X

കുതിച്ചുയര്‍ന്ന് ഇന്ധന വില; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍- ഡീസല്‍ വിലയില്‍ വര്‍ധന. ഇന്നലെ മാത്രം പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസലിന് 9 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70 രൂപ 37 പൈസയും ഡീസലിന് 64 രൂപ 19 പൈസയുമാണ് ചില്ലറ വില. മുംബൈയില്‍ പെട്രോളിന് 76.06 രൂപയും ഡീസലിന് 67.30 രൂപയും രേഖപ്പെടുത്തി. ചെന്നൈ: പെട്രോള്‍ (73.10), ഡീസല്‍ (67.90). കൊല്‍ക്കത്ത: പെട്രോള്‍ (72.63), ഡീസല്‍ (66.11) എന്നിങ്ങനെയാണ് നിരക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വിലയില്‍ ക്രമാധീതമായ വര്‍ധന രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയില്‍ വില കൂടുന്നതാണ് ഇന്ധന വില ഉയരുന്നതിന് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്. എന്നാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയും പെട്രോളിയം കമ്പനികളുടെ അമിത ലാഭവും വില വര്‍ധനവിന്റെ മറ്റൊരു കാരണമാണ്. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയും ഡോളര്‍- രൂപ വിനിമയ നിരക്കുമാണ് ഇന്ധനവില നിശ്ചയിക്കാന്‍ ആധാരമാക്കുന്നത്. എന്നാല്‍, എണ്ണവില കുറഞ്ഞാലും ഇന്ധനവില കുറക്കാന്‍ മടിക്കുന്ന എണ്ണക്കമ്പനികള്‍ എണ്ണവിലയിലെ നേരിയ വര്‍ധനയുടെ മറവില്‍ പലപ്പോഴും ഇന്ധനവില കുത്തനെ ഉയര്‍ത്തുന്ന സ്ഥിതിയാണ്. ഇന്ത്യ പ്രധാനമായും പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് ഇറാനില്‍ നിന്നാണ്. ഇറാന് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇറാനില്‍ നിന്നുളള പെട്രോളിയം ഉല്‍പന്നങ്ങളുടെ വരവ് നിലക്കുന്നതോടെ ഇന്ധന വില വീണ്ടും ഉയരാന്‍ ഇടയാക്കും. അതേസമയം ഇന്ധന വില കുതിച്ചുയര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ജൂണ്‍ 22 മുതല്‍ 30 വരെയുള്ള ഇന്ധന വില വര്‍ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു സുര്‍ജേവാലയുടെ വിമര്‍ശനം. ജൂണ്‍ 22 ന് ഡല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 69.93 രൂപയായിരുന്നു. എന്നാല്‍ ജൂണ്‍ 30 ആയപ്പോഴേക്കും വില 70.40 ലേക്ക് കുതിച്ചു. ഡീസല്‍ വിലയും വര്‍ധിച്ചു. 22 ന് ഡീസല്‍ വില ലിറ്ററിന് 63.78 ആയിരുന്നെങ്കില്‍ ജൂണ്‍ 30 ആയപ്പോഴേക്കും ലിറ്ററിന് 64.22 രൂപയായി. ഇന്ധന വില സാധാരണക്കാരന്റെ നടുവൊടിക്കുമ്പോഴും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 135 ഡോളര്‍ വരെ ആയിരുന്നു. അന്ന് പെട്രോള്‍ ലിറ്ററിന് 9 രൂപയും ഡീസല്‍ ലിറ്ററിന് 12 രൂപയും സബ്‌സിഡി നല്‍കിയാണ് യു.പി.എ സര്‍ക്കാര്‍ ഇന്ധന വില നിയന്ത്രിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരു ട്വീറ്റില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരള സര്‍ക്കാരിനെതിരേയും സുര്‍ജേവാല ആഞ്ഞടിച്ചു. പ്രളയാനന്തരം കേരളത്തിലെ കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ ഒന്നും തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. ചായപ്പൊടി ഉത്പാദനം 120 ലക്ഷം ടണ്‍ ആയി കുറഞ്ഞു. റബ്ബര്‍ ഉത്പാദനം 15,000 ടണ്‍ ആയി കുറഞ്ഞു. വാഴകൃഷിയും പ്രതിസന്ധി നേരിടുകയാണ്. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സുര്‍ജ്ജേവാല ആവശ്യപ്പെട്ടു.

chandrika: