X

ശിക്ഷ നേരിടാന്‍ മോദി തയ്യാറായിക്കൊള്ളുക

രാജ്യസ്‌നേഹത്തിന്റെ അപ്പോസ്തലന്മാര്‍ തന്നെ രാജ്യത്തെ ഛിന്നഭിന്നമാക്കിയ നീറുന്ന യാഥാര്‍ത്ഥ്യമാണ് ഇന്ന് ഒന്നാംശ്രാദ്ധം ആചരിക്കുന്ന നോട്ടുനിരോധനത്തിന്റെ ബാക്കിപത്രം. രാജ്യത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്തവണ്ണം അപരിഹാര്യമായ നാശനഷ്ടം വരുത്തിയ നോട്ടുനിരോധന നടപടിയുടെ ഒരുവര്‍ഷം തികയുകയാണ് ഇന്നത്തെ അര്‍ധരാത്രി. ഗുജറാത്തിലെ 22 വര്‍ഷത്തെ കുതികാല്‍വെട്ടലിന്റെയും ന്യൂനപക്ഷ-വംശഹത്യയുടെയും മറവില്‍ 2014ല്‍ രാജ്യത്തിന്റെ അധികാരം കൈപ്പിടിയിലാക്കിയ നരേന്ദ്രദാമോദര്‍ദാസ് മോദി എടുത്തുവീശിയ തുറുപ്പുചീട്ടായിരുന്നു ശുദ്ധപൊള്ളയെന്ന് ജനങ്ങളും വിദഗ്ധരും വിധിയെഴുതിയ സാമ്പത്തിക പരിഷ്‌കരണ നടപടി. ഒരുഭാഗത്ത് സംഘപരിവാറുകളും ഭരണകക്ഷിക്കാരും ജനങ്ങളുടെയും വിശിഷ്യാ മതന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെയും നേര്‍ക്ക് നവഫാസിസത്തിന്റെ ഊരിപ്പിടിച്ച കുന്തമുനകളുമായി പാഞ്ഞടുക്കുമ്പോള്‍ ഭരണത്തിന്റെ കരാളചക്രങ്ങള്‍ ജനങ്ങളുടെ മേലേക്ക് ഉരുട്ടിക്കയറ്റുകയായിരുന്നു ആയിരം, അഞ്ഞൂറ് നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചുകൊണ്ടുള്ള മോദിയുടെ ലീലാവിലാസം.
ആഗോളസാമ്പത്തിക രംഗത്ത് പൊതുവായി മാന്ദ്യം പിടിമുറുക്കിയകാലത്ത് പലരാജ്യങ്ങളും വലിയ പ്രതിസന്ധികളിലകപ്പെട്ടപ്പോള്‍ അതിനെ ഹിമാലയന്‍ മലനിരകള്‍ക്കിപ്പുറത്തേക്ക് കടന്നുവരാനനുവദിക്കാതെ പിടിച്ചുകെട്ടിയൊരു സര്‍ക്കാരുണ്ടായിരുന്നു ഇന്ത്യക്ക്. എഴുപതുകളിലെ ബാങ്ക്‌ദേശസാല്‍കരണവും ഗരീബീഹഠാവോയും പോലുള്ള ഇന്ദിരാഗാന്ധിയുടെ നടപടികളാണ് 2008 മുതലുണ്ടായ ആഗോളമാന്ദ്യത്തിന് വിലങ്ങുവെക്കാന്‍ ഇന്ത്യക്ക് സഹായമായതെങ്കില്‍ ആ മഹതിയുടെ ദീര്‍ഘദൃക്കായ പിന്തുടര്‍ച്ചക്കാരനായിരുന്നു ഡോ. മന്‍മോഹന്‍സിംഗ് എന്ന പരിണതപ്രജ്ഞനായ സാമ്പത്തികകാര്യ വിദഗ്ധനും രാഷ്ട്രീയക്കാരനും. അദ്ദേഹത്തെയും കോണ്‍ഗ്രസിനെയും കെട്ടുകെട്ടിച്ച് കോണ്‍ഗ്രസ്്മുക്ത ഭാരതം സ്വപ്‌നംകണ്ട മോദിയും അമിത്ഷാകൂട്ടുകെട്ടും കാട്ടിക്കൂട്ടിയ തോന്ന്യാസത്തിന്റെ നാമമാണ് ഡീമോണിറ്റൈസേഷന്‍. ഇന്ന് നോട്ടുനിരോധനത്തിന്റെ ഒന്നാംവാര്‍ഷികം വരെയും തലതിരിഞ്ഞൊരുസര്‍ക്കാര്‍ വെച്ചുനീട്ടിയ കണ്ണീരുപ്പ് തിന്നുകയാണ് ജനതയൊട്ടാകെ. അത് അനുസ്യൂതം തുടരുമെന്നുതന്നെയാണ് ആഗോളവിദഗ്ധരെല്ലാം തരുന്ന മുന്നറിയിപ്പും.
രാജ്യത്തെ 15.44 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള രണ്ട് വലിയ നോട്ടുകള്‍ പിന്‍വലിച്ചത് രാത്രിയായതിനാല്‍ പിറ്റേന്നുമുതല്‍ നോട്ടിന് വേണ്ടിയുള്ള നെട്ടോട്ടമായി ജനങ്ങള്‍. രാജ്യത്തെ എണ്‍പത്താറുശതമാനം നോട്ടുകളാണ് ഇതുവഴി പിന്‍വലിച്ചതെന്നത് ജനത്തിന്റെ ദുരിതം പറഞ്ഞറിയിക്കാനാവാത്ത വിധമാക്കി. അറുപതു ശതമാനം കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുള്ള രാജ്യത്തെ ചെറുകിട കര്‍ഷകരും കച്ചവടക്കാരും തൊഴിലാളികളും ഈ പ്രധാനമന്ത്രിയെ അന്നുമുതല്‍ വെറുത്തുതുടങ്ങിയതിന് തെളിവായി തുടര്‍ന്നുനടന്ന പഞ്ചാബിലെയും ഗോവയിലെയും മറ്റും തിരഞ്ഞെടുപ്പു ഫലങ്ങള്‍. തൊഴില്‍ ചെയ്തതിനുള്ള കൂലി പോയിട്ട് കുരുന്നുകള്‍ക്ക് ഭക്ഷണത്തിനുള്ള തുകപോലും കിട്ടാതെ വലഞ്ഞു, ലോകത്തെ രണ്ടാമത്തെ വലിയ ജനസാമാന്യം.
കള്ളപ്പണവും കള്ളനോട്ടും പിടിച്ചുകെട്ടും, തീവ്രവാദം അടിച്ചമര്‍ത്തും തുടങ്ങിയവയാണ് മോദി പ്രഖ്യാപിച്ച വാഗ്ദാനങ്ങളെങ്കില്‍ നാള്‍ക്കുനാള്‍ ജനങ്ങളുടെ പൊറുതികേട് ഇരട്ടിയായി. ആദ്യമൊക്കെ നൊബെല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍, ഡോ. മന്‍മോഹന്‍സിംഗ്, പ്രൊഫ. അരുണ്‍കുമാര്‍ തുടങ്ങിയ വിദഗ്ധരാണ് മോദിയുടെ നയത്തിനെതിരെ തെളിവുകള്‍ നിരത്തി രംഗത്തുവന്നതെങ്കില്‍ സാംസ്‌കാരികനായകരും ജനപ്രതിനിധികളും യുവാക്കളും വനിതകളും വരെ തെരുവിലിറങ്ങി. നടപടിയെ വിമര്‍ശിച്ചതിന് എം.ടി വാസുദേവന്‍ നായരെപോലുള്ള എഴുത്തുകാര്‍ക്കെതിരെ കുരച്ചുചാടിയ ബി.ജെ.പിക്കാര്‍ ഇന്ന് ജനങ്ങള്‍ വടിയെടുത്തടിക്കുമെന്ന് വന്നപ്പോള്‍ താജ്മഹലിനു മേലെപോലും വര്‍ഗീയതയുടെ പുത്തന്‍അജണ്ടകള്‍ പുറത്തെടുക്കുകയാണ്. തന്റെ നടപടികളെല്ലാം പാഴായെന്ന ്ഉത്തമബോധ്യമാകണം ഐ.എ.എസ്സുകാരെ മന്ത്രിസഭയിലെടുക്കാനുള്ള മോദിയുടെ പുതിയ തീരുമാനം. പെട്രോളിയത്തിന്റെ വിലത്തകര്‍ച്ച മുതലെടുത്ത് നികുതി പരമാവധി വര്‍ധിപ്പിച്ച് ഭരണം മുന്നോട്ടുപോകുന്ന മോദിക്കിപ്പോള്‍ പറയാന്‍ പാളിപ്പോയ സ്വച്ഛ്ഭാരത് പദ്ധതിയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പിഞ്ചുകുട്ടികളുടെ കൂട്ടമരണവുമാണ്.
നോട്ടുനിരോധനം ചരിത്രപരമായ മണ്ടത്തരമാണെന്നും രാജ്യത്തെ ജനങ്ങളെ ബന്ദിയാക്കാന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ലെന്നും പറഞ്ഞ മിതഭാഷിയായ ഡോ. മന്‍മോഹന്‍സിംഗിനെ കുളിമുറിയില്‍ കോട്ടിട്ട് കുളിക്കുന്നയാളെന്ന് ആക്ഷേപിച്ചാണ് മോദിയും കൂട്ടരും തങ്ങളുടെ വിടുവായിത്തം പ്രകടിപ്പിച്ചത്. എന്നാലിന്ന് അതേ ഡോ. സിംഗിന്റെ പ്രവചനം കൃത്യവും സത്യവുമായിരിക്കുമ്പോള്‍ കുളിമുറിക്ക് പുറത്ത് നഗ്നനാണ് നമ്മുടെ പ്രധാനമന്ത്രി. രാജ്യം നോട്ടുനിരോധനത്തിന് ശേഷം രണ്ടുശതമാനം മൊത്തആഭ്യന്തരവളര്‍ച്ചയില്‍ തിരിച്ചടി നേരിട്ടിരിക്കുന്നു. റിസര്‍വ് ബാങ്കിന്റെ വായമൂടിക്കെട്ടിയെങ്കിലും നടപടിയുടെ എട്ടാം മാസം കുറ്റം പൂര്‍ണമായും സര്‍ക്കാരില്‍ ഭരമേല്‍പിച്ച് ബാങ്ക് അധികൃതര്‍ കൈകഴുകി. മാത്രമല്ല, 99 ശതമാനം നിരോധിതനോട്ടും തിരിച്ചുവന്നുവെന്ന് റിസര്‍വ് ബാങ്കിന് വൈകിയെങ്കിലും സമ്മതിക്കേണ്ടിവന്നിരിക്കുന്നു. അതിലും ഞെട്ടിപ്പിക്കുന്നത് ഒരു വര്‍ഷം തികയുമ്പോഴും തിരിച്ചുവന്ന നോട്ടുകള്‍ എണ്ണിത്തീരാന്‍ ഇനിയും രണ്ടു വര്‍ഷമെടുക്കുമെന്ന വര്‍ത്തമാനമാണ്. അഞ്ചുലക്ഷം കോടിയെങ്കിലും കള്ളപ്പണമായതുകാരണം തിരിച്ചുവരില്ലെന്ന് കണക്കുകൂട്ടിയവരുടെ നാവ് ഇപ്പോള്‍ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നു.
മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായി എട്ടാം തവണയും അഞ്ചു ശതമാനം കണ്ട് കീഴോട്ടുപോയിരിക്കുന്നുവെന്നത് കഴിഞ്ഞമാസത്തെ സര്‍ക്കാരിന്റെ തന്നെ കണക്കാണ്. 9.2ല്‍ നിന്നാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാനപാദത്തിലെ വളര്‍ച്ച 5.7 ആയി കുറഞ്ഞിരിക്കുന്നത്. 7.3 ആകുമെന്നു കരുതി രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും കരുനീക്കിയ റിസര്‍വ് ബാങ്കിന് 6.7 മാത്രമാകും അടുത്ത വര്‍ഷത്തെ വളര്‍ച്ചയെന്ന് തുറന്നു സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ഒന്നരലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പതിനഞ്ച് ലക്ഷം തൊഴിലവസരം കുറഞ്ഞു. രണ്ടേകാല്‍ ലക്ഷം വ്യവസായസ്ഥാപനങ്ങള്‍ പൂട്ടി തുടങ്ങിയ കണക്കുകള്‍ സര്‍ക്കാരിന്റെത് തന്നെയാണ്. പ്രമുഖശത്രുവായി നാം കാണുന്ന ചൈന വളര്‍ച്ചയില്‍ ഇന്ത്യയെ പിറകോട്ടുതളളുന്നു. പാക്കിസ്താനില്‍നില്‍നിന്നുള്ള ഭീകരവാദം ഇക്കാലയളവില്‍ പൂര്‍വാധികം ശക്തിയായി പടര്‍ന്നു. കൂനിന്മേല്‍ കുരുവായി ചരക്കുസേവന നികുതിയും അടിച്ചേല്‍പിച്ചതോടെ തങ്ങളെ ശത്രുവായി കാണുന്ന നാസിസ്റ്റാണ് മോദിയെന്ന് ജനത്തിന് അനുഭവതീക്ഷ്ണതകൊണ്ട് സ്വയം ബോധ്യമായിരിക്കുന്നു.

chandrika: