X
    Categories: Culture

കൊളംബിയയില്‍ മണ്ണിടിച്ചില്‍; 254 മരണം

മൊക്കൊവ: ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലുണ്ടായ മണ്ണിടിച്ചിലില്‍ 254 പേര്‍ മരിച്ചു. നൂറുകണക്കിന് ആളുകളെ കാണാതായി. തെക്കുപടിഞ്ഞാറന്‍ കൊളംബിയയിലെ മൊക്കൊവ നഗരത്തിലാണ് സംഭവം. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് വന്‍ നാശത്തിനു കാരണമായ മണ്ണിടിച്ചിലിന് കാരണം. രാത്രി നദികള്‍ കരകവിഞ്ഞ് മണ്ണും മറ്റ് അവശിഷ്ടങ്ങളും നഗരത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ആളുകള്‍ ഉറങ്ങിക്കിടക്കവെ ഉണ്ടായ പ്രളയത്തില്‍ വാഹനങ്ങളും മരങ്ങളും ഒഴുകിപ്പോയി.

അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍നിന്ന് രക്ഷതേടി വീടുകള്‍ക്കുമുകളില്‍ കയറാനോ, ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് നീങ്ങാനോ നഗരവാസികള്‍ക്ക് സമയം ലഭിച്ചില്ല. ഏതാനും ദിവസമായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. എന്നാല്‍ ദുരന്തമുണ്ടായ ദിവസം ഒരു മാസത്തെ മഴയില്‍ 30 ശതമാനവും ഒരു രാത്രി പെയ്തു. 220 പേരെ കാണാതായിട്ടുണ്ട്. 400 പേര്‍ക്ക് പരിക്കേറ്റു. കാണാതായവര്‍ക്കുവേണ്ടി ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്. നഗരത്തില്‍ ഒഴുകിയെത്തിയ നൂറുകണക്കിന് ടണ്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. വൈദ്യുതി ലൈനുകളും റോഡുകളും തകര്‍ന്നത് ജനജീവിതം ദുരിതപൂര്‍മാക്കിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യയമായ എല്ലാ വഴികളും തേടുമെന്ന് കൊളംബിയന്‍ റെഡ്‌ക്രോസ് മേധാവി സെസാര്‍ ഉറുവേന പറഞ്ഞു. മൊക്കൊവയുടെ തെരുവകളില്‍ ചെളിയും മരങ്ങളും കെട്ടിടാവശിഷ്ടങ്ങളും കുന്നുകൂടിക്കിടക്കുകയാണ്. ഉറ്റവരെയും ബന്ധുക്കളെയും തേടി ആളുകള്‍ ദുരന്ത ഭൂമിയില്‍ അലയുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസ് പ്രദേശം സന്ദര്‍ശിച്ചു. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പ്രദേശമാകെ പ്രളയത്തിലും മണ്ണിടിച്ചിലിലും തുടച്ചുനീക്കപ്പെട്ടു. വനത്തോട് ചേര്‍ന്ന് പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായതെന്നത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കിയിട്ടുണ്ട്. കൊളംബിയന്‍ വ്യോമസേന രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളും കുടിവെള്ളവും മരുന്നും എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിരവധി പേരെ വ്യോമസേന സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചു. നവംബറില്‍ മൊക്കൊവയില്‍നിന്ന് 140 കിലോമീറ്റര്‍ അകലെ എല്‍ ടാംബോ നഗരത്തിലുണ്ടായ മണ്ണിടിച്ചിലില്‍ ഒമ്പതുപേര്‍ മരിച്ചിരുന്നു.

chandrika: