X

ബുര്‍ഖയും പര്‍ദ്ദയും ധരിച്ചെത്തി, ചെസ് ടൂര്‍ണമെന്റില്‍ വിജയിച്ച യുവാവ് പിടിയില്‍

ബുര്‍ഖയും പര്‍ദ്ദയും ധരിച്ചെത്തി ചെസ് ടൂര്‍ണമെന്റില്‍ ദേശീയ ചാമ്പ്യനെയടക്കം തോല്‍പ്പിച്ച യുവാവ് പിടിയില്‍. സ്റ്റാന്‍ലി ഒമോണ്ടിയെന്ന യുവാവാണ് പിടിയിലായത്. വനിതാ താരം ചമഞ്ഞ് ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചാണ് യുവാവ് 42,000 ഡോളര്‍ നേടിയത്.

ടൂര്‍ണമെന്റില്‍ ഇയാള്‍ മിലിസെന്റ് അവോര്‍ എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തത്. മത്സരത്തിന്റെ നാലാം റൗണ്ട് വരെ ഇയാള്‍ ഒന്നും സംസാരിച്ചില്ലെന്നും സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് സാധാരണമാണ് എന്നതിനാല്‍ ആദ്യം സംശയം തോന്നിയില്ലെന്നും ചെസ് കെനിയ പ്രസിഡന്റ് പറഞ്ഞു.

അവന്റെ ഷൂസാണ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്ത്രീകള്‍ ധരിക്കുന്നതിന് വ്യത്യസ്ഥമായ ഷൂ ആയിരുന്നു ഇത്. അയാള്‍ തീരെ സംസാരിക്കാതിരിക്കുന്നതും ഞങ്ങള്‍ ശ്രദ്ധിച്ചു. തന്റെ ടാഗ് എടുക്കാന്‍ വന്നപ്പോഴും അവന്‍ മിണ്ടിയിരുന്നില്ല. സാധാരണ കളിക്കുമ്പോള്‍ ഇടയ്‌ക്കെങ്കിലും പരസ്പരം സംസാരിക്കാറുണ്ട്.

മത്സരത്തിന് ഒടുവില്‍ അധികൃതര്‍ അയാളോട് തിരിച്ചറിയല്‍ രേഖ ചോദിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. ഇതോടെ തട്ടിപ്പുക്കാരനായ മത്സരാര്‍ഥിയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കി. ഇയാളുടെ എല്ലാ പോയിന്റുകളും എതിരാളികള്‍ക്ക് നല്‍കുകയും ചെയ്തു. കൂടാതെ നിരവധി വര്‍ഷത്തെ വിലക്ക് നേരിടേണ്ടിവരുമെന്ന് ചെസ് കെനിയ പ്രസിഡന്റ്.

തുടര്‍ന്ന് സംഭവത്തില്‍ യുവാവ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. സാമ്പത്തിക ആവശ്യങ്ങളാണ് അങ്ങനെ ചെയ്യാന്‍ കാരണം. എന്റെ പ്രവര്‍ത്തിയില്‍ ഖേദിക്കുന്നു. ഇതിന്റെ അനന്തരഫലങ്ങളും അംഗീകരിക്കുന്നെന്ന് ഓമോണ്ടി പറഞ്ഞു.

webdesk13: