X

ചെറുകിട വ്യവസായികള്‍ക്കുള്ള അവാര്‍ഡ്: സി.പി.എം എം.എല്‍.എയുടെ മകന് അട്ടിമറിയിലൂടെ നല്‍കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ചെറുകിട വ്യവസായികള്‍ക്കുള്ള സര്‍ക്കാര്‍ അവാര്‍ഡില്‍ തിരിമറി. 2014-15 വര്‍ഷത്തെ അവാര്‍ഡ് സി.പി.എം എം.എല്‍.എ വി.കെ.സി മമ്മത് കോയയുടെ മകനും വന്‍കിട വ്യവസായിയുമായ നൗഷാദിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യവസായ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് സി.പി.എം എം.എല്‍.എയുടെ മകന് സംസ്ഥാനതലത്തില്‍ ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന എം.എസ്.എം.ഇ അവാര്‍ഡ് തിരിമറിയിലൂടെ നല്‍കാന്‍ തീരുമാനിച്ചത്. എം.എല്‍.എയുടെ മകന്‍ വന്‍കിട വ്യവസായി ആണെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടിയെങ്കിലും വ്യവസായ വാണിജ്യ ഡയരക്ടര്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഈ നടപടി കേരളത്തിലെ വ്യവസായികളോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണെന്ന് കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ബി അഫ്‌സല്‍ പറഞ്ഞു. ചെറുകിട വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാവര്‍ഷവും സര്‍ക്കാര്‍ വ്യവസ്ഥാപിതമായി നല്‍കിവരുന്ന അവാര്‍ഡാണ് എം.എസ്.എം.ഇ അവാര്‍ഡ്. കുറഞ്ഞത് മൂന്നുവര്‍ഷം പ്രവര്‍ത്തിക്കുന്നതും സ്ഥാപനത്തിന്റെ വിറ്റുവരവ്, തൊഴിലാളികളുടെ എണ്ണം, ഉല്‍പന്നത്തിന്റെ നിലവാരം തുടങ്ങി 11 നിബന്ധനകള്‍ പാലിക്കുന്നതുമായ ചെറുകിട വ്യവസായികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ജില്ലാവ്യവസായ കേന്ദ്രങ്ങളില്‍ അപേക്ഷ സ്വീകരിച്ച് ജില്ലാ എം.എസ്.എം.ഇ അവാര്‍ഡ് കമ്മിറ്റി പാസാക്കിയ പട്ടിക വ്യവസായ വാണിജ്യ ഡയരക്ടറേറ്റിലേക്ക് അയക്കുകയാണ് ചെയ്യുക. വ്യവസായ വാണിജ്യ ഡയരക്ടര്‍ അടങ്ങുന്ന സമിതി ഈ പട്ടിക വിലയിരുത്തി ഇരുപത് പേരുടെ ചുരുക്ക പട്ടിക തയാറാക്കും. ഇവരുമായി കൂടികാഴ്ച നടത്തിയാണ് എം.എസ്.എം.ഇ അവാര്‍ഡ് നല്‍കുന്നത്.അവാര്‍ഡ് തിരിമറി നടത്തുന്നതിനെതിരെ കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒ രംഗത്ത് വന്നു. സര്‍ക്കാറിന്റെ ഈ തീരുമാനത്തില്‍ മാറ്റം വരുത്തി അര്‍ഹതപ്പെട്ടവര്‍ക്ക് എം.എസ്.എം.ഇ അവാര്‍ഡ് നല്‍കണമെന്ന് ജനറല്‍ സെക്രട്ടറി എം.ബി അഫ്‌സല്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ. ജയറാണി, സംസ്ഥാന സെക്രട്ടറി പി.ജെ. ജോര്‍ജ് കുട്ടി, ജില്ലാപ്രസിഡന്റ് മാഹീന്‍ അബൂബക്കര്‍ സംസാരിച്ചു.

chandrika: