X
    Categories: More

അതിര്‍ത്തി സംഘര്‍ഷം: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ചൈന

 

ബീജിങ്: സിക്കിം അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ചൈന. സ്വന്തം സുരക്ഷ ശ്രദ്ധിക്കണമെന്നും കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി മുന്നറിപ്പ് നല്‍കി. കഴിഞ്ഞ ദിവസവും സമാനമായ സന്ദേശം ചൈനീസ് വിദേശകാര്യ മന്ത്രാലയം നല്‍കിയിരുന്നു. ഇതോടൊപ്പം ഇന്ത്യന്‍ നിയമങ്ങളും നിയന്ത്രണങ്ങളും പിന്തുടരണമെന്നും ഇന്ത്യയില്‍ യാത്ര ചെയ്യുന്ന ചൈനീസ് പൗരന്‍മാര്‍ തിരിച്ചറിയല്‍ രേഖകള്‍ കൂടെ കരുതണമെന്നും എംബസി നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി യാത്രക്കു മുമ്പ് സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, കുടുംബം തുടങ്ങിയവരെ വിവരമറിയിക്കണമെന്നും ചൈന പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതാണ്ട് രണ്ടു ലക്ഷത്തോളം ചൈനീസ് പൗരന്‍മാര്‍ ഒരു വര്‍ഷം ഇന്ത്യയില്‍ എത്തുന്നുവെന്നാണ് കണക്ക്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിരവധി ചൈനീസ് കമ്പനികളും തൊഴിലാളികളുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം പൗരന്മാര്‍ക്കു മുന്നറിയിപ്പുമായി ചൈനീസ് അധികൃതര്‍ രംഗത്തെത്തിയത്. ചൈനീസ് സര്‍ക്കാര്‍ പൗരന്‍മാരുടെ സുരക്ഷക്കും അവകാശങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നായിരുന്നു ഇതേ കുറിച്ച് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങിന്റെ പ്രതികരണം. ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക് ലാമില്‍ മൂന്നാഴ്ചയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്.

chandrika: