X

ജനജീവിതം കൊണ്ടുള്ള കളിക്കേറ്റ പ്രഹരം

ഭരണഘടനയിലെ ഇരുപത്തൊന്നാം വകുപ്പ് വെച്ചുനീട്ടുന്ന പൗരന്മാരുടെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ ഭരണകൂടം പന്തു തട്ടിക്കളിക്കരുതെന്ന സുവ്യക്തവും സുദൃഢവുമായ മുന്നറിയിപ്പാണ് ചൊവ്വാഴ്ച രാജ്യത്തെ ഉന്നതനീതിപീഠത്തില്‍നിന്നുണ്ടായിരിക്കുന്നത്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കരുതെന്നു കാട്ടി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഈവര്‍ഷം മെയ് 23ന് പുറപ്പെടുവിച്ച വിജ്ഞാപനംമൂലം രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം വഴിമുട്ടിയിരിക്കുന്നു. അവര്‍ക്കു ലഭിച്ച ആശ്വാസവാര്‍ത്തയാണിത്. ഉത്തരവ് ഭേദഗതിചെയ്യുമെന്ന് കേന്ദ്രം പറഞ്ഞതിനെതുടര്‍ന്നാണ് ജസ്റ്റിസുമാരായ ജെ.എസ് കെഹാര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ തീര്‍പ്പാക്കി സ്റ്റേ അനുവദിച്ചത്. ജനങ്ങളുടെ ജീവനോപാധിക്കുമേല്‍ നിയന്ത്രണം അരുതെന്ന ഉത്തരവാണ് കോടതി നല്‍കിയിരിക്കുന്നത്. ഉത്തരവ് ജനങ്ങളുടെ ഭക്ഷണത്തിനും ജീവനോപാധിക്കും മേലുള്ള കയ്യേറ്റമായിരുന്നുവെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നതാണ്. നേരത്തെ രാജ്യത്താകമാനം വന്‍തോതിലുള്ള പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ അനങ്ങാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ മുമ്പില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. വാസ്തവത്തില്‍ ആമയെ പോലെ തല അകത്തേക്ക് വലിച്ചിരിക്കുകയാണ് കേന്ദ്രം. സര്‍ക്കാരിലുപരി ഗോമാതാവിന്റെ പേരിലുള്ള സംഘ് പേക്കൂത്തുകള്‍ക്കെതിരെ കൂടിയാണ് ഈ വിധിയെന്ന് വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല.
ആള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഖുറേശ് ആക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. മുഹമ്മദ് ഫഹീം ഖുറേശിയാണ് ഇതുസബന്ധിച്ച് പൊതുതാര്‍പര്യഹര്‍ജി നല്‍കിയത്. കിസാന്‍സഭ, ബീഫ് കയറ്റുമതിക്കാരുടെ സംഘടന തുടങ്ങിയ നിരവധി സംഘടനകള്‍ ഇതില്‍ കക്ഷിചേരുകയായിരുന്നു. കാള, പശു, ഒട്ടകം, എരുമ, പോത്ത്, ഇവയുടെ കുട്ടികള്‍ എന്നിവയെ കശാപ്പിനായി വില്‍ക്കരുതെന്ന് പറയുമ്പോള്‍ സ്വാഭാവികമായും രാജ്യത്ത് കന്നുകാലി കശാപ്പ് നിലക്കുമെന്ന് മുന്‍കൂട്ടി കാണുകയായിരുന്നു കേന്ദ്രത്തിലെയും സംഘ്പരിവാരിലെയും കൗശല ബുദ്ധികളായ ഉന്നതര്‍. മതപരമായ ആചാരങ്ങളുടെ പേരില്‍ മുസ്‌ലിംകളും ഹിന്ദുക്കളിലെ തന്നെ പല ജാതികളും മൃഗബലി നടത്താറുണ്ടെന്നതും കേന്ദ്രത്തിന് അറിയാമായിരുന്നിട്ടും മതപരമായ ആവശ്യത്തിനും അറുക്കരുതെന്ന് കല്‍പിച്ചത് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള വിശ്വാസ സ്വാതന്ത്ര്യത്തെയും കവച്ചുവെക്കുന്നതായി. മത സ്വാതന്ത്ര്യം അനുവദിക്കുന്ന 25-ാം വകുപ്പിന്റെ ലംഘനമാണിതെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ കപില്‍സിബല്‍ വാദിച്ചു.
മൃഗപീഡന നിരോധന നിയമത്തിന്റെ ചുവടുപിടിച്ച് കേന്ദ്രം ഇറക്കിയ ഉത്തരവ് മൃഗ സംരക്ഷണം, വില്‍പന, കശാപ്പ്, ബലികര്‍മം തുടങ്ങിയ വിവിധ സംസ്ഥാന നിയമങ്ങള്‍ക്കുള്ളിലേക്ക് കടന്നുകയറുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നുവന്നെങ്കിലും കന്നുകാലി കച്ചവട, ഹോട്ടല്‍ മേഖലകളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വരുമാനത്തെ തടസ്സപ്പെടുത്തിയെന്ന ആരോപണമായിരുന്നു പ്രധാനമായിരുന്നത്. രാജ്യത്തെ എണ്‍പത്തഞ്ചു ശതമാനം പേരും ഉപയോഗിക്കുന്ന മാംസ ഭക്ഷണം നിയന്ത്രിക്കുകയോ മാംസഭക്ഷണം തന്നെ ഇല്ലാതാക്കുകയോ ഒക്കെയായിരുന്നു കേന്ദ്രത്തിന്റെ ഉത്തരവിനുപിന്നില്‍. സ്വഭാവികമായും ഗോമാതാവിന്റെ പേരില്‍ പശു സംരക്ഷണത്തിനായി മുറവിളി കൂട്ടുകയും ആളുകളെ പച്ചക്ക് കൊലപ്പെടുത്തുകയും രാജ്യത്താകമാനം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന സംഘ്പരിവാറുകാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വിവാദ ഉത്തരവിനെ ചോദ്യംചെയ്യാന്‍ മാംസഭുക്കുകളായ രാജ്യത്തെ വലിയൊരു പങ്ക് ആളുകളും മുന്നോട്ടുവന്നു. കേരള നിയമസഭ ബി.ജെ.പി അംഗമൊഴികെ ഐകകണ്‌ഠ്യേന വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. മേഘാലയയിലെ ബി.ജെ.പി സര്‍ക്കാര്‍ പോലും ഉത്തരവിനെതിരെ അതിശക്തമായി രംഗത്തുവരികയും ബി.ജെ.പി നേതാവ് പാര്‍ട്ടി വിടുകയും ചെയ്തു. കേരള ഹൈക്കോടതിയില്‍ ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യഹര്‍ജികള്‍ വന്നെങ്കിലും കേന്ദ്ര ഉത്തരവിനെ പിന്തുണക്കുന്ന നിലപാടാണ് നിര്‍ഭാഗ്യവശാല്‍ സ്വീകരിച്ചത്. എന്നാല്‍ മദിരാശി ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ എം.വി മുരളീധരനും ജസ്റ്റിസ് വി. കാര്‍ത്തികേയനും കേന്ദ്ര ഉത്തരവ് നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്യുകയും കേന്ദ്രത്തിന് ഇതുസംബന്ധിച്ച് നോട്ടീസ് അയക്കുകയുമായിരുന്നു. ഹൈക്കോടതിയുടെ ഈ സ്‌റ്റേ തമിഴ്‌നാട്ടില്‍ മാത്രമാണ് ബാധകമായത്.
വാസ്തവത്തില്‍ ഇത്തരമൊരു ഉത്തരവ് ഇറക്കുമ്പോള്‍ രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന മുന്‍കൂട്ടിക്കാണേണ്ട ഉത്തരവാദിത്തം കേന്ദ്രം കാട്ടിയില്ലെന്നുമാത്രമല്ല, നോട്ടുനിരോധനം പോലെ അപക്വമായ മറ്റൊരു സാമ്പത്തിക പരിഷ്‌കാരമായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടതും അനുഭവപ്പെട്ടതും. രാജ്യത്തെ കന്നുകാലിച്ചന്തകളില്‍ കന്നുകാലി വരവും വില്‍പനയും കുറഞ്ഞത് മൂലം പ്രതിവര്‍ഷം അമ്പതിനായിരം കോടി രൂപയുടെ ബീഫ് കയറ്റുമതിക്കാണ് സത്യത്തില്‍ ഗുണകരമായതെന്ന് കാണാം. കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബീഫ് കയറ്റുമതിയെ ഉത്തരവ് പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് പറഞ്ഞതുതന്നെ ബി.ജെ.പി നേതാക്കള്‍ നേതൃത്വംനല്‍കുന്ന കോടികളുടെ ബീഫ് കയറ്റുമതി ബിസിനസ് പോഷിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നതിന് അടിവരയിടുന്നതായിരിക്കുന്നു.
ഉത്തരവ് പിന്‍വലിക്കുകയല്ല, ഭേദഗതി ചെയ്യുമെന്നാണ് അഡീ.സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതിയുടെ മുന്നില്‍ ഭേദഗതി ഉത്തരവ് വരുമ്പോള്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ പരാതിക്കാരോട് കോടതി കല്‍പിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും ജനങ്ങളുടെ നേര്‍ക്കുള്ള ഈ കാടന്‍ കടന്നുകയറ്റം അവസാനിച്ചുവെന്ന് കരുതാം. മുസ്‌ലിംകളുടെ ബലിപെരുന്നാള്‍ അടുത്തുവരവെ ഉണ്ടായ വിധി അവരെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്. രാജ്യത്തെ ഇരുപതു കോടിയോളം വരുന്ന ജനതക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനാവാതെ വരുന്നത് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടാക്കുക. ഇത് തിരിച്ചറിയാന്‍ നീതിപീഠം കാണിച്ച മഹാമനസ്‌കതക്കാണ് വാസ്തവത്തില്‍ രാജ്യമൊറ്റക്കെട്ടായി നന്ദി പറയേണ്ടത്. രാജ്യത്തെ ഭരണഘടനയും നീതിന്യായ വ്യവസ്ഥിതിയുമാണ് ജനങ്ങള്‍ക്ക് അന്തിമ അവലംബമെന്ന തിരിച്ചറിവിലേക്കുകൂടി സുപ്രീംകോടതി വിധി വിരല്‍ചൂണ്ടുന്നു.

chandrika: