X

ഭൂമിക്കടിയില്‍നിന്ന് ഇടിമുഴക്കം കേട്ടതില്‍ പരിഭ്രാന്തരായി പ്രദേശവാസികള്‍

മാവൂര്‍: ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം കേട്ടതില്‍ പരിഭ്രാന്തരായി കോഴിക്കോട് മാവൂരിലെ മുഴാപ്പാലം നിവാസികള്‍. ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായവിധം ഇടിമുഴക്കം കേട്ടത് നാട്ടുകാരുടെ ഉറക്കം കെടുത്തിരിക്കുകയാണ്. മാവൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ കണ്ണിപറമ്പ് മുഴാപ്പാലത്ത് ആണ് സംഭവം. മുഴാപ്പാലം അങ്ങാടിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് സംഭവം. ശനിയാഴ്ച രാത്രി 7.30നും തിങ്കളാഴ്ച രാവിലെ 6.30നുമാണ് ഇടിമുഴക്കം കേട്ടത്. 100ഓളം വീടുകളില്‍ ശബ്ദം കേട്ടുവത്രെ. ജനലും വാതിലും കുലുങ്ങിയത്രെ. ഭീതിയെതുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് അഡീഷണല്‍ തഹസില്‍ദാര്‍ ഇ. അനിതകുമാരി, മാവൂര്‍ വില്ലേജ് ഓഫീസര്‍ ജയലത, ഗ്രാമ പഞ്ചായത്ത് അംഗം കെ. കവിതഭായ് എന്നിവര്‍ സ്ഥലത്തെത്തി. ഡെപ്യൂട്ടി കലക്ടറെയും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്. അധികൃതര്‍ ഉടന്‍ സ്ഥലത്തെത്തി പ്രദേശവാസികളുടെ ആശങ്ക ഉടന്‍ അകറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയുടെ പല സ്ഥലങ്ങളിലും ഇത്തരത്തില്‍ ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം പോലുള്ള ശബ്ദവും കെട്ടിടങ്ങള്‍ക്ക് വിറയലും അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി 9.35നാണ് സംഭവം. ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം പോലുളള ശബ്ദവും കെട്ടിടങ്ങള്‍ക്ക് വിറയലും അനുഭവപ്പെട്ടു. രണ്ട് സെക്കന്‍ഡ് മാത്രമാണുണ്ടായത്.

മഴ പെയ്യുന്നതിനാല്‍ ഇടിമുഴക്കമാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. വാതിലുകള്‍ ഇളകുകയും പാത്രങ്ങള്‍ മറിഞ്ഞുവീഴുകയും ചെയ്തതോടെയാണ് ഭൂചലനമാണെന്ന് തിരിച്ചറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.അതേസമയം രണ്ട് സെക്കന്‍ഡ് ദൈര്‍ഘ്യത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പേടിക്കേണ്ട് ആവശ്യമില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.

chandrika: