X

ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ ചെങ്ങന്നൂരില്‍ യുഡിഎഫ് കുതിപ്പ്

 

പരസ്യ പ്രചാരണം ഇന്ന് തീരും

പ.കെ.എ ലത്തീഫ്
ചെങ്ങന്നൂര്‍

വീറും വാശിയും നിറഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഗോദയില്‍ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശീല വീഴുമ്പോള്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി മാറുമെന്ന് വിശേഷിപ്പിക്കപ്പെട്ട ചെങ്ങന്നൂരില്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും വിലക്കയറ്റവും മുഖ്യ പ്രചാരണ വിഷയങ്ങളായക്കി ഉയര്‍ത്തിക്കൊണ്ടു വരാന്‍ യുഡിഎഫിന്റെ ആസൂത്രിത പ്രചാരണത്തിന് സാധിച്ചു എന്നതാണ് ഒടുവിലെ ചിത്രം. കര്‍ണ്ണാടകജനവിധിക്ക് ശേഷം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്ന ജനാധിപത്യ മതേതര ശാക്തീകരണം ചെങ്ങന്നൂരിലും പ്രതിഫലിക്കുമെന്നുറപ്പ്. കെ.എം മാണി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും അദ്ദേഹം ചെങ്ങന്നൂരിലെത്തി പ്രചാരണം നടത്തിയതുംഐക്യ ജനാധിപത്യ മുന്നണിക്ക് ഏറെ അനുകൂല ഘടകമായി.
പ്രചാരണ വാഹനങ്ങളില്‍ നിന്നുള്ള ശബ്ദ കോലാഹലങ്ങളില്‍ മുഖരിതമായിരുന്നു ഏതാനും ദിവസങ്ങളായി ചരിത്ര മുറങ്ങുന്ന ചെങ്ങന്നൂര്‍ നഗരം .യുഡിഎഫിന്റെ മുന്‍ നിര നേതാക്കളുടെ പ്രചാരണം അണികളെ ആവേശത്തിലാക്കി. ബൂത്ത് തല പ്രവര്‍ത്തനങ്ങളും കുടുംബ യോഗങ്ങളിലും യുഡിഎഫിന്റെ പ്രധാന നേതാക്കള്‍ തന്നെ രംഗത്തുണ്ട്. കുടുംബ യോഗങ്ങളിലെ സത്രീകളടക്കമുള്ള വന്‍ ജന പങ്കാളിത്തം വോട്ടര്‍മാരുടെ മനസ്സ് ഇത്തവണ ജനവിരുദ്ധ സര്‍ക്കാരുകള്‍െതിരാണെന്ന് ഉറപ്പിക്കുന്നു. സ്ഥാനാര്‍ഥിക്കെതിരെയുള്ള സിപിഎമ്മിന്റെ കുപ്രചാരണംവോട്ടര്‍മാര്‍ തള്ളിയതോടെ ഇടതു ക്യാമ്പില്‍ അങ്കലാപ്പ് വര്‍ധിച്ചു.ബിജെപിയും ഏറെ പിന്നോട്ട് പോയി.
വോട്ടെടുപ്പിന് രണ്ടു ദിനം മാത്രം ശേഷിക്കെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പ്രചാരണ രംഗത്ത് കൃത്യതയോടെയുള്ള യുഡിഎഫ് മുന്നേറ്റമാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാനുള്ള വീറും വാശിയും പ്രവര്‍ത്തകരില്‍ പ്രകടമാണ്. എ.കെ ആന്റണി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പര്യടനം മണ്ഡലത്തെ ഇളക്കി മറിക്കുന്നതായിരുന്നു. ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആദര്‍ശ വിശുദ്ധിയുടെയും പര്യായമായ യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ നാട്ടുകാരനെന്ന നിലയില്‍ ഓരോ വോട്ടര്‍ക്കും സുപരിചതനാണെന്നത് പ്രചാരണ രംഗത്തെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായി. ഇന്നലെ സ്ഥാനാര്‍ഥിയോടൊപ്പം യുഡിഎഫ് നേതാക്കള്‍ നടത്തിയ റോഡ് ഷോയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനവും പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുടംബയോഗങ്ങളിലും സാദിഖലി തങ്ങള്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് 5 മണിക്ക് പരസ്യ പ്രചാരണത്തിന് തിരശ്ശീല വീഴാനിരിക്കെ ആവനാഴിയിലെ സര്‍വ്വ അസ്ത്രങ്ങളും പുറത്തെടുക്കുകയാണ് മുന്നണികള്‍. രാഷ്ട്രീയ കേരളം കാതോര്‍ക്കുകയാണ്, ചെങ്ങന്നൂരിലേക്ക്. ജനവിധിക്കായി.

chandrika: