമുട്ടാനില്ലെന്ന് ബ്രിട്ടീഷ് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വ്യക്തമാക്കി. ഡൗണിങ് സ്ട്രീറ്റില്‍ മേയും ജങ്കറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്ന റിപ്പോര്‍ട്ടിനോട് വ്യക്തമായി പ്രതികരിക്കാതെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബെര്‍ റൂഡ് ഒഴിഞ്ഞുമാറി. ആ ഗോസിപ്പില്‍ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ലെന്ന് അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകുന്നതിന് ബ്രിട്ടീഷ് ഭരണകൂടത്തിന് വ്യക്തമായ പദ്ധതിയുണ്ടെന്നും ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ബ്രെക്‌സിറ്റ് കൂടിയാലോചനകള്‍ നടത്താന്‍ കഴിവുള്ള മികച്ച വ്യക്തിയാണ് മേയ് എന്നും റൂഡ് പറഞ്ഞു.
വാര്‍ത്തയുടെ അവതരണ രീതിയെ അംഗീകരിക്കുന്നില്ലന്ന് വ്യക്തമാക്കിയ അവര്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വവുമായി വരാനിരിക്കുന്നത് സങ്കീര്‍ണവും പ്രയാസകരുമായ കുടിയാലോചനകളാണെന്ന് കൂട്ടിച്ചേര്‍ത്തു. ഹിതപരിശോധന നടത്തി അംഗീകരിച്ച ബ്രെക്‌സിറ്റ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന കാര്യത്തില്‍ ബ്രിട്ടീഷ് നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇടക്കാല പൊതുതെരഞ്ഞെടുപ്പു കൂടി പ്രഖ്യാപിച്ചതോടെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ വഴിമുട്ടിയ സ്ഥിതിയിലുമാണ്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടക്കുമ്പോള്‍ ഇരുഭാഗത്തും ഉണ്ടാകാന്‍ പോകുന്ന ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുകയെന്നത് എളുപ്പമാവില്ല.

chandrika: