X

നാലു ദിവസം നീണ്ട ശ്രമം വിഫലം; സുജിത് യാത്രയായി

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരന്‍ സുജിത് മരിച്ചു. നാലു ദിവസങ്ങള്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കിക്കൊണ്ടാണ് തിരിച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. കുട്ടി കുഴല്‍ക്കിണറില്‍ വീണ് 75 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും പ്രതീക്ഷ കൈവിടാതെ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി മരിച്ചതായി കണ്ടെത്തിയത്.

നാലാം ദിവസം പിന്നിട്ടതോടെ പുലര്‍ച്ചെ ഒരുമണിയോടെ ഡോക്ടര്‍മാരുടെ സംഘം കുഴല്‍കിണറില്‍ 85 അടി താഴ്ചയിലുള്ള കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. കുഴല്‍ കിണറില്‍ നിന്ന് അഴുകിയ ഗന്ധം പുറത്തുവന്നിരുന്നു. ഇതില്‍ നിന്നും കുട്ടി മരിച്ചുവെന്ന സ്ഥിരീകരണത്തിലേക്ക് ഡോക്ടര്‍മാരുടെ സംഘം എത്തുകയായിരുന്നു. തുടര്‍ന്ന് സമാന്തരമായി കുഴിയെടുക്കുന്നത് നിര്‍ത്തിവച്ച് കുഴല്‍ കിണറിനുള്ളില്‍ കൂടി തന്നെ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചയോടെ പുറത്തെടുത്തു.

പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ മൃതദേഹം വീണ്ടും ആറടിയോളം താഴ്ചയിലേക്ക് വീണിരുന്നു. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഘട്ടം ഘട്ടമായാണ് പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

chandrika: