X

ഫാസിസ്റ്റ് ആക്രോശം താജ്മഹലിനോടുമോ

സംസ്‌കാരങ്ങളെ അംഗീകരിക്കലാണ് മനുഷ്യ വികാസത്തിന്റെ മാനകം. പ്രാദേശികമായ സംസ്‌കാരങ്ങളെ പരിപോഷിപ്പിക്കുമ്പോള്‍ തന്നെ മനുഷ്യന്‍ ഇന്നെത്തിച്ചേര്‍ന്ന പുരോഗതിക്ക് തണല്‍ ലഭിച്ചിട്ടുള്ളത് ഇതര സംസ്‌കാരിക വൈജാത്യങ്ങളുടെ ആലിംഗനങ്ങളാലാണ്. ലോകത്ത് സര്‍വാംഗീകൃതമാണ് ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയിലുള്ള അകൈതവമാര്‍ന്ന ഈ പങ്ക്. വിവിധ മത-ജാതി-ഗോത്ര വിഭാഗങ്ങള്‍ ഒരുദ്യാനത്തിലേതെന്ന പോലെ പരിലസിക്കുന്ന നമ്മുടെ മാതൃഭൂമിയില്‍ നിന്ന് ഒരു സംസ്‌കാരത്തെ മാത്രം അടര്‍ത്തിയെടുത്ത് മറ്റുള്ളതിനെയെല്ലാം അപനിര്‍മിക്കുക എന്ന നിര്‍ഭാഗ്യകരമായ ദൗത്യത്തിലാണ് രാജ്യത്തെ പ്രമുഖ കക്ഷിയും അതിന്റെ നേതൃത്വവും ഭരണകൂടവും ഇന്നെത്തിച്ചേര്‍ന്നിട്ടുള്ളത് എന്നത് ആഴ്ചകളോ മാസങ്ങളോ ആയുള്ള കേവല പൗരന്റെ ഉത്കണ്ഠയല്ല. ചരിത്രത്തെ തന്നിഷ്ടത്തിന് സ്വയം നിര്‍മിക്കുകയും ഭാവിതലമുറയെയും സാധാരണക്കാരെയും അതിലേക്ക് ആവാഹിക്കുകയും ചെയ്യുന്ന ഭരണകൂടവും അതിന് ചുക്കാന്‍പിടിക്കുന്ന നവ ഫാസിസ തത്വശാസ്ത്രവും ലോകൈകാത്ഭുതമായ താജ്മഹലിനെയും പിടിമുറുക്കിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ ഉത്തരേന്ത്യന്‍ വര്‍ത്തമാനം.
രാജ്യത്തെ വര്‍ഗീയക്കോമരങ്ങളിലൊന്നായ ഇപ്പോഴത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ഭരണത്തിന്‍കീഴില്‍ താജ്മഹല്‍ എന്ന സപ്താല്‍ഭുതങ്ങളിലൊന്നിന് കണ്ണേറേറ്റിരിക്കുന്നു. 1632ല്‍ പണിതീര്‍ത്ത ഈ പളുങ്കുവെണ്ണക്കല്‍ മന്ദിരത്തെ ആ സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ നിന്ന് ഒഴിവാക്കിയാണ് നവ ഫാസിസ്റ്റുകള്‍ പാഴ്മുറംകൊണ്ട് സൂര്യപ്രഭയെ മറയ്ക്കാന്‍ പാഴ്ശ്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം യു.പി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ടൂറിസം ലഘുലേഖയിലും ഭൂപടത്തിലും താജ്മഹല്‍ തീര്‍ത്തും ഒഴിവാക്കപ്പെട്ടിരിക്കുന്നത് പോകട്ടെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യപുരോഹിതനായ ഗോരഖ്പൂര്‍ ഗോരഖ് ക്ഷേത്രത്തിന്റെ സചിത്ര വിവരണം പുതുതായി ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും അത് രാമായണവും മഹാഭാരതവുമാണെന്നും ഏതാനും ദിവസം മുമ്പ് മാത്രമാണ് ഈ സാംസ്‌കാരിക വിരോധി അയല്‍സംസ്ഥാനമായ ബീഹാറില്‍ചെന്ന് തട്ടിവിട്ടത് എന്നതോര്‍ക്കുമ്പോള്‍ ഇതൊരു കൈപ്പിഴ മാത്രമായി കാണാനാവില്ലതന്നെ. ചെങ്കോട്ടയും താജ്മഹലും പാര്‍ലമെന്റ് മന്ദിരവുമെല്ലാം അടിമത്വത്തിന്റെ പ്രതീകങ്ങളാണെന്നും അവ പൊളിക്കാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പിന്തുണക്കുമെന്നും ഇതിനിടയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ അസംഖാനും വ്യക്തമാക്കിയിരിക്കുന്നു.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ മണ്‍മറഞ്ഞ തന്റെ പ്രിയതമ മുംതാസിന്റെ നിത്യസ്മരണക്കായി നിര്‍മിച്ച താജ്മഹല്‍ മന്ദിരം നാലു നൂറ്റാണ്ടിനിപ്പുറവും ഒട്ടനവധി വിനോദ സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. ഇന്ത്യയിലേക്കെത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറിയകൂറും കാണാനിഷ്ടപ്പെടുന്നത് ഹൃദയധമനികളെ ത്രസിപ്പിക്കുന്ന ഈ മണിമന്ദിരത്തെയാണ്. പ്രതിവര്‍ഷം പത്തു ലക്ഷത്തോളം പേരാണ് താജ്മഹല്‍ കാണാനായി ഉത്തര്‍പ്രദേശിലെ ആഗ്ര പട്ടണത്തിലെത്തിക്കൊണ്ടിരിക്കുന്നത്. നിരവധിയായ ഭാവനകള്‍ക്കും ഗാനങ്ങള്‍ക്കും ഈ മണിമന്ദിരവും യമുനാതീര പരിസരവും പ്രമേയമായിട്ടുണ്ട്. ചുരുക്കത്തില്‍ ഇന്ത്യക്കാരന്റെ സ്വകാര്യഅഹങ്കാരമാണ് ആഗ്രയും താജ്മഹലും. ഒരുകാലത്ത് ഉത്തരേന്ത്യയുടെ ഇന്നത്തെ കലാസാഹിത്യ പ്രൗഢിക്ക് പേര്‍ഷ്യന്‍ സംസ്‌കാരം നല്‍കിയ സംഭാവന അമൂല്യമാണ്. മുഗളരുടെ തലസ്ഥാനമായ ആഗ്രയാണ് ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് ഒരുമിപ്പിച്ച രാഷ്ട്രീയകേന്ദ്രവും തലസ്ഥാനവും. സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ രൂപപ്പെട്ട ഇത്തരം സാംസ്‌കാരിക ബിംബങ്ങള്‍ നമുക്ക് ഉത്തരേന്ത്യയിലെവിടെയും കാണാം. സാംസ്‌കാരിക ചൈതന്യങ്ങളാണവയെല്ലാം. അതുകൊണ്ടുതന്നെയാണ് ഉന്നത നീതിപീഠം താജ്മഹല്‍, യമുനാസംരക്ഷണത്തിന് ഭരണകൂടങ്ങളെ പലതവണയായി ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നതും. എന്നാല്‍ മലര്‍ന്നു കിടന്നു തുപ്പുക മാത്രമാണ് യഥാര്‍ഥത്തില്‍ ഈ അപനിര്‍മിതികളിലൂടെ രാജ്യത്തെ ഗോള്‍വാള്‍ക്കര്‍ സിദ്ധാന്തക്കാരും അവരുടെ പിണിയാളുകളും ചെയ്തുകൊണ്ടിരിക്കുന്നത്.
നമ്മുടെ പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തും മഹാരാഷ്ട, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംഘികള്‍ക്ക് അധികാരമുള്ള ഇടങ്ങളിലുമെല്ലാം പാഠപുസ്തകങ്ങളിലൂടെ വസ്തുതകളെ വളച്ചൊടിച്ച് പുത്തന്‍ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുകയാണ് രാജ്യത്തെ ഭരണയന്ത്രം തിരിക്കുന്നവര്‍. ആദ്യമായി ഇക്കൂട്ടര്‍ക്ക് കേന്ദ്രാധികാരം കിട്ടിയപ്പോള്‍ തുടങ്ങിയതാണ് ചരിത്രത്തെ തമസ്‌കരിക്കുകയും ഏകോന്മുഖമായ സാംസ്‌കാരികതയിലേക്ക് ജനമനസ്സുകളെ പിടിച്ചിരുത്തുകയും ചെയ്യുക എന്ന ഹീനതന്ത്രം. ചരിത്രകാരന്മാരും ബുദ്ധിജീവികളും നൊബേല്‍ സമ്മാനിതരായ എഴുത്തുകാരും സ്വതന്ത്ര ചിന്താഗതിക്കാരും മാധ്യമ പ്രവര്‍ത്തകരും മതേതര വിശ്വാസികളും മതജാതി ന്യൂനപക്ഷ വിഭാഗങ്ങളുമൊക്കെ ഇതിനെതിരെ അന്നുമുതല്‍ പ്രതികരിക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. വാര്‍ത്തകളെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് യു.പി സര്‍ക്കാര്‍ പുതിയ ന്യായീകരണവുമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ബ്രോഷറില്‍ പ്രതിപാദിച്ചിരിക്കുന്ന ടൂറിസം കേന്ദ്രങ്ങളെല്ലാം ഒരു മതവിഭാഗവുമായി ബന്ധപ്പെട്ടതാണെന്നത് അധികാരികള്‍ക്ക് മായ്ക്കാനായിട്ടില്ല. രാമജന്മഭൂമിയുടെ പേരില്‍ തകര്‍ത്ത ബാബരി മസ്ജിദ് നിന്ന സ്ഥലത്തെക്കുറിച്ച് അതേ സിദ്ധാന്തം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മഥുരയും അലഹബാദിലെ കുംഭമേളയും അയോധ്യ, വൃന്ദാവന്‍, അവാധ്, ബുന്ദേല്‍ഖണ്ട് തുടങ്ങിയവയും വിതരണം ചെയ്തുതുടങ്ങിയ ഔദ്യോഗിക രേഖയിലുണ്ട്.
എണ്ണമറ്റ ജനകോടികള്‍ ചോരയും വിയര്‍പ്പും ഒഴുക്കി നേടിയെടുത്തുതന്ന രാഷ്ട്ര സ്വാതന്ത്ര്യവും റിപ്പബ്ലിക്കും ഇന്ത്യയുടെ സാകല്യ സംസ്‌കാരികതയും കേവലമൊരു പ്രതിഷേധ സമരത്തിന്റെ പോലും അവകാശവാദമില്ലാതെ അധികാര സിംഹാസനങ്ങളില്‍ ഉണ്ടുമയങ്ങുന്ന നവമാടമ്പിമാര്‍ക്ക് വെറും കടലകൊറിക്കുന്ന ആലസ്യം മാത്രമാകുന്നത് ത്യാഗിവര്യന്മാരുടെ പിന്‍മുറക്കാര്‍ക്കും രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ക്കും അത്ര നിസ്സാരമാവില്ല. ഇന്ത്യ എന്നത് അവരുടെ പ്രാണവായു തന്നെയാണ്. 1992ല്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദും സംഘി പട്ടികയിലെ ആയിരക്കണക്കിന് പള്ളികളും മാത്രമല്ല, രാജ്യത്തെ ദലിത്-ഗോത്ര മുസല്‍മാനാദി ജനവിഭാഗങ്ങളൊക്കെ തൊണ്ടയിലെ എല്ലിന്‍ കഷണമായിത്തന്നെ ഇവര്‍ക്കുമുന്നില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക തന്നെ ചെയ്യും. ഇവിടെ പരാജയപ്പെടുന്നത് സനാതന ധര്‍മത്തില്‍ പറയുന്ന സത്യവും നീതിയും തന്നെയാകും. താജ്മഹലിന്റെ വെണ്‍പ്രഭ പോലെ അത് ലോകമുള്ള കാലത്തോളം പ്രശോഭിച്ചുകൊണ്ടേയിരിക്കും. ഏതുകൊടും വിഷമാലിന്യത്തെയും തിരിച്ചറിഞ്ഞ് തടുക്കുന്ന മാര്‍ബിള്‍ ശിലകള്‍പോലെ.

chandrika: