X

കരുതിയിരിക്കുക, എന്തിനും !

 

മധ്യപ്രദേശിലെ കോട്‌വാലി ആട്ടര്‍റോഡ് പൊലീസ്‌സ്റ്റേഷനുമുന്നിലൂടെ ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടിരിക്കവെ മുപ്പത്തഞ്ചുകാരന്‍ ട്രക്കിടിച്ച് കൊല ചെയ്യപ്പെടുന്ന വീഡിയോ ദൃശ്യം യാദൃച്ഛികമായി തോന്നാമെങ്കിലും അതിനുപിന്നില്‍ വന്‍ ഗൂഢാലോചന തന്നെ നടന്നിരിക്കുന്നുവെന്നാണ് പുറത്തുവന്ന വിവരം. പ്രാദേശിക ചാനലിന്റെ ലേഖകനായ സന്ദീപ്ശര്‍മ പെയ്ഡ്‌ന്യൂസിന്റെ നവകാലത്ത് പലരെയും പോലെ മാധ്യമ പ്രവര്‍ത്തനം വെറും ധന സമ്പാദന മാര്‍ഗമായി കണ്ടയാളല്ലായിരുന്നു. പരിസ്ഥിതിയെ നശിപ്പിച്ചും നിയമങ്ങള്‍ കാറ്റില്‍പറത്തിയും പ്രദേശത്തെ നദികളില്‍നിന്ന് വന്‍തോതില്‍ മണല്‍ കടത്തിക്കൊണ്ടുപോയി മറിച്ചുവിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മാഫിയയെക്കുറിച്ച് തുടരെത്തുടരെ വാര്‍ത്തകള്‍ നല്‍കിവരികയായിരുന്നു ശര്‍മ. ഇതിന് തനിക്ക്് പലരില്‍നിന്നും വധഭീഷണി ഉണ്ടായിരുന്നതായി ശര്‍മ തന്നെ പൊലീസില്‍ നേരിട്ട് പരാതിയും നല്‍കിയിരുന്നു.
ഇതേ ദിവസംതന്നെ രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ കോബ്രപോസ്റ്റ് പുറത്തുവിട്ടൊരു വാര്‍ത്തകൂടി കാണാതെ പോകരുത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി വാര്‍ത്തകള്‍ ചമച്ച് അവര്‍ക്ക് പരമാവധി വോട്ടുകള്‍ നേടിക്കൊടുക്കാന്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ കേന്ദ്ര ഭരണകക്ഷിയില്‍നിന്ന് പണം സ്വീകരിച്ചുവെന്നാണ് ജനാധിപത്യ പ്രേമികളെ ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത. പണം നല്‍കുന്ന വ്യക്തിയുടെ എതിര്‍ സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ നടത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമെന്നു മാത്രമല്ല, സമൂഹത്തില്‍ മതപരമായ ധ്രുവീകരണം സൃഷ്ടിച്ച് ബി.ജെ.പിയുടെ തുടര്‍ഭരണം ഉറപ്പുവരുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് ‘കോബ്ര’യുടെ ലേഖകന്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ രാജ്യത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്കിലൂടെ കേംബ്രിഡ്ജ് അനലറ്റിക്ക വഴി വോട്ടര്‍മാരെ സ്വാധീനിച്ച് ബി.ജെ.പിക്ക് അനുകൂലമായ വോട്ടുകള്‍ സമാഹരിച്ച് നല്‍കിയതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്തിനേറെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്നെ സ്വന്തം ആപ്ലിക്കേഷനിലൂടെ വിദേശത്തേക്ക് ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറിയെന്ന വാര്‍ത്തയും ഈ ദിവസങ്ങളിലാണ് നമ്മെ തേടിയെത്തിയത്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ തന്നെയാണ് വ്യാപം തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം അമ്പതോളം പേര്‍ ദുരൂഹസാഹചര്യങ്ങളില്‍ കൊല ചെയ്യപ്പെട്ടത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പതിനഞ്ചോളം മാധ്യമ പ്രവര്‍ത്തകരും അറുപത്തഞ്ചോളം വിവരാവകാശ പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്.
രാജ്യത്തെ പ്രമുഖ അച്ചടി, ദൃശ്യമാധ്യമ സ്ഥാപനങ്ങളിലെ സംഘ്പരിവാര്‍ അനുകൂലികളായ പത്രപ്രവര്‍ത്തകരാണ് കാശിനുവേണ്ടി വിടുപണി ചെയ്യാന്‍ തയ്യാറായിരിക്കുന്നതെന്നാണ് വിവരം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ബൂത്തുകള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇതിനകംതന്നെ നിരവധി പ്രവര്‍ത്തകരെ ബി.ജെ.പി അധ്യക്ഷന്‍ നിയോഗിച്ചിട്ടുണ്ട്. 3,78000 പ്രവര്‍ത്തകര്‍ ഇതിനായി രംഗത്തിറങ്ങിക്കഴിഞ്ഞുവത്രെ. ഇതോടൊപ്പമാണ് സമൂഹ മാധ്യമങ്ങള്‍ വഴി ആളുകളെ സ്വാധീനിക്കാനുള്ള ശ്രമം. കോടികളാണ് ഇതിനായി കേന്ദ്ര ഭരണകക്ഷി മുടക്കുന്നത്. ഈ പണം എവിടുന്നുവന്നുവെന്ന് അന്വേഷിക്കേണ്ടത് ഇവരുടെ പാര്‍ട്ടിയുടെ ഭരണക്കാര്‍ ആണെന്നതിനാല്‍ ഇത്തരം ഗൂഢ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പുറത്തുവരികയോ തടയപ്പെടുകയോ ചെയ്യില്ലെന്ന വശവുമുണ്ട്. രാജ്യത്ത് സത്യസന്ധരായ ആയിരക്കണക്കിന് മാധ്യമങ്ങളും പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവാണ് മേല്‍വാര്‍ത്തകളൊക്കെ നാം വൈകിയെങ്കിലും അറിയുന്നുവെന്നത്. മാധ്യമ പ്രവര്‍ത്തകരും വിവരാവകാശപ്രവര്‍ത്തകരും പുരോഗമനാശയക്കാരും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമൊക്കെ ഫ്യൂഡല്‍കാലത്തെന്നോണം സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ നിത്യേന അരുംകൊല ചെയ്യപ്പെടുന്ന നമ്മുടെ രാജ്യത്ത് വരാനിരിക്കുന്ന നാളുകള്‍ എന്തിനും കാതോര്‍ക്കേണ്ടതാണെന്ന മുന്നറിയിപ്പാണ് ഓരോ സംഭവങ്ങളും വിളിച്ചുപറയുന്നത്.
കഴിഞ്ഞവര്‍ഷം ആദ്യം രാജ്യത്തെ ഏറ്റവും കൂടുതല്‍ ലോക്‌സഭാസീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ മോദിയുടെ കക്ഷി നേടിയ തകര്‍പ്പന്‍ വിജയം തെല്ലൊന്നുമല്ല അവരെ അഹങ്കാരികളും അതിമോഹികളുമാക്കിയത്. പിന്നീട് നടന്ന ഗുജറാത്ത്, വടക്കുകിഴക്കന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും വിജയഭേരി മുഴക്കാന്‍ അവര്‍ക്കായത് നിലക്കാത്ത പണമൊഴുക്കിന്റെയും അതിസൂക്ഷ്മമായ ഗൂഢാസൂത്രണത്തിന്റെയും പരിണിതഫലമായിരുന്നു. ഈയടുത്തായി നടന്ന വിവിധ ഉപതെരഞ്ഞെടുപ്പുകള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്ന അവസ്ഥയാണ് ബി.ജെ.പിയുടെ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. പക്ഷേ വോട്ടുകളുടെ കുത്തൊഴുക്കിനെ മുതലാക്കി നേരത്തെ പൊതുതെരഞ്ഞെടുപ്പ് നടത്തി തുടര്‍ഭരണം നേടാമെന്ന കണക്കുകൂട്ടലൊക്കെ മാറ്റിവെച്ചിരിക്കുകയാണ് മോദിയും അമിത്ഷായും. കര്‍ണാടകയില്‍ മേയില്‍ നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിലംതൊടില്ലെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന സര്‍വേഫലം വ്യക്തമാക്കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മോദിയും കൂട്ടരും അധികാരപ്രമത്തതയില്‍ ഏതുതലത്തിലേക്കും താഴ്‌ന്നേക്കാമെന്നും വേണ്ടിവന്നാല്‍ രാജ്യത്തൊരു വര്‍ഗീയകലാപത്തിനോ അടിയന്തിരാവസ്ഥക്കുതന്നെയോ തയ്യാറായേക്കുമെന്ന ഭീതി പരന്നിരിക്കുന്നു. ഗുജറാത്തില്‍ ഒന്നരപതിറ്റാണ്ടിലധികം അധികാരത്തിലിരുന്ന നരേന്ദ്രമോദി മത ന്യൂനപക്ഷങ്ങളെ വംശക്കുരുതിക്ക് വിധേയമാക്കിയാണ് ആ കബന്ധങ്ങളില്‍ ചവിട്ടിക്കടന്ന് കേന്ദ്രത്തിലേക്ക് വന്നത്.
ആഴ്ചകള്‍ക്കകം വരാനിരിക്കുന്ന അയോധ്യ-ബാബരി മസ്ജിദ് വിഷയത്തിലെ ഉന്നതനീതിപീഠത്തിന്റെ വിധിക്ക് കാത്തിരിക്കുകയാണ് ഇന്ത്യയും മത ന്യൂനപക്ഷാദി മതേതരജനാധിപത്യവിശ്വാസി സമൂഹവും. ഇതിന്റെ വിധിയെന്തായിരിക്കുമെന്ന ആശങ്കക്കിടയില്‍ തന്നെയാണ് സംഘ്പരിവാറിനുവേണ്ടി മാധ്യസ്ഥ്യന്റെ കപടവേഷമണിഞ്ഞെത്തിയ ശ്രീശ്രീരവിശങ്കര്‍ ബാബരിമസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഇന്ത്യ അഞ്ചുലക്ഷം പേര്‍ കൊല്ലപ്പെട്ട സിറിയയാകുമെന്ന മുന്നറിയിപ്പ് നല്‍കിരിക്കുന്നത്. ഇയാള്‍ക്കെതിരെയോ നിരന്തരം വര്‍ഗീയവിഷം വമിച്ചുകൊണ്ടിരിക്കുന്ന സുബ്രഹ്മണ്യസ്വാമിയാദികള്‍ക്കെതിരെയോ ചെറുവിരലനക്കാന്‍ മോദിസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇവിടെയാണ് ഗൗരിലങ്കേഷും പന്‍സാരെയും കല്‍ബുര്‍ഗിയും സന്ദീപ്ശര്‍മയും ഒക്കെ കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ ഗോധ്രയും ഉത്തര്‍പ്രദേശിലെ മുസഫര്‍പൂരും ബീഫിന്റെ പേരില്‍ അരുംകൊല നടന്ന ദാദ്രിയും ദലിതുകള്‍ക്ക് അടിയേറ്റ ഉനയും അടക്കം എണ്ണമറ്റ കലാപഭൂമികള്‍ക്കുള്ള വളമൊരുക്കിക്കൊണ്ടിരിക്കുകയാണ് മോദിയും കൂട്ടരുമെന്നാണ് പലരും ഭയപ്പെടുന്നത്. നിരപരാധികളുടെ കബന്ധങ്ങള്‍ക്കുമുന്നിലാണ് ലോകത്തെ എല്ലാ സ്വച്ഛാധിപതികളുടെയും സിംഹാസനങ്ങള്‍ പണിതിട്ടുള്ളതെന്നത് കാലം നമ്മില്‍ ഇന്നിലും കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ മനസ്സുകളെ വക്രീകരിക്കുന്ന മാധ്യമ വിദ്യകളുടെ ബധിരമൂക ഇരകളാകാതെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവലാളായി മാറാന്‍ ഓരോ ഇന്ത്യക്കാരനും കഴിയുന്നതാകണം വരുംനാളുകള്‍.

chandrika: