X

ക്രെഡിറ്റ്‌ കാർഡ് റദ്ദാക്കുന്നവരെ പറ്റിച്ചു; തട്ടിയത് ലക്ഷങ്ങൾ; കസ്റ്റമർ റിലേഷൻ ഓഫിസർ അറസ്റ്റിൽ

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. നിലമ്പൂർ വരമ്പൻപൊട്ടി സ്വദേശി പറമ്പാട്ടിൽ ദലീലിനെയാണ് (31) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രെഡിറ്റ് കാർഡിന്റെ കസ്റ്റമർ റിലേഷൻ ഓഫിസറായി ജോലി ചെയ്യുകയായിരുന്ന ദലീൽ ക്രെഡിറ്റ് കാർഡ് റദ്ദാക്കാൻ വരുന്ന കസ്റ്റമറുടെ അക്കൗണ്ടുകളിൽനിന്ന് അവരറിയാതെ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ 11 സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബാങ്കിലെ ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്ന ജോലിയാണ് ദലീല്‍ ചെയ്തുവന്നിരുന്നത്. ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്യാന്‍ വരുന്ന ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും ലോഗിന്‍ ഐ.ഡിയും പാസ്‌വേഡുമൊക്കെ കൈക്കലാക്കി പണം തന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു രീതി. പ്രതിയുടെ വ്യാജ ഇമെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പറും ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും.

ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ ലോണുകൾ എടുത്ത് വിവിധ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്നര വർഷം മുമ്പ് പൂളമണ്ണ സ്വദേശി ക്രെഡിറ്റ്‌ കാർഡ് റദ്ദാക്കുന്നതിനു വേണ്ടി ദലീലിനെ സമീപിച്ചിരുന്നു. തുടർന്ന്, പലതവണകളിലായി അക്കൗണ്ടിൽനിന്ന് രണ്ടു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതിന് തുടർന്ന് ഇയാൾ പാണ്ടിക്കാട് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ദലീൽ പിടിയിലായത്.

webdesk14: