X
    Categories: More

വ്യോമയാന ഉദ്യോഗസ്ഥരെപ്പറ്റി വാട്ട്‌സാപ്പില്‍ അശ്ലീല ചര്‍ച്ച; 34 പൈലറ്റുമാര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉദ്യോഗസ്ഥരെപ്പറ്റി വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല ചര്‍ച്ച നടത്തിയതിന് വ്യത്യസ്ത വിമാനക്കമ്പനികളില്‍പ്പെട്ട 34 പൈലറ്റുമാര്‍ക്കെതിരെ കേസ്. സ്‌പൈസ്‌ജെറ്റ്, ജെറ്റ് എയര്‍വേസ്, ഗോഎയര്‍, ഇന്‍ഡിഗോ വിമാനക്കമ്പനികളിലെ പൈലറ്റുമാര്‍ക്കെതിരെയാണ് ഡി.ജി.സി.എ ഡയറക്ടര്‍ ജനറല്‍ ബി.എസ് ഭുള്ളറിന്റെ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസെടുത്തത്. വനിതകളും കുടുംബാംഗങ്ങളും അടക്കമുള്ളവരെപ്പറ്റി മോശം പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് നടപടി.

പൈലറ്റുമാര്‍ മാത്രം അംഗങ്ങളായ വാട്ട്‌സാപ്പ് ഗ്രൂപ്പിലാണ് ഉദ്യോഗസ്ഥരെപ്പറ്റി അശ്ലീല സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഡി.ജി.സി.എയുടെ പരാതി. ചൊവ്വാഴ്ച രാവിലെ ജെറ്റ് എയര്‍വേസിലെ പത്ത് പൈലറ്റുമാരെ ഡല്‍ഹി ലോധി റോഡ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് ക്ഷുഭിതരായ പൈലറ്റുമാര്‍ ഇമെയില്‍ സന്ദേശത്തില്‍ ഡി.ജി.സി.എ ഉദ്യോഗസ്ഥരെപ്പറ്റി മോശം പരാമര്‍ശം നടത്തിയത് വിവാദമായി. ഇതേതുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ പൈലറ്റുമാര്‍ക്ക് വിമാനമോടിക്കാനുള്ള മാനസികാരോഗ്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന് ജെറ്റ് എയര്‍വേസിനോട് ഡി.ജി.സി.എ നിര്‍ദേശിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: