X

നോട്ട് നിരോധനം തിടുക്കപ്പെട്ട് എടുത്ത തീരുമാനമല്ല: ഊര്‍ജിത് പട്ടേല്‍

മുംബൈ: നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം തിടുക്കപ്പെട്ട് എടുത്തതല്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. തീരുമാനത്തിന് ശേഷം ബാങ്കിങ് സംവിധാനത്തിലേക്ക് ഏകദേശം 11.85 ലക്ഷം കോടി രൂപ എത്തിയതായും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള രണ്ടാമത്തെ ധനവായ്പാ നയം പ്രഖ്യാപിക്കവെ മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

 

ഏറെ വിമര്‍ശന വിധേയമായ തന്റെ മൗനത്തിന് ശേഷം ആദ്യമായാണ് വിഷയത്തില്‍ പട്ടേല്‍ വിശദമായി സംസാരിച്ചത്. ‘ കള്ളനോട്ടും കള്ളപ്പണവും കണ്ടെത്തുകയെന്നതായിരുന്നു തീരുമാനത്തിനു പിന്നിലുള്ള ലക്ഷ്യങ്ങള്‍. ധാരാളം പേര്‍ തീരുമാനത്തെ അഭിനന്ദിച്ചിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് രാഷ്ട്രത്തിന് ഗുണം ചെയ്യും. നോട്ടു പിന്‍വലിക്കാനുള്ള തീരുമാനം തിടുക്കത്തിലുള്ളതായിരുന്നില്ല. 19 ബില്യണ്‍ പുതിയ നോട്ടുകളാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ജനങ്ങള്‍ക്ക് വിതരണം ചെയ്തതിനേക്കാള്‍ കൂടുതലാണിത്.
നിലവിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ പണം ബാങ്കുകളിലുണ്ട്. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് സര്‍ക്കാറും കേന്ദ്രബാങ്കും ബോധവാന്മാരാണ്. പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: