X
    Categories: columns

തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക്

ഇ സാദിഖ് അലി

മലബാറിന്റെ സാംസ്‌കാരിക കേന്ദ്രമായിരുന്ന തലശ്ശേരിയില്‍നിന്ന് 1946 ലാണ് ചന്ദ്രിക വാണിജ്യ തലസ്ഥാനമായ കോഴിക്കോട്ടേക്ക് മാറ്റി സ്ഥാപിച്ചത്. അജയ്യമായ മനക്കരുത്ത് മാത്രം മൂലധനമാക്കി കിഴക്കേ നടക്കാവിലെ ചിറക്കല്‍ അബ്ദുറഹിമാന്റെ കെട്ടിടത്തിലാരംഭിച്ച പത്രം ചരിത്രകാരനും ഗവേഷകനും പൊന്നാനിക്കാരനുമായ പ്രൊഫസര്‍ കെ.വി അബ്ദുറഹിമാന്റെ പത്രാധിപത്യത്തിലുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. 1925 ല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ആധിപത്യത്തിലും അല്‍അമീന്‍ പ്രിന്റിങ് ആന്റ് കമ്പനിയുടെ ഉടമസ്ഥതയിലും ആരംഭിച്ച അല്‍അമീന്‍ വാരികയുടെയും ദിനപത്രത്തിന്റെയും വിദ്യാഭ്യാസപരവും രാഷ്ട്രീയവും സാമൂഹ്യവുമായ അമൂല്യ സേവനം തുടി കൊട്ടുന്ന കോഴിക്കോട്ടാണ് അല്‍അമീനില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ വി.സി അബൂബക്കര്‍ ചന്ദ്രികയിലെത്തുന്നത്.

മഹത്തായ പാരമ്പര്യത്തിന്റെ ഉടമകളായ മുസ്‌ലിം സമൂഹത്തിന്റെ തട്ടകത്തിലേക്ക് ചന്ദ്രിക മാറ്റുമ്പോള്‍ അതിനാവശ്യമായ കെട്ടിടം കിട്ടുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ സ്വാധീനം അനുകൂലമായ സാഹചര്യമൊരുക്കുമെന്ന് സീതി സാഹിബിനറിയാമായിരുന്നു. ബാഫഖി തങ്ങളോടുള്ള ആദരവും ബഹുമാനവുമാണ് എടമേന്‍ കയ്യന്‍ അബ്ദുറഹിമാന്‍ക്ക തന്റെ മനോഹരമായ കെട്ടിടം ചന്ദ്രികക്ക് വേണ്ടി വാടകക്ക് വിട്ട്‌കൊടുത്തത്. കരിയാടന്‍ മൊയ്തു അതിങ്ങനെ രേഖപ്പെടുത്തുന്നു: ‘1941 ഒക്ടോബറില്‍ ദിനപത്രം നിന്നു. ഷാഫി സാഹിബിനെ പിരിച്ചുവിട്ടു.

ചന്ദ്രിക വീണ്ടും വാരികയിലേക്ക് ചുരുങ്ങി. ഒരിക്കല്‍ കൂടി വി.സി അബൂബക്കര്‍ സാഹിബിന്റെ പേരില്‍ വാരികക്ക് ഡിക്ലറേഷന്‍ ഫയല്‍ ചെയ്തു. ഒരു ചെറിയ കെട്ടിടത്തില്‍ (ഉമ്മര്‍ സണ്‍സിന്റെ എടുപ്പ്) വാരിക ആരംഭിക്കുകയും ചെയ്തു. അവിടെ വെച്ച് എ. പി മമ്മു സാഹിബ് മാനേജറും വി.സി അബൂബക്കര്‍ സാഹിബ് പത്രാധിപരുമായി 1946 വരെ ക്‌റൗണ്‍ വലിപ്പത്തില്‍ 12, 16 പേജുകളോടെ ആഴ്ചപ്പതിപ്പായി എല്ലാ വ്യാഴാഴ്ചകളിലും ചന്ദ്രിക മുടങ്ങാതെ പ്രകാശിച്ചുപോന്നു. വാരിക ഒരു നേട്ടമായിരുന്നു. 1946 ല്‍ ഓഹരിയുടമകള്‍ക്ക് ഡിവിഡന്റ് കൊടുക്കാന്‍ കഴിഞ്ഞു. 10000 രൂപ മൂലധനവും 17000 രൂപ ബാങ്കില്‍ നിക്ഷേപവുമുണ്ടായിരുന്നു. ഈ സമ്പാദ്യമാണ് ചന്ദ്രിക കോഴിക്കോട്ടേക്ക് മാറ്റാന്‍ പ്രചോദകമായത്. കണക്കെഴുത്തുകാരനായിരുന്ന കുമാരന്‍ റൈറ്ററേയും പ്രസ്സ് റിപ്പോര്‍ട്ടര്‍ കൃഷ്ണനെയും പത്രം മുനിസിപ്പാലിറ്റിക്ക് പുറത്ത്‌കൊണ്ട്‌പോയി വായിച്ച് കേള്‍പ്പിച്ച് പ്രചാരപ്പെടുത്തിയിരുന്ന കോരന്‍ മാസ്റ്ററേയും മറക്കാന്‍ കഴിയില്ല. പത്രാധിപര്‍ക്ക് ശമ്പളം 20 ഉറുപ്പികയായിരുന്നു. (വകയില്‍ തന്നെ കുറെ കുടിശ്ശിക ബാക്കിയുണ്ടെന്നാണ് വി.സി പറയാറുള്ളത്)’.

ക്രാന്തദര്‍ശിയും കര്‍മ്മ നിരതനുമായിരുന്ന അദ്ദേഹം ചന്ദ്രികയുടെ പുരോഗതിക്കായി പത്രത്തിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നതിന് തുടക്കം കുറിച്ചു. അദ്ദേഹം മലബാറിലുടനീളം സഞ്ചരിച്ച് ഒരു ലക്ഷം രൂപയുടെ ഓഹരി പിരിച്ചുണ്ടാക്കി. സത്താര്‍ സേട്ടു സാഹിബ് അതിലേറെ ത്യാഗം ചെയ്ത് അതിനസ്തിവാരമുണ്ടാക്കി. കത്തിയവാറില്‍ നിന്ന് സത്താര്‍ സേട്ടു പിരിച്ചുകൊണ്ട് വന്ന 17000 രൂപയായിരുന്നു അതിന്റെ ആത്മവിശ്വാസം. ഈ സമയത്ത് പൊന്നാനിക്കാരന്‍ പ്രൊഫസര്‍ കെ.വി അബ്ദുറഹിമാന്‍ ആയിരുന്നു പത്രാധിപര്‍. തലശ്ശേരിക്കാരന്‍ കരിയാമ്പത്ത് കുഞ്ഞിപ്പക്കി മാനേജറും. എന്നാല്‍ തലശ്ശേരിയില്‍നിന്ന് ചന്ദ്രിക പുറപ്പെടുമ്പോള്‍ ഇടക്കിടെ ലേഖനം അയച്ച് കൊടുത്ത് ചന്ദ്രികയുമായി ബന്ധം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥി സി.എച്ച് മുഹമ്മദ്‌കോയ ചന്ദ്രികയില്‍ ചേര്‍ന്നു. എത്ര ലേഖനങ്ങളയച്ചിട്ടും പ്രസിദ്ധീകരിക്കാതെ വന്നപ്പോള്‍ പ്രതികരിക്കാനായി ചന്ദ്രികയിലെത്തിയ സി.എച്ച് മുഹമ്മദ് കോയയെന്ന പ്രതിഭാശാലിയെക്കുറിച്ച് പത്രാധിപരായിരുന്ന വി സിക്ക് അത്ഭുതമായിരുന്നു.

മൊയ്തു സാഹിബ് അത് ഹൃദയ സ്പര്‍ശിയായ വിധം വിവരിക്കുന്നുണ്ട്. അതിങ്ങനെ: ‘പലരില്‍ നിന്ന് ലേഖനങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. കൊള്ളാവുന്നവയെടുത്ത് പത്രമാപ്പീസിലെ പതിവ്‌പോലെ ചെയ്യും. ഒരു ചെറു വിദ്യാര്‍ത്ഥിയുടേതെന്ന് തോന്നിക്കുന്ന ലേഖനങ്ങള്‍ മിക്ക ആഴ്ചകളിലും കിട്ടിയിരുന്നു. പ്രസിദ്ധീകരണാര്‍ഹമല്ലെന്ന് കാണുകയാല്‍ പത്രാധിപന്‍മാര്‍ അവയെ വെളിച്ചം കാട്ടിയില്ല.തുരുതുരെ വന്നിരുന്ന കുട്ടിയുടെതെന്ന് കണ്ടാല്‍ വി.സി പറയും ‘ബോറന്‍’.
ഒരു ദിവസം ഉച്ചക്ക് തുര്‍ക്കിത്തൊപ്പിയും കറുത്ത കോട്ടും വെള്ള മുണ്ടും ധരിച്ച കൃശഗാത്രനായൊരു കുട്ടി സലാം ചൊല്ലിക്കൊണ്ട് കയറി വന്നു. ‘വികടന്‍’ (വി.സിയുടെ തൂലികാനാമം) എന്നെ നോക്കി. ഞാന്‍ എ.പിയെ നോക്കി. കുട്ടി ഒന്ന് ബേജാറായി. ഒരു കെട്ട് ലേഖനങ്ങള്‍ മുമ്പില്‍ വെച്ചിരുന്ന വി.സി പറഞ്ഞു. ‘ഇരിക്ക് കുട്ടി’. കുട്ടിയുടെ നോട്ടം ലേഖനക്കെട്ടിലായിരുന്നു. വിരല്‍ ലേഖനക്കെട്ടിന് നേരെ ചൂണ്ടി കുട്ടി പറഞ്ഞു: ‘സര്‍, എന്റെ ലേഖനമാണത്. ഞാനയക്കുന്നതൊന്നും ഇതുവരെ ചന്ദ്രികയില്‍ കൊടുത്തിട്ടില്ല. അത്ര മോശമാണോ എന്റേത്’?

അപരാധ ബോധത്തോടെ വി.സി എന്നെ നോക്കി. അതിലും അപരാധ ബോധത്തോടെ ഞാന്‍ മുഖം തിരിച്ചു. ‘ശരി, വായിച്ച് നോക്കി വേണ്ട തിരുത്തോടെ കൊടുക്കാം’. വി.സി കുട്ടിയെ സമാധാനിപ്പിച്ചു. അപ്പോള്‍ ദീന സ്വരത്തില്‍ കുട്ടി പറഞ്ഞു. ‘എന്റെ ലേഖനങ്ങളൊന്നും ഇത്‌വരെ നോക്കാത്തതില്‍ സങ്കടമുണ്ട്. നേരിട്ടപേക്ഷിക്കാനാണ് ഞാന്‍ അത്തോളിയില്‍നിന്ന് പോന്നിട്ടുള്ളത്’. ഇന്നത്തെ എഴുത്തുകാരിലും വാഗ്മികളിലും ആരുടേയും പിന്നിലല്ലാത്ത പ്രശസ്ത വ്യക്തിയും ചന്ദ്രികയുടെ മുഖ്യ പത്രാധിപരും അസംബ്ലി സ്പീക്കറുമായിരുന്ന മാന്യനും പല പ്രഗല്‍ഭരും പരാജയപ്പെട്ട വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാഭ്യാസ മന്ത്രിയും സര്‍വ്വോപരി ഇന്ത്യന്‍ മുസ്‌ലിംകളുടെ അനിഷേധ്യ നേതാവുമായ സി.എച്ച് മുഹമ്മദ് കോയാ സാഹിബായിരുന്നു ഈ കുട്ടി’.
തലശ്ശേരിയില്‍ നിന്നിറങ്ങിയിരുന്ന സമയത്ത് ഇടക്കിടെ ചന്ദ്രികയില്‍ പ്രത്യക്ഷപ്പെടാറുള്ള സി.എച്ച് നിത്യ സന്ദര്‍ശകനായി മാറി. പിന്നീടതിലെ ജീവനക്കാരനുമായി. പത്രാധിപരായിരുന്ന പ്രൊഫ. കെ വി അബ്ദുറഹിമാന്‍ ഫാറൂഖ് കോളജില്‍ ജോലി ലഭിച്ച് ചന്ദ്രികയില്‍ നിന്ന് ഒഴിഞ്ഞപ്പോള്‍ അവിടേക്ക് കയറി വന്നത് സിയെച്ചാണ്. ഇങ്ങനെയാണ് സി.എച്ച് പത്രാധിപരായത്.

 

web desk 3: