X

ജി.സുധാകരന്റെ വര്‍ണവെറി പരാമര്‍ശം: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ചെന്നിത്തല

 

തിരുവനന്തപുരം: ലോകബാങ്ക് ടീം ലീഡര്‍ക്കെതിരെ സംസ്ഥാന മന്ത്രി ജി.സുധാകരന്‍ നടത്തിയ വര്‍ണവെറി പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ജി.സുധാകരനെപ്പോലെയുള്ള ഒരു മന്ത്രിയില്‍ നിന്ന് തീരെ പ്രതീക്ഷിക്കാത്തതാണ് വര്‍ണ്ണവെറി കലര്‍ന്ന ഈ പരാമര്‍ശം. ഇത് അന്താഷ്ട്ര തലത്തില്‍ തന്നെ കേരളത്തിന്റെ അന്തസ് ഇടിച്ചു താഴ്ത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഇത് നാണക്കേട് വരുത്തിവെച്ചു. വര്‍ണവെറിക്കെതിരെ എന്നും ശക്തമായി നിലാടെടുത്തിട്ടുള്ള രാഷ്ട്രമാണ് നമ്മുടേത്. ജാതി മത വര്‍ണ വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യതയോടെ കാണുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. എല്ലാ സംസ്‌ക്കാരങ്ങളെയും കൈ നീട്ടി സ്വീകരിക്കുന്ന സംസ്‌ക്കാരമാണ് ഇന്ത്യാക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കുമുള്ളത്. ആ പാരമ്പര്യത്തിനാണ് സുധാകരന്റെ വിവേക രഹിതമായ പരാമര്‍ശം വഴി പോറലുണ്ടായിരിക്കുന്നത്. മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ലോക ബാങ്ക് എത്തിക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ദക്ഷിണേഷ്യന്‍ വൈസ് പ്രസിഡന്റ്, മാനവ വിഭവശേഷി വൈസ് പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് കത്തെഴുതിയിരിക്കുകയാണ്. ലോകബാങ്ക് വളരെ ഗൗരവമായണ് ഈ പരാമര്‍ശം എടുത്തിരിക്കുന്നത്. കെ.എസ്.ടി.പി അടക്കമുള്ള നമ്മുടെ പദ്ധതികളെ ഇത് ബാധിക്കുകയും ചെയ്യും.
അതിനാല്‍ കേരളത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിന് മുഖ്യമന്ത്രി തന്നെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മാപ്പ് ചോദിക്കണമെന്നും പദ്ധതികള്‍ മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

chandrika: