X

അതിര്‍ത്തി കടന്നുള്ള പാക് ആക്രമണം അവസാനിപ്പിക്കാതെ ഇന്ത്യാ-പാക് ദ്വിരാഷ്ട്ര മത്സരം നടപ്പില്ലെന്ന് കേന്ദ്ര കായിക മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ദ്വിരാഷ്ട്ര മത്സരത്തിനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞ് കേന്ദ്ര കായിക മന്ത്രി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാന്‍ അവസാനിപ്പിക്കാത്തിടത്തോളം ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കേണ്ട എന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ആവര്‍ത്തിച്ചു.

2007 ന് ശേഷം ഇന്ത്യ-പാക് ദ്വിരാഷ്ട്ര പരമ്പര നടന്നിട്ടില്ല. 2012-13 ല്‍ 3 ഏകദിന മത്സരങ്ങളും രണ്ട് ട്വന്റി ട്വന്റി മത്സരങ്ങളുമടങ്ങിയ പര്യടനം ഒഴിച്ചാല്‍ മറ്റൊരു പരമ്പരയും അതിന് ശേഷം നടന്നിട്ടില്ല.

ഇന്ത്യ-പാക് ദ്വിരാഷ്ട്ര പരമ്പര കളിക്കുന്നതിന് ഇന്ത്യ എതിരല്ലെന്ന ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയുടെ പ്രസ്താവനക്ക് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത്. ഇന്ത്യ ഗവണ്‍മെന്റിനോട് ആലോചിക്കാതെയും അഭിപ്രായം തേടാതെയും ബിസിസിഐ നടപടി കൈക്കൊള്ളരുതെന്നും ഗോയല്‍ പറഞ്ഞു.

”ബിസിസിഐ സര്‍ക്കാറുമായി ആദ്യം ചര്‍ച്ച ചെയ്യണം. പാകിസ്ഥാനുമായുള്ള ദ്വിരാഷ്ട്ര പരമ്പര ഇപ്പോള്‍ നടപ്പില്ല. കാരണം ഭീകരവാദവും ക്രിക്കറ്റും ഒത്തുപോവില്ല.” കേന്ദ്ര കായിക മന്ത്രി പറഞ്ഞു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കാശ്മീരില്‍ പാകിസ്ഥാന്‍ തീവ്രവാദം പരത്തുകയാണെന്നും അതിനിടയില്‍ ഒരു മത്സരം നടക്കില്ലെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

chandrika: