X

ഐ.എസ്.എല്‍ : വിജയം, ചെന്നൈ പ്ലേ ഓഫിന്

 

മഡ്ഗാവ്: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സി എക ഗോളിന് ആതിഥേയരായ എഫ് സി.ഗോവയെ പരാജയപ്പെടുത്തി. 52ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഇനിഗോ കാള്‍ഡറോണ്‍ ചെന്നൈയിന്റെ വിജയ ഗോള്‍ നേടിയത്. ആദ്യപാദത്തില്‍ ഗോവയോട് തോറ്റതിനു മധുരമായ പ്രതികാരം ഗോവയുടെ തട്ടകത്തില്‍ നിര്‍വഹിക്കാന്‍ ചെന്നൈയിനു കഴിഞ്ഞു. ചെന്നൈ ഡിഫന്‍ഡര്‍ മെയില്‍സണ്‍ ആല്‍വസ് ആണ് ഹീറോ ഓഫ് ദി മാച്ച്.

ജയത്തോടെ ചെന്നൈയിന്‍ 15 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റ് ആയി. സെമി ഫൈനല്‍ പ്ലേ ഓഫ് ചെന്നൈയിന്‍ എകദേശം ഉറപ്പിച്ചു. 14 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റോടെ ഗോവ ആറാം സ്ഥാനത്ത് തുടര്‍ന്നു. ആവേശത്തോടെ തുടങ്ങിയ മത്സരത്തില്‍ 10-ാം മിനിറ്റില്‍ ചെന്നൈയിന്റെ ധന്‍പാല്‍ ഗണേഷിനു മഞ്ഞക്കാര്‍ഡ്.ഇതോടെ നാല് മഞ്ഞക്കാര്‍ഡ് കണ്ടുകഴിഞ്ഞ ധന്‍പാലിനു അടുത്ത മത്സരം കളിക്കാനാവില്ല.

ചെന്നൈയിനായിരുന്നു ഒന്നാം പകുതിയില്‍ മുന്‍തൂക്കം. ഗോവയുടെ ഗോള്‍ കീപ്പര്‍ നവീന്‍ കുമാറിന്റെ സേവുകളാണ് ഗോവയെ രക്ഷിച്ചത്. ഇതില്‍ എടുത്തു പറയാവുന്ന രക്ഷപ്പെടുത്തലുകള്‍ 38ാം മിനിറ്റില്‍ തുടരെ വന്ന രണ്ട്് ആക്രമണങ്ങളില്‍ നിന്നാണ്. . ഇനിഗോ കാള്‍ഡറോണിന്റെ പാസില്‍ ബിക്രം ജിത്തിന്റെ ആദ്യ ഷോട്ട് കൈകൊണ്ട് തട്ടിയകറ്റിയ ഗോവന്‍ ഗോളി നവീന്‍ കൂമാര്‍ അടുത്ത ജെജെയുടെ ഷോട്ട് കാലുകള്‍ കൊണ്ടും തടഞ്ഞു. ഗോവയ്ക്ക് അനുകൂലമായ കോര്‍ണറോടെ രണ്ടാം പകുതിക്കു തുടക്കമായി.എന്നാല്‍ കരണ്‍ജിത് പന്ത് കരങ്ങളിലൊതുക്കി രക്ഷപ്പെടുത്തി. ഗോവ 47ാം മിനിറ്റില്‍ ഇഞ്ച് വ്യത്യാസത്തില്‍ രക്ഷപ്പെട്ടു.

ഗ്രിഗറി നെല്‍സന്റെ ക്രോസില്‍ ചെന്നൈയിന്റെ കളിക്കാര്‍ക്കു കിട്ടാതെ തടയാന്‍ നവീന്‍ കുമാര്‍ നടത്തിയ ശ്രമം ഫലിച്ചില്ല. പന്തു കാലില്‍ കിട്ടിയ ജെജെ പന്ത് ഗോള്‍ വലയത്തിലേക്കു തട്ടിയിട്ടു. എന്നാല്‍ ദൂര്‍ബലമായ ശ്രമം ഗോള്‍ ലൈനില്‍ വെച്ചു നാരായണ്‍ ദാസ് തട്ടിയകറ്റി അപകടം ഒഴിവാക്കി. 52ാം മിനിറ്റില്‍ ചെന്നൈയിന്‍ ഗോള്‍ മുഖം തുറന്നു. ബോക്‌സിനു വെളിയില്‍ നിന്നും ഗ്രിഗറി നെല്‍സന്റെ വെടിയുണ്ട ഷോട്ട് ഗോവന്‍ ഗോളി തടുത്തു. എന്നാല്‍ റീബൗണ്ട് ആയി വന്ന പന്ത് ജെജെ ലാല്‍പെക്യൂലയുടെ ഷോട്ട് ബ്രൂണോ പിന്‍ഹിറോയുടേയും ഇനിഗോ കാള്‍ഡറോണിന്റെയും കാലില്‍ തട്ടി വലയിലേക്ക് (1-0). സൂക്ഷമ പരിശോധനയില്‍ ഗോള്‍ കാള്‍ഡറോണിനു സമ്മാനിച്ചു.55ാം മിനിറ്റില്‍ ഗോവയ്ക്കു അനുകൂലമായി ബോക്‌സിനു മുന്നില്‍ ഫ്രീകിക്ക്. ലാന്‍സറോട്ടി എടുത്ത കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നകന്നു.

chandrika: