X

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടി എടുക്കാതെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ നടത്താതെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാറിനെ കുറ്റം പറഞ്ഞ് തടിതപ്പാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. കേന്ദ്ര സര്‍ക്കാറുമായി നിരന്തരം ഇടപെട്ട് കൂടുതല്‍ ഇളവ് നേടിയെടുക്കുന്നതിലും സംസ്ഥാനം പരാജയപ്പെട്ടു. 500, 1000 കറന്‍സി നോട്ടുകള്‍ അസാധുവായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളും പണം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുകഴിഞ്ഞു.

ട്രഷറികളില്‍ ഉള്‍പ്പെടെ പഴയ 500, 1000 നോട്ടുകള്‍ യഥേഷ്ടമുള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ വിവിധ സ്ഥാപനങ്ങള്‍ ഇന്നലെ രാവിലെ തന്നെ ജനങ്ങളില്‍ നിന്ന് നോട്ടുകള്‍ എടുക്കില്ലെന്ന് പ്രഖ്യാപിച്ചതാണ് ജനങ്ങള്‍ക്ക് ഏറെ ദുരിതം സമ്മാനിച്ചത്. അത്യാവശ്യം വേണ്ട സേവനമേഖലയിലെങ്കിലും ഇളവ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറായതുമില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളൊന്നും 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിക്കില്ല. കെ.എസ്.ആര്‍.ടി.സിക്കും ആസ്പത്രികളിലും മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.
ബാങ്കിങ് റെഗുലേഷനില്‍പ്പെടാത്ത സഹകരണമേഖലയിലുള്ള പണം ഏതു രൂപത്തിലാണു കൈകാര്യം ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

ട്രഷറിയുടെ നടത്തിപ്പു സംബന്ധിച്ചും കൃത്യമായ നിര്‍ദേശങ്ങളൊന്നും കേന്ദ്രസര്‍ക്കാറില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. അതേസമയം, കേന്ദ്രസര്‍ക്കാറിനോട് ഒരു കാര്യവും ചോദിച്ച് വ്യക്തത വരുത്താന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. ട്രഷറികളുടെ കാര്യത്തില്‍ പോലും വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്രത്തില്‍ ആരും ഇല്ല. തികഞ്ഞ അരാജകത്വം നിലനില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനസര്‍ക്കാരിന് കേന്ദ്രനികുതിവിഹിതമായി ഈ ആഴ്ച നല്‍കേണ്ടിയിരുന്ന 453 കോടി രൂപ വെട്ടിക്കുറച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 296 കോടി രൂപയുടെ റവന്യുക്കമ്മി ഗ്രാന്റും കേന്ദ്രം നല്‍കിയിട്ടില്ല. ഇത്തരത്തില്‍ നിഷേധിക്കപ്പെട്ട 721 കോടി രൂപ സംസ്ഥാനട്രഷറിയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായ തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

chandrika: