X

ഉദ്യോഗസ്ഥപ്പോര് അഴിമതിക്ക് മറയിടാനോ

അധികാരത്തിലേറി ആറു മാസം പിന്നിടുമ്പോഴേക്കും അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും ഉദ്യോഗസ്ഥപ്പോരും കൊണ്ട് കളങ്കിതമായിരിക്കുകയാണ് സംസ്ഥാനത്തെ എല്‍.ഡി.എഫ് ഭരണം. അതില്‍ ഒടുവിലത്തേതാണ് വിജിലന്‍സും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും തമ്മിലുള്ള പോരും തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണവും. സ്വജനപക്ഷപാതത്തിന്റെ പേരില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ.പി ജയരാജന് ഇതിനകം തന്നെ മന്ത്രിസഭയില്‍നിന്ന് പുറത്തു പോകേണ്ടി വന്നു. ജയരാജന്‍ സഞ്ചരിച്ച വഴിയേ കൂടുതല്‍ മന്ത്രിമാര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് കശുവണ്ടി വികസന വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം.
സര്‍ക്കാര്‍ ജോലികള്‍ സ്വന്തക്കാര്‍ക്ക് ഇഷ്ടദാനം നല്‍കിയതായിരുന്നു ഇ.പി ജയരാജന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. ഭാര്യാ സഹോദരിയും പാര്‍ലമെന്റുംഗവുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിനു കീഴിലുള്ള കെ.എസ്.ഐ.ഇയില്‍ എം.ഡിയായി നിയമിക്കാനുള്ള നീക്കമാണ് വിവാദങ്ങളുടെ തുടക്കം. വാര്‍ത്ത പുറത്തുവന്നതോടെ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും പ്രതിരോധത്തിലാവുക മാത്രമല്ല, വ്യവസായ വകുപ്പിനു കീഴില്‍ നടന്ന മറ്റു പല നിയമനങ്ങള്‍ സംബന്ധിച്ചും ആരോപണങ്ങള്‍ ഉയരുകയും ചെയ്തു. നിയമന വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ രാജിവെക്കുകയല്ലാതെ ജയരാജനു മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനു തൊട്ടു പിന്നാലെയാണ് മെഴ്‌സിക്കുട്ടി അമ്മക്കെതിരെയും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം വി.ഡി സതീശനാണ് കശുവണ്ടി വികസന വകുപ്പിനു കീഴില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണം ഉന്നയിച്ചത്. ഇതുസംബന്ധിച്ച കണക്കുകള്‍ സഭയുടെ മേശപ്പുറത്തുവച്ച വി.ഡി സതീശന്‍ ആരോപണങ്ങള്‍ ഏത് വേദിയിലും തെളിയിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇതില്‍നിന്ന് ഒളിച്ചോടുകയായിരുന്നു. രണ്ടു ദിവസത്തെ അവധിക്കുശേഷം ഇന്ന് നിയമസഭ ചേരുമ്പോള്‍ വിഷയം വീണ്ടും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കാനിടയുണ്ട്.
കേരള കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്‌സും മാനദണ്ഡങ്ങള്‍ മറികടന്ന് കൂടിയ തുകക്ക് തോട്ടണ്ടി വാങ്ങിയതായാണ് ആരോപണം. ആഗസ്ത്, സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായാണ് രണ്ടിനങ്ങളിലുള്ള തോട്ടണ്ടി വാങ്ങിയത്. കശുവണ്ടി കോര്‍പറേഷനില്‍ നാല് ടെണ്ടറുകളിലൂടെ 3900 മെട്രിക്ക് ടണ്‍ തോട്ടണ്ടി വാങ്ങിയതില്‍ 6.87 കോടിയും കാപ്പെക്‌സില്‍ രണ്ട് ടെണ്ടറുകളിലായി 2000 മെട്രിക്ക് ടണ്‍ തോട്ടണ്ടി വാങ്ങിയതില്‍ 3.47 കോടിയും സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്നാണ് ആരോപണം. ടെണ്ടര്‍ നല്‍കിയതിലെ കുറഞ്ഞ നിരക്ക് ഒഴിവാക്കി കൂടിയ വിലക്ക് തോട്ടണ്ടി വാങ്ങിയതാണ് നഷ്ടത്തിനിടയാക്കിയത്. സര്‍ക്കാര്‍ ഖജനാവിന് ഭീമമായ നഷ്ടമുണ്ടായെന്ന് നിയമസഭ മുമ്പാകെ ഒരു അംഗം ഉന്നയിച്ച ആരോപണത്തെ ഗൗരവമായിത്തന്നെ കണക്കിലെടുക്കാനും അന്വേഷണം നടത്താനുമുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. അതില്‍നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഒരു തരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, വാക്കും പ്രവൃത്തിയും തമ്മില്‍ അന്തരമില്ലെന്ന് കേരള സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇ.പി ജയരാജനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതിപക്ഷത്തിന്റെയും മാധ്യമ വാര്‍ത്തകളുടെയും സമ്മര്‍ദ്ദത്തെതുടര്‍ന്നാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും മുഖ്യമന്ത്രി കാണിച്ച ഇച്ഛാശക്തി എല്ലാ മന്ത്രിമാരുടെയും കാര്യത്തില്‍ വിവേചന രഹിതമായി നടപ്പാക്കേണ്ടതാണ്.
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് മഞ്ഞയും ചുവപ്പും കാര്‍ഡുമായിറങ്ങിയ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനും ഇക്കാര്യത്തില്‍ ബാധ്യതയുണ്ട്. ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിക്കാനും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വസതിയില്‍ റെയ്ഡ് നടത്താനും ജേക്കബ് തോമസ് കാണിച്ച താല്‍പര്യം പുതുതായി ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങളുടെ കാര്യത്തിലും ഉണ്ടാവേണ്ടതുണ്ട്. റെയ്ഡിന്റെ പേരില്‍ വിജിലന്‍സും സംസ്ഥാനത്തെ ഐ.എ.എസ് പടയും രണ്ടു തട്ടിലാണിപ്പോള്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വസതിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയാണ് ഉദ്യോഗസ്ഥ തലത്തില്‍ പുതിയ പോരിന് വഴിതുറന്നത്. നടപടി വിവാദമായതോടെ റെയ്ഡല്ല, വീടിന്റെ അളവെടുപ്പാണ് നടന്നതെന്ന വിശദീകരണം നല്‍കി തടിയൂരാനായിരുന്നു വിജിലന്‍സ് ശ്രമം. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയേയും കണ്ട് പ്രതിഷേധം അറിയിച്ചതിനു പിന്നാലെ ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡണ്ട് ടോം ജോസിനെതിരെയും വിജിലന്‍സ് കരുനീക്കം തുടങ്ങി. വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തും തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാറ്റുകളിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും റെയ്ഡ് നടത്തിയുമായിരുന്നു ടോം ജോസിനെതിരെയുള്ള പടനീക്കം. നിയമസഭയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ വിജിലന്‍സിന് പരോക്ഷ പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ കെ.എം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി തോമസ് ഐസക് പരസ്യമായി രംഗത്തെത്തിയതോടെ, ഉദ്യോഗസ്ഥപ്പോര് ഭരണതലത്തിലേക്ക് വ്യാപിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന ജേക്കബ് തോമസ് തന്നെ ആരോപണം നേരിടുന്നയാളാണ് എന്നത് കാര്യങ്ങളെ സങ്കീര്‍ണമാക്കുന്നു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതിലും വലിയതുറ, വിഴിഞ്ഞം, ബേപ്പൂര്‍, അഴീക്കല്‍ ഓഫീസുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതിലും ക്രമക്കേട് നടന്നുവെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. തന്നെ പുകച്ചു പുറത്തുചാടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ആരോപണമെന്നാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയരക്ടര്‍ പറഞ്ഞത്. വിജിലന്‍സില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കാണിച്ച് ഡി.ജി.പി ശങ്കര്‍ റെഡ്ഡി ജേക്കബ് തോമസിന് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത നിലയിലേക്കാണ് ഉദ്യോഗസ്ഥ തലത്തിലെ പോര് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലെ പോരിന് വഴിയൊരുക്കി, അതിനു മറവില്‍ ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാറിന്റെ ആസൂത്രിത നീക്കമാണോ ഇപ്പോഴത്തെ നാടകമെന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാറിലെ കൂടുതല്‍ മന്ത്രിമാര്‍ അഴിമതി ആരോപണത്തിന്റെ നിഴലിലേക്ക് നീങ്ങുമ്പോള്‍, ഉദ്യോഗസ്ഥപ്പോരിന് വളംവെച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്തെത്തുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു സംശയം ന്യായമായും ഉയരുന്നുണ്ട്.

chandrika: