X
    Categories: columns

ജമ്മുകശ്മീരിലെ ജനകീയസഖ്യം

ജമ്മുകശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചുകൊണ്ടും സ്വാതന്ത്ര്യകാലംമുതല്‍ ആ ജനത അനുഭവിച്ചുവന്നിരുന്ന പ്രത്യേകാവകാശനിയമം റദ്ദാക്കിക്കൊണ്ടും കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ‘ഭിന്നിപ്പിച്ചുഭരിക്കല്‍’ നടപടിയെ പ്രായോഗികതലത്തില്‍ കൂടുതല്‍ ശക്തമായി എതിര്‍ത്ത് പരാജയപ്പെടുത്തുന്നതിനുവേണ്ടി സംസ്ഥാനത്തെ ആറ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഒരുമിച്ചുചേര്‍ന്നുകൊണ്ട് ജനകീയ സഖ്യം എന്ന പേരില്‍ രണ്ടാം ‘ഗുപ്കര്‍ പ്രഖ്യാപനം’ പുറപ്പെടുവിച്ചിരിക്കുകയാണ്. നീണ്ട തടങ്കല്‍വാസത്തിനുശേഷം മോചിപ്പിക്കപ്പെട്ട മുന്‍മുഖ്യമന്ത്രിമാരായ ഡോ. ഫറൂഖ് അബ്ദുല്ലയും പുത്രന്‍ ഉമര്‍അബ്ദുല്ലയും മെഹബൂബമുഫ്തിയും മറ്റും പങ്കെടുത്ത യോഗമാണ് തീരുമാനമെടുത്തിരിക്കുന്നത്. ഫറൂഖ്അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബയുടെ പി.ഡി.പിയും ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റും സി.പി.എമ്മും അവാമി നാഷണല്‍ കോണ്‍ഫറന്‍സും സഖ്യത്തില്‍ കക്ഷികളാണ്. ജയില്‍ മോചിതയായ മെഹബൂബയെ ബുധനാഴ്ച ഫറൂഖും ഉമറും അവരുടെ വസതിയില്‍ ചെന്നുകണ്ടശേഷം ജമ്മുകശ്മീരിന്റെ പ്രതാപം തിരിച്ചുപിടിക്കുന്നതു സംബന്ധിച്ച ചില തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അതാണ് വ്യാഴാഴ്ചത്തെ യോഗത്തിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത.്

2019 ആഗസ്ത് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന ബില്ലിന്മേല്‍ ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് നടത്തിയ ഏകപക്ഷീയമായ വോട്ടെടുപ്പിലൂടെയാണ് ജമ്മുകശ്മീരിന്റെ 370-ാം വകുപ്പ് സര്‍ക്കാര്‍ അതിന്റെ അമിതാധികാരം ഉപയോഗിച്ച് എടുത്തുകളഞ്ഞത്. ഇതിനെതിരെ ജമ്മുകശ്മീരിന്റെ വിവിധ ഭാഗങ്ങളിലും ലഡാക്കിലും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇവയെ അടിച്ചമര്‍ത്തുന്നതിനായി സൈന്യത്തെയും പൊലീസിനെയും അര്‍ധസൈനികവിഭാഗങ്ങളെയും ഇറക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്ഭവന്റെ സഹായത്തോടെ ജനങ്ങളെ അടിക്കിനിര്‍ത്തിയത്. കല്ലേറും വെടിവെയ്പും പതിവായിരുന്ന ജമ്മുകശ്മീരിനെ തുറന്ന ജയിലായി മാറ്റുകയാണ് ഫലത്തില്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ ഒരുവര്‍ഷത്തിലധികംകാലം ചെയ്തത്.

മുന്‍മുഖ്യമന്ത്രിമാരെയും സജ്ജാദ് ലോണെയെപോലുള്ള ജനനേതാക്കളെയും യാതൊരു വിചാരണയും കൂടാതെ തടവിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ അവര്‍ പുറത്തുവന്നാല്‍ ജനത്തിന് പ്രതിഷേധിക്കാനുള്ള അവസരമൊരുങ്ങുമെന്നുകണ്ട് പരമാവധികാലത്തേക്ക് തടവില്‍ വെക്കുകയായിരുന്നു. പ്രതിഷേധങ്ങള്‍ പൊതുവില്‍ പ്രകടമല്ലെങ്കിലും പുകയുന്ന അഗ്നിപര്‍വതമാണിന്ന് ജമ്മുകശ്മീര്‍. പൗരാവകാശ പ്രവര്‍ത്തകരും വിവിധ സന്നദ്ധപ്രവര്‍ത്തകരും എല്ലാം അവിടെ ഇപ്പോഴും തടവില്‍ കഴിയുകയാണ്. പ്രതിഷേധിച്ചവരെ കൂടുതല്‍കാലം കരിനിയമം ചുമത്തി തടവിലിടുക എന്നതാണ് ബി.ജെ.പി ഭരണകൂടത്തിന്റെ തന്ത്രം. ജനാധിപത്യരാജ്യത്ത് കശ്മീര്‍ പോലെ ഒരു ഭൂപ്രദേശം ഇത്രകാലം അസ്വാതന്ത്ര്യത്തിന്റെ ഉരുക്കുമുഷ്ടിക്കുകീഴെ കഴിയേണ്ടിവരിക എന്നത് ആലോചിക്കാന്‍കൂടിവയ്യ. എന്നിട്ടും പരമാവധി ജനകീയ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും തുറുങ്കില്‍ തുടരാന്‍ ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര ഭരണകൂടം.

കഴിഞ്ഞവര്‍ഷം ആഗസ്ത് നാലിനായിരുന്നു ഗുപ്കറിലെ ഫറൂഖ്അബ്ദുല്ലയുടെ വസതിയില്‍ യോഗം ചേര്‍ന്ന രാഷ്ട്രീയസംഘടനാനേതാക്കള്‍ 370-ാം വകുപ്പ് തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം നടത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടത്തിന് ജമ്മുകശ്മീര്‍ ജനതയുടെ ഒറ്റക്കെട്ടായ ശബ്ദമാണ് ഈ സംഘടനകളുടെ തീരുമാനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. പതിറ്റാണ്ടുകളായ രാഷ്ട്രപൂര്‍വസൂരികളാല്‍ അനുവദിക്കപ്പെട്ടതും രാജ്യത്തെ സവിശേഷമായ ജനത അനുഭവിച്ചുവന്നിരുന്നതുമായ ഭരണഘടനയുടെ 370-ാം വകുപ്പാണ് പൊടുന്നനെ മോദി സര്‍ക്കാര്‍ അവരില്‍നിന്ന് എടുത്തുകളഞ്ഞത്. കശ്മീര്‍ ജനതയുടെ അഭിമാനത്തിനും പാരമ്പര്യത്തിനും നിലനില്‍പിനും ഏറ്റ കനത്തതിരിച്ചടിയായിരുന്നുവെന്ന വിലയിരുത്തലാണ് പൊതുവെ ഉയര്‍ന്നത.്

പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാഷ്ട്രത്തിന് അതിര്‍ത്തി പ്രദേശമായ ജമ്മുകശ്മീരിനെയും ചൈനയുടെ അതിര്‍ത്തിയായ ലഡാക്കിനെയും ഉരുക്കുമുഷ്ടിയില്‍ നിര്‍ത്തേണ്ടത് അനിവാര്യമാണെന്ന ന്യായമാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും അതിലും കടന്നുകൊണ്ടുള്ള മുസ്്‌ലിം വിരോധമാണ് അതിന് പിന്നിലെന്ന യാഥാര്‍ഥ്യം എല്ലാറ്റിനും മുകളില്‍ തെളിഞ്ഞുനില്‍ക്കുകയായിരുന്നു. ആഗസ്ത് അഞ്ചിന് എന്‍.ഡി.എ ഘടകക്ഷികളുടെ പിന്തുണയോടെ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ തുനിഞ്ഞ നേതാക്കളെ തടവിലാക്കുകവഴി ജനത്തെതന്നെ തടവിലിടുകയായിരുന്നു മോദി ഭരണകൂടം.

ഫലത്തില്‍ ബി.ജെ.പിയുടെതന്നെ മുന്‍നേതാവും പ്രധാനമന്ത്രിയുമായ എ.ബി വാജ്‌പേയി മുന്നോട്ടുവെച്ച കശ്മീരിയത്, ജംഹൂരിയത്, ഇന്‍സാനിയത് എന്ന മുദ്രാവാക്യത്തിനെതിരായ നയമാണ് മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ജമ്മുകശ്മീരില്‍ നടപ്പാക്കിയത്. മറ്റുള്ള ജനതയെ ഇവിടേക്ക് കുടിയേറാന്‍ അനുവദിക്കുകവഴി കശ്മീരിന്റെ പൈതൃകംതന്നെ ഇല്ലാതാക്കുകയാണ് മോദിയും കൂട്ടരും ലക്ഷ്യമിട്ടത്. യു.പി.എ ഭരണകാലത്ത് ജമ്മുകശ്മീര്‍ ജനതയുടെ പ്രത്യേകമായ പൈതൃകത്തെ അംഗീകരിക്കുന്ന നയമാണ് കൈക്കൊണ്ടതെങ്കില്‍ അതിന് തീര്‍ത്തും വിരുദ്ധമായി സ്വന്തം ജനതയെ ശത്രുക്കളായി കാണുന്ന രീതിയാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്.

യുവാക്കളെ ഭീകരതയിലേക്ക് എടുത്തെറിയുന്ന രീതിയില്‍ പ്രമുഖ യുവനേതാവ് ബുര്‍ഹാനുദ്ദീന്‍വാനിയെയും മറ്റും വധിക്കുകയും നല്ലൊരു ശതമാനം കശ്മീരി ജനതയെയും സൈന്യത്തിനും രാജ്യത്തിനും എതിരാക്കുകയും ചെയ്യുന്ന നയമാണ് മോദി-അമിത്ഷാദികളുടേത്. അവരുദ്ദേശിച്ചതുതന്നെ ഫലത്തില്‍ സംഭവിക്കുകയുംചെയ്തു. കേന്ദ്രഭരണ പ്രദേശങ്ങളിലെ ജനത ഇന്ന് രാജ്യത്തോടും രാഷ്ട്രീയഭരണകൂടങ്ങളോടുതന്നെയും കടുത്ത വിരക്തിയനുഭവിക്കേണ്ട അവസ്ഥയിലാണ്. യഥാര്‍ത്ഥത്തില്‍ ജമ്മുകശ്മീരിനെ ഇത്തരത്തില്‍ ബി.ജെ. പിയുടെ തീട്ടൂരങ്ങള്‍ക്ക് വിട്ടുകൊടുത്തതില്‍ ചെറുതല്ലാത്ത ഉത്തരവാദിത്തം തങ്ങള്‍ക്കുകൂടിയുണ്ടെന്നകാര്യം ‘ജനകീയസഖ്യ’നേതാക്കള്‍ സമ്മതിക്കണം.

അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടി എന്തുവിട്ടുവീഴ്ചകള്‍ക്കും തീവ്രവര്‍ഗീയകക്ഷിയായ ബി.ജെ.പിയുമായിപോലും സഖ്യത്തിന് തയ്യാറായവരാണ് ഫറൂഖ്അബ്ദുല്ല മുതല്‍ മെഹബൂബ മുഫ്തിവരെയുള്ളവര്‍. എന്തിനായിരുന്നു നാലുവോട്ടിനും അധികാരത്തിനുംവേണ്ടി സ്വന്തംജനതയെ ഇത്തരത്തില്‍ വഞ്ചിച്ചുകൊണ്ടുള്ള നിലപാട് ഇരൂകൂട്ടരും സ്വീകരിച്ചതെന്ന് ഇരുകക്ഷികളുടെയും നേതാക്കള്‍ ജനങ്ങളോട് തുറന്നുപറയാന്‍ തയ്യാറാകണം. ഇത്തരം സങ്കുചിത രാഷ്ട്രീയലാഭേച്ഛകളാണ് ഹിന്ദുത്വശക്തിക്ക് ഈ സുന്ദരസുരഭില ഭൂപ്രദേശത്ത് വേരോട്ടമുണ്ടാകാന്‍ ഇടയാക്കിയതെന്ന സത്യം രാഷ്ട്രീയത്തിലെ പരിണതപ്രജ്ഞനായ ഡോ.ഫറൂഖ് അബ്ദുല്ലയെപോലുള്ളവര്‍ വ്യക്തമാക്കണം. വൈകിയെങ്കിലും സ്വന്തംജനതയുടെ നിലനില്‍പിനും ഉല്‍കര്‍ഷക്കുംവേണ്ടി ഒരുമിച്ച് ശബ്ദിക്കാനുള്ള തീരുമാനം രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും മതേതര വിശ്വാസികള്‍ക്കും വലിയ പ്രതീക്ഷപകരുകയാണ്.

 

web desk 3: