X
    Categories: Article

ഭരണകൂട വിമര്‍ശനങ്ങള്‍ രാജ്യദ്രോഹ കുറ്റമോ

സുഫ്‌യാന്‍ അബ്ദുസ്സലാം

 

രാജ്യദ്രോഹ നിയമങ്ങള്‍ വീണ്ടും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിധേയമാവുകയാണ്. സര്‍ക്കാറിന്റെ ജനദ്രോഹപരമായ നടപടികള്‍ക്കെതിരെ മിണ്ടിയാല്‍ രാജ്യദ്രോഹം എന്ന ചാപ്പകുത്തി നിശബ്ദരാക്കി കേസെടുക്കാനും വെളിച്ചംകാണാത്തവിധം ജയിലിലടക്കാനുമുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ഏതൊരാളെയും ജയിലറകളിലേക്ക് തള്ളിയിടുന്നതിന്‌വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്ന വാക്കായിമാറിയിരിക്കുകയാണ് ‘രാജ്യദ്രോഹം’.

ലക്ഷദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെയായി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ഏകാധിപത്യ നടപടികള്‍ക്കെതിരെ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രതിഷേധത്തിന് ശക്തമായി നേതൃത്വം നല്‍കിയ ആയിഷ സുല്‍ത്താനയേ യും രാജ്യദ്രോഹിയാക്കി. ഒരു ഐഷ സുല്‍ത്താന മാത്രമല്ല, ലക്ഷദ്വീപ് എം.പിയും അവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവരും കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കോവിഡ് പൂജ്യമായിരുന്ന ദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളാണ് രോഗ വ്യാപനത്തിന് കാരണമായതെന്നും അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ഒരു’ബയോവെപണ്‍’ ആയി മാറിയെന്നുമുള്ള വിമര്‍ശനത്തില്‍ കടന്നുപിടിച്ചാണ് ഐ.പി.സി 124അ ചുമത്തിആയിഷക്കെതിരെ കേസെടുത്തത്.

രാജ്യദ്രോഹം വന്‍കുറ്റമാണ്. സ്വന്തം രാജ്യത്തിന്റെ അസ്തിത്വത്തിനെതിരെ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ രാജ്യത്തെ അപമാനിക്കുകയോ രാജ്യത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുകയോ ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍ പീനല്‍കോഡിന്റെ ഒട്ടും വ്യക്തമല്ലാത്ത 124 എ എന്ന രാജ്യദ്രോഹ കുറ്റത്തിന്റെ പട്ടികയില്‍ എന്തെല്ലാം വരുമെന്ന് ക്ലിപ്തപ്പെടുത്തേണ്ടത് അനിവാര്യമാണ്. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ രാജ്യദ്രോഹ കുറ്റ വകുപ്പുകളാണ് ഇന്നും ഇന്ത്യന്‍ പീനല്‍ കോഡിലുള്ളത്. ബ്രിട്ടീഷ് രാജഭരണത്തിന് കീഴില്‍ എഴുതപ്പെട്ട പീനല്‍ കോഡുകള്‍ ജനാധിപത്യ സമൂഹത്തിന് നേരെ പ്രയോഗിക്കുന്നതിന്റെ അസാംഗത്യം പലവുരു ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. രാജഭരണത്തിന് കീഴിലായിരുന്ന ബ്രിട്ടീഷ് ഇന്ത്യയില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുകയോ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുകയോ ചെയ്യുന്നത് രാജ്യദ്രോഹമായാണ് കരുതപ്പെട്ടിരുന്നത്. അന്ന് ഇന്ത്യന്‍ ജനത നടത്തിയ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളും അക്കാലത്തെ സര്‍ക്കാര്‍ വിരുദ്ധ ലേഖനങ്ങളും പ്രസംഗങ്ങളുമെല്ലാം രാജ്യദ്രോഹ പട്ടികയിലായിരുന്നു വന്നിരുന്നത്. ബാല ഗംഗാധര തിലകും മഹാത്മാഗാന്ധിയും ആനിബസന്റും അടക്കമുള്ള ഒട്ടേറെ സ്വാതന്ത്ര്യസമര സേനാനികള്‍ രാജ്യദ്രോഹം ചുമത്തപ്പെട്ട് ജയിലില്‍ അടക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ജനദ്രോഹ ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ പോരാടി നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും. എന്നാല്‍ ജനാധിപത്യ ഇന്ത്യയും ബ്രിട്ടീഷ് നിയമങ്ങള്‍ അതേപടി പിന്തുടരുകയാണെങ്കില്‍ സ്വാതന്ത്ര്യത്തിന് അര്‍ത്ഥമില്ലാതാകും. സര്‍ക്കാറുകളെയും ഭരണാധികാരികളെയും വിമര്‍ശിക്കാനും അവക്കെതിരെ പ്രതിഷേധിക്കാനും ജനവിരുദ്ധ സമീപനങ്ങള്‍ സര്‍ക്കാറുകളുടെ ഭാഗത്ത്‌നിന്നുണ്ടാകുമ്പോള്‍ തിരുത്താനും സ്വാതന്ത്ര്യമുണ്ടെങ്കിലേ ജനാധിപത്യത്തിന് ജീവനുള്ള അര്‍ത്ഥമുണ്ടാവൂ.

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. കുറ്റം ചാര്‍ത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുന്നത്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച അദ്ദേഹത്തിന് ഒരു വര്‍ഷം ‘രാജ്യദ്രോഹ പട്ടം’ ചുമന്ന് നടക്കേണ്ടിവന്നു. 2020 മാര്‍ച്ച് 30 നു യൂട്യൂബ് ചാനലിലൂടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതായിരുന്നു 124 എ ചുമത്താനുണ്ടായ കാരണം. 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന വംശീയ കലാപത്തിലെ മരണങ്ങളും ഭീകരാക്രമണങ്ങളും തെരഞ്ഞെടുപ്പില്‍ വോട്ട് നേടുന്നതിനായി പ്രധാനമന്ത്രി ഉപയോഗിക്കുന്നു എന്ന പരമാര്‍ശം ചൂണ്ടിക്കാണിച്ചാണ് ഹിമാചല്‍പ്രദേശ് ബി.ജെ.പി ഘടകം ദുവക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ദുവയുടെ പ്രസംഗത്തില്‍ അങ്ങനെ കാണാന്‍ കഴിയില്ല. അതേസമയം പുല്‍വാമ, പത്താന്‍കോട്ട്, ബാലകോട്ട് തുടങ്ങിയ സംഭവങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്പ്രധാനമന്ത്രി ഉപയോഗിക്കുന്നു എന്ന വിമര്‍ശനം ദുവ ഉയര്‍ത്തിയിരുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു അദ്ദേഹം നല്‍കിയ അപേക്ഷയില്‍ ‘ഒരു പൗരന് സര്‍ക്കാറിനെക്കുറിച്ചോ സര്‍ക്കാറിന്റെ നടപടികളെക്കുറിച്ചോ വിമര്‍ശനത്തിലൂടെയോ അഭിപ്രായത്തിലൂടെയോ അയാള്‍ ആഗ്രഹിക്കുന്നവിധം പറയാനോ എഴുതാനോ അവകാശമുണ്ട്. നിയമപ്രകാരം സ്ഥാപിതമായ സര്‍ക്കാറിനെതിരെ കലാപം സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്യുന്നതോ ക്രമസമാധാനം തകര്‍ക്കുന്നതോ അല്ലാത്തവിധത്തില്‍ ആണെങ്കില്‍ അത് രാജ്യദ്രോഹമല്ല.’ എന്ന വാദമായിരുന്നു ദുവ ഉയര്‍ത്തിയത്.

വിനോദ് ദുവയുടെ വാദം സുപ്രീംകോടതി തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു. 1962 ലെ കേദാര്‍നാഥ്‌സിങ് -ബീഹാര്‍ കേസിലെ വിധിയാണ് കോടതി ആധാരമാക്കിയത്. ബീഹാറിലെ ബറൗണി വില്ലേജില്‍ 1953 ല്‍ കേദാര്‍നാഥ് സിങ് നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് സര്‍ക്കാറിനെയും ഉദ്യോഗസ്ഥരെയും നായകള്‍ എന്നും ഗുണ്ടകള്‍ എന്നുമെല്ലാം വിളിക്കുകയും ബ്രിട്ടീഷുകാര്‍ പോയെങ്കിലും അവര്‍ക്ക്പകരം കോണ്‍ഗ്രസ് ഗുണ്ടകളാണ് ഭരിക്കുന്നതെന്നും അവര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും രക്തം ഊറ്റിക്കുടിക്കുകയാണെന്നും പറഞ്ഞുവെന്നായിരുന്നു കേസ്. ഇത് രാജ്യദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടി ബീഹാര്‍ പൊലീസ് അദ്ദേഹത്തിനെതിരെ 124എ, 505ബി വകുപ്പുകള്‍ ചാര്‍ത്തി. മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഹൈക്കോടതിയും ശിക്ഷ അംഗീകരിച്ചു. അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടന പൗരന് നല്‍കിയ മൗലികാവകാശങ്ങള്‍ക്ക് എതിരാണ് ഈ നടപടി എന്ന കേദാര്‍ സിങിനെ വാദം പരിഗണിച്ച് കേസ് ഭരണഘടനാബെഞ്ചിന് വിടാനുള്ള നിര്‍ദ്ദേശമുണ്ടായി. കീഴ്‌കോടതികളുടെ നിരീക്ഷണം സുപ്രീംകോടതി തള്ളി. ‘വിമര്‍ശനങ്ങള്‍ രാജ്യദ്രോഹമല്ല; അത് ഒരു സമൂഹത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്; കലാപങ്ങള്‍ വരുത്തിവെക്കുന്നതും ക്രമസമാധാനം തകര്‍ക്കുന്നതും ഹിംസക്ക് പ്രേരണ നല്‍കുന്നതുമായ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അത് രാജ്യദ്രോഹമാകൂ.’ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു.

സുപ്രീംകോടതിയുടെ നിരീക്ഷണത്തിലെ വളരെ പ്രസക്തമായ ഭാഗം ഇങ്ങനെയാണ്. ‘ജനങ്ങളെ അക്രമത്തിലേക്ക് നയിക്കുകയും രാജ്യസുരക്ഷ തകര്‍ക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹത്തിന്റെ നിര്‍വചനത്തില്‍ വരില്ല എന്ന വാദം ആരും ഉന്നയിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും നടപടികളെ ശക്തമായി വിമര്‍ശിക്കുകയും വിമര്‍ശനത്തിന് കടുത്ത വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് 124 എയുടെ പരിധിയില്‍ വരുമോ എന്ന വാദമാണ് ഞങ്ങള്‍ക്ക് മുമ്പില്‍ വന്നത്. വിമര്‍ശനപരമായ വാക്കുകളും സംസാരങ്ങളും ഈ പീനല്‍ സെക്ഷന്റെ പരിധിയില്‍ വരില്ല എന്നാണ് ഞങ്ങളുടെ നിരീക്ഷണം. ഭരണകൂട വിമര്‍ശനങ്ങള്‍ കുറ്റകൃത്യമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുമ്പോള്‍ അടിസ്ഥാന പരിഗണന രാജ്യസുരക്ഷയായിരിക്കണം നല്‍കേണ്ടത്. എന്നാല്‍ അത്തരമൊരു നിയമനിര്‍മ്മാണം മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്രത്തിനുള്ള പരിരക്ഷ ഉറപ്പ് നല്‍കുന്നതായിരിക്കണം. കാരണം ജനാധിപത്യത്തില്‍ രൂപം കൊണ്ട നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് അഭിപ്രായ സ്വാതന്ത്ര്യം.’ (
ചുരുക്കത്തില്‍, ഒരാളുടെ വാചികമോ ലിഖിതമോ ആയ പ്രസ്താവന ക്രമസമാധാന തകര്‍ച്ചക്കോ കലാപങ്ങള്‍ക്കോ പ്രേരണ നല്‍കുന്നുണ്ടെങ്കില്‍ മാത്രമേ അത് 124എ എന്ന രാജ്യദ്രോഹ വകുപ്പിന്റെ പരിധിയില്‍ വരികയുള്ളൂ എന്നാണ് കേദാര്‍നാഥ് കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയത്. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഈ വകുപ്പ് ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനയിലെ 19ാം അനുച്ഛേദം നല്‍കുന്ന ‘അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം’ എന്ന മൗലികാവകാശത്തിന് എതിരായതുകൊണ്ട് ഐ.പി.സി 124 എ ഭേദഗതി ചെയ്യണമെന്ന്കൂടി അന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട് എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. കേദാര്‍നാഥ് സിങ് മുതല്‍ വിനോദ് ദുവ വരെയുള്ള കേസുകളിലെല്ലാം സുപ്രീംകോടതി ഇത്രയൊക്കെ നിരീക്ഷിച്ചിട്ടും ഭരണഘടന അനുവദിച്ച അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കുന്ന പൗരന്മാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് പീനല്‍കോഡിന്റെ ദുരുപയോഗമാണെന്നതില്‍ സംശയമില്ല.
(തുടരും)

web desk 1: