X

കാമുകി വിവാഹത്തിന് ഉപാധിവെച്ചു, സര്‍ക്കാര്‍ ജോലി കിട്ടാന്‍ യുവാവ് അച്ഛന്റെ കഴുത്തറുത്തു

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ മകന്‍ അച്ഛനെ കഴുത്തറുത്തുകൊന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ചന്ദ്ര പാല്‍ (57) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മകന്‍ തരുണ്‍ പാലി(22)നെ പൊലീസ് അറസ്റ്റു ചെയ്തു.പ്രതാപൂരിലെ കസംബാദ് വില്ലേജിലുള്ള വനത്തില്‍ ഫെബ്രുവരി ഒന്നിനാണ് ചന്ദ്രപാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്റെ പങ്ക് വ്യക്തമായത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ. തരുണ്‍ പാല്‍ ദീര്‍ഘനാളായി മീററ്റ് സ്വദേശിയായ യുവതിയുമായി പ്രണയത്തിലായിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ജോലിയുണ്ടെങ്കിലേ വിവാഹത്തിന് സമ്മതിക്കൂവെന്ന് യുവതി തരുണ്‍ പാലിന് മുന്നില്‍ ഉപാധി വച്ചു. 2016ല്‍ സി.ആര്‍.പി.എഫ് പരീക്ഷയില്‍ യോഗ്യത നേടിയെങ്കിലും ആരോഗ്യപരിശോധനയില്‍ പുറത്തായി. മറ്റു മാര്‍ഗങ്ങളിലും സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഇതോടെ നിരാശനായ യുവാവ്, അച്ചന്‍ മരിച്ചാല്‍ ആശ്രിത നിയമനമെന്ന നിലയില്‍ പോസ്റ്റല്‍ വകുപ്പില്‍ ജോലി ലഭിക്കുമെന്ന വിവരം അറിഞ്ഞതോടെ അച്ഛനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. ഫെബ്രുവരി ഒന്നിന് പിതാവിനൊപ്പം വനത്തോടു ചേര്‍ന്നുള്ള കൃഷി സ്ഥലത്തെത്തിയ യുവാവ് ഇവിടെവച്ച് ചന്ദ്രപാലിനെ കഴുത്തറുത്ത ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഗ്രാമീണരാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. സംശയം തോന്നിയ പൊലീസ് തരുണ്‍ പാലിനെ വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

chandrika: