X
    Categories: columns

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടം

കോവിഡ്-19ന്റെ പേരില്‍ ലോകത്താകമാനം പൗരസ്വാതന്ത്ര്യത്തെയും ജനജീവിതത്തെതന്നെയും അടിച്ചമര്‍ത്തുന്ന പണിയാണ് മിക്ക ഭരണകൂടങ്ങളും ഇപ്പോള്‍ സ്വീകരിച്ചുവരുന്ന പൊതുനയം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലും കാര്യം വ്യത്യസ്തമല്ല. പട്ടിണിപ്പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കും എതിരായ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളാണ് ഈ സര്‍ക്കാരിന്റെ ഇത:പര്യന്തമുള്ള മുഖമുദ്രയെന്നിരിക്കെ കോവിഡ് അതിനെല്ലാമുള്ള തുറന്ന ലൈസന്‍സാണ് മോദി സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വേണം കഴിഞ്ഞദിവസം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാട്.

ഈ മാസം 14ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സമ്മേളനത്തില്‍നിന്ന് പതിവുള്ള ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ ലോക്‌സഭാസെക്രട്ടറിയേറ്റ് അറിയിച്ചിരിക്കുന്നത്. ജനപ്രതിനിധിസഭകള്‍ നിലവിലിരിക്കുന്നതുതന്നെ രാജ്യത്തെ ജനങ്ങളുടെ ആശയാഭിലാഷങ്ങളും ആവശ്യങ്ങളും പ്രതിഫലിക്കാനും അവയ്ക്ക് പരിഹാരം കാണാനുമാണെന്നിരിക്കെ പിന്നെന്തിനാണ് പാര്‍ലമെന്റിന്റെ ചോദ്യോത്തരവേള റദ്ദുചെയ്യുന്നു എന്നത് വലിയ ചോദ്യചിഹ്നമായിരിക്കുന്നു. സര്‍ക്കാരിന് പാസാക്കിയെടുക്കേണ്ട ധനബില്ലുകള്‍ക്ക് മാത്രമായി സഭ ചേരുന്നതായാണ് ഇത് കാണുമ്പോള്‍ തോന്നുന്നത്. ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സഭാസമ്മേളനങ്ങളില്‍ അവര്‍ക്ക് ഭരണഘടന അനുവദിച്ചുനല്‍കിയിരിക്കുന്ന അവകാശങ്ങള്‍ എടുത്തുമാറ്റുന്നത് സത്യത്തില്‍ ആ സഭയോട് മാത്രമല്ല, ജനാധിപത്യത്തോടും ജനങ്ങളോടും തന്നെയുമുള്ള അവഹേളനമായി വിലയിരുത്തപ്പെടുന്നതില്‍ അത്ഭുതമില്ല.

മോദി സര്‍ക്കാരിന്റെ പാര്‍ലമെന്റ്കാര്യവകുപ്പു മന്ത്രി പ്രതിപക്ഷവും സ്പീക്കറുമായിചേര്‍ന്ന് കാര്യപരിപാടികള്‍ നിശ്ചയിച്ചുവെങ്കിലും 18 ദിവസത്തെ സമ്മേളനത്തിലൊരിക്കലും ചോദ്യോത്തരവേള ഒഴിവാക്കുന്നതിന് പ്രതിപക്ഷം സമ്മതംമൂളിയിരുന്നില്ല. കോവിഡ്-19 കാരണമാണ് ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും കോവിഡും ചോദ്യോത്തരവേളയും തമ്മിലെന്താണ് ബന്ധമെന്ന് വ്യക്തമാകുന്നില്ല. സഭയിലെ മുഴുവന്‍ അംഗങ്ങളും ഹാജരാകുകയും അവര്‍ക്ക് ബില്ലുകളുടെമേല്‍ അഭിപ്രായം പറയാനും വോട്ട് ചെയ്യാനും അവസരമുണ്ടായിരിക്കെ, എന്തുകൊണ്ടാണ് ചോദ്യോത്തരവേള റദ്ദു ചെയ്യുന്നതെന്ന് സാമാന്യമായി ഉയരുന്ന ചോദ്യമാണ്. അതാണ് രാജ്യത്താകെ ഇന്ന് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും. ഏതൊരു ജനാധിപത്യ സര്‍ക്കാരിനും പ്രതിപക്ഷവുമായി സഹകരിച്ചുകൊണ്ടല്ലാതെ യാതൊരു തീരുമാനവും ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനാവില്ലെന്നത് ജനാധിപത്യത്തിന്റെ സാമാന്യതത്വങ്ങളിലൊന്നാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ തികച്ചും ഏകപക്ഷീയമായാണ് സഭാസമ്മേളന കാര്യത്തില്‍ സ്വന്തം തീരുമാനവുമായി മുന്നോട്ടുപോയതെന്നത് അധിക്ഷേപകരമായിരിക്കുന്നു.

കോവിഡ് കാരണം അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് സഭയില്‍ കൂട്ടത്തോടെ പങ്കെടുക്കാനാവില്ലെന്നാണ് സര്‍ക്കാരും സ്പീക്കറും പറയുന്ന ന്യായം. എന്നാല്‍ അംഗങ്ങളുടെയും ജനങ്ങളുടെയും അവകാശമാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നതെന്ന് എന്തുകൊണ്ട് സര്‍ക്കാരിലെ ആളുകള്‍ മനസ്സിലാക്കുന്നില്ല? വിവിധ തുറകളില്‍നിന്നുള്ള പ്രതിഷേധത്തെതുടര്‍ന്ന് കഴിഞ്ഞദിവസം പാര്‍ലമെന്റികാര്യമന്ത്രി പ്രഹ്ലാദ് ജോഷി നക്ഷത്ര ചിഹ്നമിടാത്ത (മന്ത്രിമാര്‍ക്ക് രേഖാമൂലം മറുപടി പറയാവുന്ന) ചോദ്യങ്ങള്‍ അനുവദിക്കാമെന്ന് അറിയിക്കുകയുണ്ടായി. എങ്കിലും ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കിയതെന്തിനെന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്. ചോദ്യോത്തരവേളയില്‍ അംഗങ്ങള്‍ക്ക് അവരവരുടെ വികസന കാര്യങ്ങളാണ് ഉന്നയിക്കാന്‍ അവസരമെങ്കില്‍ ശൂന്യവേളയില്‍ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളാണ് അവരുന്നയിക്കാറ്. ഇതിന് മറുപടി പറയേണ്ട ബാധ്യത പ്രധാനമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്കാണ്. എന്നാല്‍ അതിനുതക്ക ത്രാണി നഷ്ടപ്പെടുകയും ജനങ്ങളുടെ ഇടയില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാരിനെ സംബന്ധിച്ച് ചോദ്യോത്തര-ശൂന്യവേളകള്‍ അവര്‍ക്ക് അലോസരമുണ്ടാക്കുന്നതുതന്നെയാകും.

ഇന്ന് ചരിത്രത്തിലിന്നുവരെ കാണാത്ത രീതിയില്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അപ്പടി കൂപ്പുകുത്തിയിരിക്കുകയാണ്. കോവിഡാണ് കാരണമായി പറയുന്നതെങ്കിലും മോദിസര്‍ക്കാരിന്റെ തുടക്കംമുതല്‍ തുടരുന്ന തലതിരിഞ്ഞ സാമ്പത്തികനയം കാരണം സാമ്പത്തിക ഇടിവും മാന്ദ്യവും എന്നോ സംഭവിച്ചതാണ്. ഇപ്പോള്‍ അതിന്റെ പരമാവധി പാരമ്യത്തിലേക്കെത്തിയെന്നുമാത്രം. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ അഞ്ചു ശതമാനത്തിനടുത്തുണ്ടായിരുന്ന മൊത്തം ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി) വളര്‍ച്ചാനിരക്ക് ഇന്ന് കുത്തനെ ഇടിഞ്ഞിരിക്കുന്നു. ജൂണില്‍ അവസാനിച്ച നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 23.9 ശതമാനമായാണ് ജി.ഡി.പിയുടെ പതനം. കാര്‍ഷിക മേഖലയിലെ നേരിയ വളര്‍ച്ചയൊഴിച്ചാല്‍ വ്യാവസായിക-വാണിജ്യ രംഗമാകെ ശവപ്പറമ്പായിരിക്കുന്നു. ചരക്കു സേവന നികുതിയുടെ വരുമാന ഇടിവിലൂടെ ഇത് വ്യക്തമാണ്.

സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നിയപരമായ നഷ്ടപരിഹാരം പോലും നല്‍കുന്നില്ലെന്നുമാത്രമല്ല, പഴയ മാടമ്പിയുടെ ഭാവം കടമെടുത്ത് വേണമെങ്കില്‍ കടമെടുക്കൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഫെഡറലിസം പോയിട്ട് സാമാന്യ മര്യാദപോലും മോദി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നില്ല. ചൈന രാജ്യത്തേക്ക് അതിക്രമിച്ചുകടന്നിരിക്കുന്നു. കോവിഡ് ബാധിതരുടെ സംഖ്യ രാജ്യത്ത് 40 ലക്ഷത്തോട് അടുത്തിരിക്കെ ജനങ്ങളും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം വലിയ വെല്ലുവിളി നേരിടുകയാണ്. മോദി സര്‍ക്കാര്‍ ചെയ്യുന്നത് കയ്യിലെ അന്വേഷണ സംവിധാനങ്ങളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും രാഷ്ട്രീയ എതിരാളികളെയും വിരട്ടലും മര്‍ദിക്കലും തുറുങ്കിലടക്കലുമാണ്. ഈ പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയുമെല്ലാം നേരിടുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തു നടപടികളാണ് സ്വീകരിക്കുന്നതെന്നറിയാനുള്ള അവകാശം തീര്‍ച്ചയായും ജനപ്രതിനിധികള്‍ക്കുണ്ട്.

അതിനാണ് ജനപ്രതിനിധി സഭകള്‍ നിശ്ചിതഇടവേളകളില്‍ ചേര്‍ന്നിരിക്കണമെന്ന നിബന്ധന. കോവിഡ് പടരുന്നതിന് മുഖ്യകാരണം ശാരീരിക സമ്പര്‍ക്കമാണെന്നതിനാല്‍ തീര്‍ച്ചയായും അതൊഴിവാക്കേണ്ടത് അനിവാര്യംതന്നെയാണ്. ഭരണപക്ഷം, പ്രതിപക്ഷമെന്നോ, കക്ഷിയേതെന്നോ അതില്‍ വ്യത്യാസമില്ല. എന്നാല്‍ ഈ നിര്‍ണായകഘട്ടം മുതലെടുത്ത് ജനപ്രതിനിധികളുടെ ഭരണഘടനാവകാശം അട്ടിമറിക്കുന്നതിനെ ഒരുനിലക്കും അംഗീകരിക്കാനാകില്ലതന്നെ. ഇക്കാര്യത്തില്‍ ബി.ജെ.പിയിലെതന്നെ എല്ലാ വിഭാഗത്തിന്റെയും രാജ്യസഭാതലവനായ ഉപരാഷ്ട്രപതിയുടെയും ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടെന്ന് കരുതാനാകില്ല. കോവിഡ് മറയാക്കി ജനങ്ങളെ ബന്ദിയാക്കാനാണ് ഭാവമെങ്കില്‍ അതിനെതിരെ അതിശക്തമായ പ്രതിഷേധം തന്നെ അവരില്‍നിന്ന് ഉയര്‍ന്നുവരും.

 

web desk 3: