X
    Categories: columns

തമ്മിലടിക്കുന്ന വര്‍ഗീയ മുന്നണി

കേരളമടക്കം നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് വരുന്ന മാര്‍ച്ച് 27 മുതല്‍ നടക്കാനിരിക്കുകയാണ്. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ വോട്ടെടുപ്പ്. മമതബാനര്‍ജി മുഖ്യമന്ത്രിയായ പശ്ചിമബംഗാളിലും എടപ്പാടി പളനിസ്വാമി ഭരിക്കുന്ന തമിഴ്‌നാട്ടിലും പിണറായിവിജയന്‍ മുഖ്യമന്ത്രിയായ കേരളത്തിലും ബി.ജെ.പി ഇതരസഖ്യങ്ങളാണ് ഭരണത്തിലിരിക്കുന്നത്.

അസമില്‍ മാത്രമാണ് ബി.ജെ.പിയുടെ ഭരണമുള്ളത്. പുതുച്ചേരിയില്‍ ഒരൊറ്റ സീറ്റുപോലും ഇല്ലാതിരുന്നിട്ടും ബി.ജെ.പി സ്പീക്കറെയും മന്ത്രിമാരെയും എം.എല്‍.എമാരെയും വിലക്കെടുത്ത് കോണ്‍ഗ്രസിന്റെ നാരായണസ്വാമി മന്ത്രിസഭയെ മറിച്ചിട്ടിട്ട് ഏറെനാളായിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഇടതുമുന്നണിയുടെയും പ്രതിപക്ഷ മുന്നണിയായ യു.ഡി.എഫിന്റെയും ഘടകക്ഷികളുടെ സീറ്റു വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പതിവില്‍നിന്ന് ഭിന്നമായി കേരളത്തില്‍ വലിയ തോതിലുള്ള ഐക്യമാണ് യു.ഡി.എഫിനകത്ത് പ്രകടമായിരിക്കുന്നതെന്നത് എടുത്തുപറയത്തക്കതാണ്. ഇടതുമുന്നണിയിലാണ് സീറ്റു പങ്കുവെപ്പിനെച്ചൊല്ലി പൊരിഞ്ഞ കലാപം അരങ്ങേറുന്നതെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

പുതുതായി നാല് ഘടകക്ഷികളെ ഉള്‍പെടുത്തി ഇടതുമുന്നണി വികസിപ്പിച്ചിട്ട് ഏതാനും മാസങ്ങളേ ആകുന്നുള്ളൂ. സ്വന്തം മുന്നണിയിലുണ്ടായിരുന്ന വീരേന്ദ്രകുമാര്‍ അധ്യക്ഷനായ ജനതാദളിനെ പുറത്താക്കിയതിനുശേഷം ഇപ്പോള്‍ എല്‍.ജെ.ഡിയായി ആ കക്ഷി അതേ മുന്നണിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ബദ്ധവൈരിയായിരുന്ന അന്തരിച്ച കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെയും മുന്നണിയിലെടുത്തു. ഇന്ത്യന്‍നാഷണല്‍ ലീഗ് ഉള്‍പെടെയുള്ള കക്ഷികളെയും മുന്നണിയിലെടുത്തതോടെ ഡസനിലധികം കക്ഷികളുടെ കാക്കക്കൂടാരമായിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. ഇവര്‍ക്കെല്ലാം 140ല്‍ നിന്ന് എത്ര സീറ്റുകള്‍ വീതിച്ചുനല്‍കാമെന്ന തന്ത്രത്തിലാണിപ്പോള്‍ സി.പി.എം.

കേരളകോണ്‍ഗ്രസ് മുന്നണിയിലെത്തിയതോടെ നിലവില്‍ രണ്ടാമത്തെ വലിയ ഘടകക്ഷിയായിരുന്ന സി.പി.ഐയാണ് ഏറെ ഭയപ്പെട്ടുനില്‍ക്കുന്നത്. അവരുടെ സീറ്റുകളാണ് കൂടുതല്‍ ജോസ് വിഭാഗത്തിന് നല്‍കാന്‍ സി.പി.എം ആലോചിക്കുന്നത്. ഇത് സി.പി.ഐ എന്ന പരമ്പരാഗത ഘടകക്ഷിയുടെ അണികളിലും നേതാക്കളിലും വലിയ രോഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സിറ്റിങ് സീറ്റായ പാലാ എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ച് എം.എല്‍.എ മാണി.സി കാപ്പന്‍ എന്‍.സി.പി വിടുകയും സ്വന്തമായി എന്‍.സി.പി-കെ രൂപീകരിച്ചിരിക്കുകയുമാണ്. ഇദ്ദേഹം ഐക്യജനാധിപത്യമുന്നണിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുകയാണ്. ജനതാദള്‍ എസ്സിലെ സി.കെ നാണു വിഭാഗം ഇതിനകം ഐക്യമുന്നണിയുടെ ഭാഗമായിക്കഴിഞ്ഞു. യു.ഡി.എഫിലെ മുസ്‌ലിംലീഗിന് ഇത്തവണ നിലവിലുള്ളതിലധികം സീറ്റുകള്‍ നല്‍കുമെന്നാണ് കരുതപ്പെടുന്നത്. മല്‍സരിച്ചതില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കഴിഞ്ഞ തവണ നേടിയ കക്ഷിയെന്ന ഖ്യാതികൊണ്ടുതന്നെ അവര്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതില്‍ അസ്വാഭാവികത ഏതുമില്ല. ഇക്കാര്യത്തില്‍ മുന്നണി നേതൃത്വം തീരുമാനത്തിലെത്തിക്കഴിഞ്ഞതായാണ് വിവരം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആര്‍.എസ്.പിയും സി.എം.പിയും ജനതാദളുമായും മുന്നണി നേതൃത്വം സീറ്റു ചര്‍ച്ചകളും വീതംവെപ്പും രമ്യമായി ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ സി.പി.എം നേതൃത്വം നല്‍കുന്ന മുന്നണിയുടെ സ്ഥിതി സംസ്ഥാനത്തിതാദ്യമായി പരിതാപകരമായ അവസ്ഥയിലാണ്. ഘടകക്ഷികളുടെ എണ്ണം വര്‍ധിച്ചതോടെ അവ തമ്മിലുള്ള പോരും മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്. കുട്ടനാട്‌പോലെ എന്‍.സി.പി മല്‍സരിച്ചുവന്നിരുന്ന സീറ്റ് സി.പി.എം ഏറ്റെടുക്കുന്നത് തുറന്ന പോരിലേക്കാണ് എത്തിച്ചിരിക്കുന്നത്. സഹകരിക്കാമെന്ന് മന്ത്രി സി.കെ ശശീന്ദ്രന്‍ പക്ഷം പറയുമ്പോള്‍ അദ്ദേഹത്തിന്റെ എലത്തൂരടക്കം ആവശ്യപ്പെടുകയാണ് സി.പി.എം.ഇത് കാരണം സംസ്ഥാനാധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ വിഭാഗം മുന്നണിയില്‍നിന്ന് പുറത്തുകടക്കാനുള്ള തയ്യാറെടുപ്പിലാണ്. കേരള കോണ്‍ഗ്രസിന് നിലവിലെ സീറ്റുകള്‍ എടുത്തുനല്‍കുന്നത് സി.പി.ഐയുടെ നിലനില്‍പുതന്നെ അപകടത്തിലാക്കും.

കോട്ടയം ജില്ലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാണ് ജോസ് വിഭാഗത്തെ കൂടെനിര്‍ത്തുന്നതെങ്കിലും ആ ജില്ലയില്‍ മല്‍സരിക്കുന്ന സി.പി.ഐക്കാണ് നഷ്ടം കൂടുതല്‍ നേരിടേണ്ടിവരിക. ഇത് സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് രൂക്ഷമാക്കിയിട്ടുണ്ട്. സിറ്റിങ് സീറ്റുകളടക്കം വിട്ടുനല്‍കേണ്ടിവരുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് സി.പി.ഐ നേതാക്കള്‍ പറയുന്നത്. വേണ്ടിവന്നാല്‍ ഐക്യമുന്നണിയിലേക്ക് പഴയതുപോലൊരു തിരിച്ചുപോക്കിന് പോലും തയ്യാറാണെന്നാണ് ആ പാര്‍ട്ടിയിലെ പലരും അടക്കിപ്പിടിച്ചുപറയുന്നത്. ഇതുകൊണ്ടെല്ലാം ആന കയറിയ കരിമ്പിന്‍ തോട്ടംപോലെ ആയിരിക്കുകയാണ് ഇടതുമുന്നണി. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ സ്വന്തമായി വിജയിപ്പിക്കാന്‍ കഴിയാത്തതിനാല്‍ സ്വതന്ത്രരെയാണ് സി.പി.എം പലയിടത്തും തേടുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതുഭരണം കേരളത്തെ മുച്ചൂടും അഴിമതിക്കയത്തിലേക്കും വഴിവിട്ട ഇടപാടുകളിലേക്കും യുവാക്കളുടെയും പൊതുജനങ്ങളുടെയും നിത്യനൈരാശ്യത്തിലേക്കും എത്തിച്ചിരിക്കുന്നത് ആ ഭരണത്തെ മാത്രമല്ല, മുന്നണിയുടെതന്നെ നിലനില്‍പിനെ ബാധിക്കും. അതിനാലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ‘എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യം ഇത്തവണ ‘ഉറപ്പാണ്, എല്‍.ഡി.എഫ്’ എന്നാക്കി എറിഞ്ഞിരിക്കുന്നത്. സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും അഹങ്കാരവും ഏകാധിപത്യ ശൈലിയും മുന്നണിയെ തെരഞ്ഞെടുപ്പില്‍ ഇനിയും ശിഥിലമാക്കും. അതറിഞ്ഞാണ് ബി.ജെ.പിയുമായി സഹകരിക്കാനും പത്തോളം മണ്ഡലങ്ങളില്‍ ആ പാര്‍ട്ടിയെ ജയിപ്പിച്ചുകൊടുക്കാനുമുള്ള രഹസ്യതീരുമാനം.

മൃദു ഹിന്ദുത്വത്തിലൂടെ ബി.ജെ.പിക്ക് പകരക്കാരായിമാറാനുള്ള നീക്കം ജനങ്ങളുടെ ക്ഷേമത്തിലുപരി കേവല വോട്ടുകള്‍ക്കപ്പുറം കേരളത്തിന്റെ സൈ്വര്യഭാവിയെയാണ് ബാധിക്കുകയെന്ന തോന്നല്‍പോലും അവരില്‍ ഒരു മാറ്റവും വരുത്തുന്നില്ല എന്നതാണ് ഖേദകരം. പൊതുജനത്തിന്റെ കടുത്ത എതിര്‍പ്പിനിടയിലും യോഗാകേന്ദ്രം തുടങ്ങാന്‍ ശ്രീ എമ്മിന് നാലേക്കര്‍സര്‍ക്കാര്‍ ഭൂമി നല്‍കിയത് ഇതിന്റെ ഭാഗമാണ്. സി.പി.എം-ആര്‍.എസ്.എസ് ധാരണയിലാണിതെന്ന ആരോപണവും ശക്തം. ഇതുകൊണ്ടൊന്നും കേരളത്തിലെ പ്രബുദ്ധ വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനാകില്ലെന്ന് തിരിച്ചറിയാനുള്ള ബുദ്ധി അവര്‍ക്കുണ്ടായാല്‍ അവര്‍ക്കും നാടിനും നന്ന് എന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.

web desk 3: