X
    Categories: columns

ക്യാപ്റ്റന്‍

ഇന്ത്യന്‍ കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഇത് നിലനില്‍പിന്റെ പോരാട്ട കാലമാണ്. കേന്ദ്ര സര്‍ക്കാര്‍ സെപ്തംബറില്‍ പാസാക്കിയ മൂന്ന് കാര്‍ഷികാനുബന്ധ നിയമങ്ങള്‍ രാജ്യത്തെ കര്‍ഷക ജനതയെ പാപ്പരാക്കുമെന്ന് പറയുമ്പോള്‍ അതെല്ലാം അവര്‍ക്കുവേണ്ടിയാണെന്ന വാദത്തിലാണ് മോദി സര്‍ക്കാരും ബി.ജെ.പിയും. എന്നാലിതാ പഞ്ചാബിലെയടക്കം ലക്ഷക്കണക്കിന് വരുന്ന കര്‍ഷക ജനത നവബംര്‍ 26നും 27നുമായി ആരംഭിച്ച ‘ദില്ലിചലോ’ മാര്‍ച്ചും ഡല്‍ഹിയിലെ അനിശ്ചിതകാല കുത്തിയിരിപ്പും നേട്ടമായിരിക്കുന്നത് കോണ്‍ഗ്രസിനും അതും കഴിഞ്ഞാല്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനുമാണ്. കര്‍ഷക സമരത്തിന്റെ പ്രായോജകനാണ് അമരീന്ദറെന്ന് ചിലര്‍ പറയുമ്പോള്‍ അമരീന്ദരാണ് സമരത്തിന്റെ പിന്നിലെന്ന ആക്ഷേപമാണ് ബി.ജെ.പിയും കേന്ദ്രമന്ത്രിമാരും ഉന്നയിക്കുന്നത്. പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഏതാണ്ട് ഭൂരിഭാഗവും പഞ്ചാബിലെ കര്‍ഷകരാണെന്നതാണ് അമരീന്ദറിലേക്ക് വിരല്‍ചൂണ്ടപ്പെടാനുള്ള കാരണം. എന്നാല്‍ യാതൊരുവിധത്തിലുള്ള രാഷ്ട്രീയവുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പാസാക്കി നടപ്പാക്കാനിരിക്കുന്ന കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമാണ് കര്‍ഷക സമിതികളുടെ വക്താക്കള്‍ ആവശ്യപ്പെടുന്നത്.

പഞ്ചാബ് ഇന്ത്യയിലെ കാര്‍ഷിക കലവറയാണെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. നെല്ലും ഗോതമ്പും വിളയുന്ന പഞ്ചാബില്‍നിന്നാണ് രാജ്യത്തെ നാലിലൊന്ന് ധാന്യവും വിളഞ്ഞ് വിതരണം ചെയ്യപ്പെടുന്നത്. ബിസിനസിലെന്നതുപോലെ കൃഷിയിലും പഞ്ചാബുകാര്‍ കേമന്മാരാണെന്നര്‍ത്ഥം. പരമ്പരാഗതമായി ഇഷ്ടംപോലെ ലഭിക്കുന്ന വെള്ളവും കൃഷിക്കനുയോജ്യമായ കാലാവസ്ഥയുമാണ് പഞ്ചാബിനെ രാജ്യത്തിന്റെ ധാന്യകലവറയാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നും കാര്യമില്ലെന്നമട്ടില്‍ കര്‍ഷകരുടെ അവകാശങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ കുത്തകകള്‍ക്കനുകൂലമായ നിയമങ്ങളുമായി മുന്നോട്ടുപോകുന്നത്.
ഈ സാഹചര്യത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിയെന്ന നിലക്ക് ക്യാപ്റ്റന്‍ അമരീന്ദറിന് ചില ചുമതലകളൊക്കെയുണ്ട്. അതും രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെന്ന നിലക്ക്. അതാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭം തുടര്‍ന്നാല്‍ അത് പഞ്ചാബിന്റെ സമ്പദ് വ്യവസ്ഥയെ മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷിതത്വത്തിന ്തന്നെ ഭീഷണിയായിരിക്കുമെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്.

പറയുക മാത്രമല്ല, അതുമായി കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രി അമിത്ഷായുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താനും ആവശ്യങ്ങളുന്നയിക്കാനും അദ്ദേഹം തയ്യാറായി. നാലു ലക്ഷം കര്‍ഷകരാണ് ഇതിനകം ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളിലായി തമ്പടിച്ചിരിക്കുന്നത.് പഞ്ചാബ്, ഹരിയാന അതിര്‍ത്തികളിലും ഉത്തര്‍പ്രദേശിലെ ആഗ്രയിലും കര്‍ഷകരുടെ കുടികിടപ്പ് തുടങ്ങിയത് ചെറുതായൊന്നുമല്ല കേന്ദ്ര സര്‍ക്കാരിനെയും പ്രത്യേകിച്ച് മോദി-അമിത്ഷാദികളെയും ബുദ്ധിമുട്ടിക്കുന്നത്. കയ്ച്ചിട്ട് ഇറക്കാനും പറ്റില്ല എന്ന അവസ്ഥയിലാണ് പാര്‍ട്ടിയും സര്‍ക്കാരും. ക്യാപ്റ്റനുമായി അമിത്ഷാ അനുരഞ്ജനത്തിന് ശ്രമിച്ചപ്പോള്‍തന്നെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അമരീന്ദറിനെതിരെ രംഗത്തുവന്നു. ക്യാപ്റ്റന്‍ കര്‍ഷകര്‍ക്കെതിരായി ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്നാണ് കെജ്‌രിവാള്‍ ആരോപിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങ ള്‍ മറികടക്കാന്‍ ബദല്‍ നിയമങ്ങള്‍ സംസ്ഥാന നിയമസഭയില്‍ പാസാക്കിയെടുത്തയാളാണ് അമരീന്ദര്‍സിംഗ്. അതനുസരിച്ച് താങ്ങുവില നിലനിര്‍ത്താനും മറ്റും കഴിയും. കാര്യമായ ആരോപണം ക്യാപ്റ്റനെതിരെ കര്‍ഷക കൂട്ടായ്മകള്‍ ഉന്നയിക്കാത്തതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ പിന്തുണയെങ്ങാനും കര്‍ഷകര്‍ക്ക് ഉണ്ടായെന്ന ്‌വന്നാല്‍ ഈ പ്രക്ഷോഭത്തിന്റെ മുനയൊടിയും. അതിനാല്‍ ശ്രദ്ധിച്ചുതന്നെയാണ് അമരീന്ദറിന്റെ നീക്കം.’ഞാനാണ് അധികാരത്തിലെങ്കില്‍ ഒരുനിമിഷം പോലും കാത്തുനില്‍ക്കാതെ തെറ്റ് തിരുത്തി നിയമങ്ങള്‍ പിന്‍വലിക്കുമായിരുന്നു’ എന്നാണ് അമരീന്ദര്‍ പറഞ്ഞത്. അതേസമയം ശിരോമണി അകാലിദള്‍ ഇരട്ടത്താപ്പുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.ഡി.എയില്‍നിന്ന് കേന്ദ്രമന്ത്രിസ്ഥാനം പോലും രാജിവെച്ചാണ് അകാലിദള്‍ കര്‍ഷകരോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നത്. ആരാണ് യഥാര്‍ത്ഥ കര്‍ഷക സ്‌നേഹി എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് അമരീന്ദറും പ്രകാശ് സിംഗ് ബാദലുമെന്നര്‍ത്ഥം.

ഇത് രണ്ടാം തവണയാണ് അമരീന്ദര്‍ പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത്. മുമ്പ് 2002 മുതല്‍ 2007വരെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. പട്യാലയില്‍നിന്നുള്ള നിയമസഭാംഗമായ അമരീന്ദര്‍ അവിടുത്ത മുന്‍ രാജകുടുംബാംഗമാണ്. 1963 മുതല്‍ 69 വരെ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്നിട്ടുണ്ട്. മിക്കവാറുമെല്ലാ പഞ്ചാബികളുടെ രക്തത്തിലലിഞ്ഞിട്ടുള്ളതാണ് സ്വത്വത്തിനായുള്ള പോരാട്ടവീര്യം. കറകളഞ്ഞ മതേതരവാദി. മുന്‍ ക്രിക്കറ്റ് താരം നവജ്യോത്‌സിംഗ് സിദ്ദുവിന് ഉപമഖ്യമന്ത്രിസ്ഥാനം നല്‍കിയെങ്കിലും അമരീന്ദറുമായി ഇടഞ്ഞ് അദ്ദേഹമതൊഴിഞ്ഞു. പി.സി.സി അധ്യക്ഷനുമാണ് അമരീന്ദര്‍. 1980ല്‍ അമൃത്‌സറില്‍നിന്ന് ലോക്‌സഭാംഗം. 85 മുതല്‍ നിയമസഭാംഗമായി. പ്രായം 78. പ്രണീത്കൗറാണ് ഭാര്യ. രണ്ടുമക്കള്‍.

web desk 3: