X
    Categories: columns

അതെ, ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ

കേരളംകണ്ട പ്രമാദമായ അന്താരാഷ്ട്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ക്ക്പിന്നാലെ സംസ്ഥാനത്തെ ഭരണഘടനാസ്ഥാപനങ്ങളില്‍ പ്രമുഖമായ നിയമസഭാസ്പീക്കറിലേക്ക്കൂടി ആരോപണപ്പെരുമഴ എത്തിയിരിക്കുന്നത് അതീവ ഗൗരവമായിരിക്കുന്നു. ജനാധിപത്യത്തിന്റെ ആണിക്കല്ലുകളിലൊന്നായ ജനപ്രതിനിധി-നിയമനിര്‍മാണസഭയുടെ അധിപന്‍ എന്ന നിലക്ക് യാതൊരു കാരണവശാലും സ്പീക്കറുടെ ഓഫീസോ സ്പീക്കര്‍തന്നെയോ കരിനിഴലില്‍ നില്‍ക്കപ്പെട്ടുകൂടാ. ജനങ്ങളെയും ജനാധിപത്യത്തെയും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും പ്രധാനമാണെങ്കിലും രാഷ്ട്രീയമായ ആരോപണങ്ങള്‍ക്ക് വിധേയമാകാറുണ്ടെന്നുള്ളത് ശരിയാണ്. സ്വര്‍ണക്കടത്തുകേസില്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കേന്ദ്രാന്വേഷണഏജന്‍സികള്‍ ചോദ്യംചെയ്യുകയും റിമാന്‍ഡില്‍വെക്കുകയും ചെയ്തിരിക്കവെ തനിക്കതിലൊന്നും യാതൊരു പങ്കുമില്ലെന്ന വാദമാണ് പിണറായി വിജയന്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. വിശദമായ അന്വേഷണത്തില്‍ ഇത് ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ സംബന്ധിച്ച് അതല്ല സ്ഥിതി. അദ്ദേഹം മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ പ്രതിനിധിയായാണ് ആ പദവിയിലെത്തിയത് എന്നതിനാലും, സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാളുമായി അടുപ്പമുണ്ടെന്ന് അദ്ദേഹംതന്നെ സമ്മതിച്ചതിനാലും സ്പീക്കര്‍ക്കെതിരായി ഇപ്പോഴുയര്‍ന്നിരിക്കുന്ന ആരോപണം നിര്‍ഭാഗ്യവശാല്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത് പരിപാവനമായ ആ മഹനീയ പദവിയെതന്നെയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ദിനങ്ങളിലാണ് സ്പീക്കര്‍ക്കെതിരെ സ്വപ്‌നസുരേഷിന്റേതെന്ന പേരില്‍ മൊഴി പുറത്തുവന്നിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് പുരാണം ഉദ്ധരിച്ചുകൊണ്ട് സ്പീക്കറെ പരോക്ഷമായി വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ‘പ്രസേനനെ കൊന്നത് ഈശ്വരനാണ്’ എന്ന പ്രയോഗമാണ് സുരേന്ദ്രന്‍ ഉദ്ധരിച്ചത്. അതിനുമുമ്പുതന്നെ മാധ്യമങ്ങളിലൂടെ ഒളിഞ്ഞും തെളിഞ്ഞും സ്പീക്കറുടെ പേര് പരാമര്‍ശിച്ച് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അട്ടക്കുളങ്ങര വനിതാജയിലില്‍ കഴിയുന്ന സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന. അവര്‍ മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയിലാണ് ശ്രീരാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചതെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും ഉന്നതന്‍ എന്നാണത്രെ സ്വപ്‌ന പറഞ്ഞത്. ബി.ജെ. പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കേന്ദ്രങ്ങളില്‍നിന്നാണ് സുരേന്ദ്രന് ഇത്തരത്തിലൊരു വിവരം കിട്ടിയതെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ അതെങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം അന്വേഷണ ഏജന്‍സിയായ ഇ.ഡിക്കും കേന്ദ്ര സര്‍ക്കാരിനുമുണ്ട്. ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തണമെന്നു മാത്രമാണ് പ്രതിപക്ഷമായ യു.ഡി.എഫും ജനങ്ങളും ആവശ്യപ്പെടുന്നത്. പുകമറയില്‍ നില്‍ക്കുന്നിടത്തോളം സ്പീക്കറുടെ പദവി വീണ്ടും വീണ്ടും കളങ്കപ്പെടുകയാണെന്ന ഓര്‍മ ഭരണനേതൃത്വത്തിനും ഭരിക്കുന്ന പാര്‍ട്ടികള്‍ക്കുമുണ്ടാകണം.

രാഷ്ട്രീയ മുക്തവും നിഷ്‌കളങ്കവുമായ പദവിയായി സ്പീക്കറുടെ ഓഫീസിനെ സംരക്ഷിക്കുന്നതില്‍ ഇതിനകംതന്നെ പരാജയപ്പെട്ടിട്ടുള്ളതാണെന്ന് കേരളീയര്‍ക്ക് ബോധ്യമുള്ള കാര്യമാണ്. സ്വപ്‌നസുരേഷ് യു.എ.ഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായിരിക്കവെ അവരുടെ ക്ഷണംസ്വീകരിച്ച് തിരുവനന്തപുരത്തെ സ്വ്പനയുടെ സുഹൃത്തും ബി.ജെ.പിക്കാരനുമായ സന്ദീപ്‌നായരുടെ കട ഉദ്ഘാടനംചെയ്യാന്‍ ചെന്നതാണ് വിവാദത്തിലേക്ക് സ്പീക്കറെ വലിച്ചിഴച്ചത്. അന്ന് അതില്‍ തനിക്ക് പങ്കില്ലെന്നും സ്വാഭാവികമായാണ് താന്‍ ഉദ്ഘാടനത്തിന് പോയതെന്നുമുള്ള ശ്രീരാമകൃഷ്ണന്റെ വാദം വിശ്വസിച്ച ജനങ്ങള്‍ക്കാണ് ഇപ്പോള്‍ വീണ്ടും അമളി പറ്റിയിരിക്കുന്നത്. എന്തുകാരണവശാലും സ്പീക്കറുടെ പദവിയെയും ഓഫീസിനെയും ചുറ്റിപ്പറ്റിയുയര്‍ന്നിരിക്കുന്ന ആരോപണത്തിന്റെ പുകമറയില്‍നിന്ന് സത്യം പുറത്തുകൊണ്ടുവരേണ്ട ബാധ്യത സ്പീക്കറുടെ ഓഫീസിനും സര്‍ക്കാരിനുമുണ്ട്. സ്വര്‍ണക്കടത്തുകേസിന്റെ നാള്‍വഴികളില്‍ കേരളത്തിലെ അന്താരാഷ്ട്രമാഫിയയുമായും സംസ്ഥാന സര്‍ക്കാരുമായും ബന്ധപ്പെട്ട നിരവധി സംഭവപരമ്പരകളാണ് വെളിച്ചത്തുവന്നത്. ഇതൊന്നും പ്രതിപക്ഷം മാത്രമായി ഉന്നയിച്ചതല്ല. കയ്യോടെ കസ്റ്റംസ് കേസെടുത്തപ്പോള്‍ മുഖ്യമന്ത്രി തന്നെയാണ് കേന്ദ്രാന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതും അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയതും. അതേ മുഖ്യമന്ത്രിക്ക് സ്പീക്കറുടെ പങ്കിനെക്കുറിച്ചുയരുന്ന സംശയങ്ങള്‍ ദൂരീകരിക്കാനുള്ള ബാധ്യതയുമുണ്ട്. എന്നാല്‍ യു.എ.ഇയിലേക്ക് ഡോളര്‍ കടത്തിയെന്ന ആരോപണത്തില്‍ സ്പീക്കറുടെ മാത്രമല്ല, മൂന്ന് മന്ത്രിമാര്‍, നടന്മാര്‍, മത നേതാവ് തുടങ്ങിയവരുടെയൊക്കെ പേരുകള്‍ സ്വപ്‌ന രഹസ്യമൊഴിയില്‍ രേഖപ്പെടുത്തിയതായാണ് വിവരം. ഇന്നലെ സ്പീക്കര്‍ പത്രപ്രസ്താവനവഴി തന്റെ കൈകള്‍ ശുദ്ധമാണെന്ന വാദവുമായി രംഗത്തുവന്നുവെന്നത് ശരിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടേണ്ടതാണെങ്കിലും തീയില്ലാതെ പുകയില്ല എന്നതത്വം ആരും മറക്കരുത്.

തുടര്‍ച്ചയായ സാമ്പത്തിക വെട്ടിപ്പ്-അഴിമതിക്കേസുകളില്‍ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന നേതൃത്വവും അവകാശപ്പെടുന്നതുപോലെ പിണറായി സര്‍ക്കാരിന്റെ കരങ്ങള്‍ പരിശുദ്ധമാണെങ്കില്‍ ശിവശങ്കറിനെ തള്ളിപ്പറഞ്ഞതുപോലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌സെക്രട്ടറി സി.എം രവീന്ദ്രന്റെ കാര്യത്തിലെന്തുകൊണ്ട് അദ്ദേഹത്തെയും അദ്ദേഹവുമായി ബന്ധപ്പെട്ട ഊരാളുങ്കല്‍ സൊസൈറ്റിയടക്കമുള്ള കോടികളുടെ സാമ്പത്തിക ഇടപാടുകളെയും കൈയൊഴിയാന്‍ പിണറായി വിജയനും സി.പി.എമ്മും കൂട്ടാക്കുന്നില്ല? എവിടെയോ എന്തൊക്കെയോ ഒളിക്കാനുണ്ടെന്നല്ലേ ഇത് തെളിയിക്കുന്നത്. പത്താം ക്ലാസും പെട്ടിക്കടയുമായി നടന്നിരുന്ന സി.എം രവീന്ദ്രന്‍ 1980 മുതല്‍ തിരുവനന്തപുരത്തെ അധികാരകേന്ദ്രങ്ങളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്നയാളാണ്. ഇത് മൂന്നാംതവണയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ചെല്ലാന്‍തയ്യാറാകാതെ മലയാളികളുടെ സാമാന്യബോധത്തെ ആസ്പത്രി വാസം പറഞ്ഞ് ഇയാള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്. ഇതേ ന്യായം പറഞ്ഞാണെങ്കില്‍ മുസ്്‌ലിംലീഗ് നേതാവും മുന്‍മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെ ആസ്പത്രിയില്‍വെച്ച് മുഖ്യമന്ത്രിയുടെ വിജിലന്‍സ് അറസ്റ്റുചെയ്തതെന്തിനായിരുന്നു. ശിവശങ്കറെ നിയമിച്ചത് കേന്ദ്ര സര്‍ക്കാരാണ് എന്ന് പറഞ്ഞവര്‍ക്ക് സി.പി.എമ്മിന്റെ നോമിനിയായ രവീന്ദ്രന്റെ കാര്യത്തില്‍ ഇത്രയും ജാഗ്രതയെന്തുകൊണ്ടാണ്. ഉപ്പുതിന്നവര്‍ വെള്ളംകുടിക്കട്ടെയെന്ന നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടിയും വിഴുങ്ങിയോ? അതോ മുഖ്യമന്ത്രിയും പാര്‍ട്ടിയും പെടുമെന്ന ഭയമാണോ ഈ ‘രവീന്ദ്രസംഗീത’ത്തിലുള്ളത്. ഇതെല്ലാം ഈ വോട്ടെടുപ്പുകാലത്ത് ജനം കണ്ണുതുറന്നുകാണുന്നുണ്ടെന്ന ബോധ്യമെങ്കിലും സി.പി.എം നേതൃത്വത്തിനുണ്ടായാല്‍ അതവര്‍ക്ക് നന്നെന്നേ പറയാനുള്ളൂ.

web desk 3: