X

മുഖ്യമന്ത്രി മറന്ന ‘കേരള സൈന്യം’

‘കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ് നാടിന്റെ സ്വന്തം സൈന്യം. മത്സ്യത്തൊഴിലാളി മേഖലക്ക് എന്തു ചെയ്താലും അധികമാവില്ലെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്…’ മഹാപ്രളയത്തിന്റെ ആഴക്കയത്തില്‍നിന്ന് മനുഷ്യജീവനുകള്‍ കോരിയെടുത്തു മാറോടുചേര്‍ത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’ നല്‍കി മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണ് മേലുദ്ധരണി. കൃത്യം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഈ വാക്കുകള്‍ ‘പൊന്നാ’യില്ലെന്നു മാത്രമല്ല, കേവലം പാഴ്‌വാക്കായിരുന്നുവെന്ന് തീരദേശത്തെ പട്ടിണിപ്പാവങ്ങള്‍ സാക്ഷ്യപ്പെടുത്തുകയാണ്. പൊതുവെ ദുരിതക്കടലില്‍ തുഴയെറിയുന്ന മത്സ്യത്തൊഴിലാളികളെ ഇടതു സര്‍ക്കാറിന്റെ ദുര്‍ഭരണം വഞ്ചനയുടെ കൊടും ചുഴിയിലേക്ക് വാരിവലിച്ചെറിയുകയായിരുന്നു. പ്രത്യേകിച്ച്, കഴിഞ്ഞ ഒരു വര്‍ഷം മത്സ്യത്തൊഴിലാളികളുടെ പേരില്‍ മേനി നടിച്ച് പൊങ്ങച്ച വാക്കുകളില്‍ അഭിരമിച്ച പിണറായി സര്‍ക്കാര്‍ പ്രായോഗിക സമീപനങ്ങളില്‍ വട്ടപ്പൂജ്യമാണെന്ന് കടലിന്റെ മക്കള്‍ പറയും. വറുതിയുടെ വറച്ചട്ടിയില്‍ തീരം വിശന്നു പൊരിയുമ്പോള്‍ വാഗ്ദാനങ്ങളില്‍ വയറു നിറയ്ക്കാമെന്ന വ്യാമോഹത്തിലാണ് ഇടതു സര്‍ക്കാര്‍. ബി.പി.എല്‍ കാര്‍ഡില്‍ നിന്നു വെട്ടിമാറ്റി ‘വെള്ളക്കാര്‍ഡ്’ നല്‍കി മത്സ്യത്തൊഴിലാളികളെ കണ്ണീരു കുടിപ്പിച്ച സര്‍ക്കാറിന്റെ സൗജന്യ റേഷന്‍ പ്രഖ്യാപനവും പേരിലൊതുങ്ങുമെന്ന കാര്യം തീര്‍ച്ച.
രണ്ടു വര്‍ഷമായി കേരളത്തിന്റെ കടല്‍ സമ്പത്തില്‍ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. ഇടക്കിടെ കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകളും മത്സ്യബന്ധന നിരോധനവുമെല്ലാം മത്സ്യമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്ന 170 ലിറ്റര്‍ മണ്ണെണ്ണയുടെ സ്ഥാനത്ത് ഇടതു സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത് കേവലം 40 ലിറ്റര്‍ മാത്രമാണ്. തീര പരിപാലന നിയമത്തിന്റെ പേരു പറഞ്ഞ് തീരദേശവാസികളുടെ ഭവനപദ്ധതി പാടെ നിര്‍ത്തിലാക്കിയ പിണറായി സര്‍ക്കാര്‍ ലക്ഷക്കണക്കിന് പാവങ്ങളെ വഴിയാധാരമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒത്തുകളിച്ചാണ് കടലിന്റെ മക്കളെ ക്രൂരമായി പീഢിപ്പിച്ചുകൊണ്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട സമ്പാദ്യാശ്വാസ പദ്ധതി തുക ജൂണ്‍ പകുതിയായിട്ടും വിതരണം ചെയ്തിട്ടില്ല. പ്രതിമാസം 250 രൂപ പ്രകാരം ആറു മാസം ഓരോ തൊഴിലാളിയും അടവാക്കിയ 1500ഉം സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 1500 വീതവും ഉള്‍പ്പെടെ 4500 രൂപ യു.ഡി.എഫ് സര്‍ക്കാര്‍ കൃത്യമായി പഞ്ഞമാസങ്ങളില്‍ വിതരണം ചെയ്തുവന്നതാണ്. എന്നാല്‍ ഇടതു സര്‍ക്കാര്‍ ഈ തുകയും തടഞ്ഞുവെച്ചിരിക്കുകയാണ്. പെരുന്നാള്‍ ആവശ്യങ്ങള്‍ക്കും സ്‌കൂള്‍ തുറക്കുന്ന സമയത്ത് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ക്കുംവേണ്ടി മത്സ്യത്തൊഴിലാളികള്‍ കരുതിവച്ച ചെറിയ സമ്പാദ്യത്തിലാണ് സര്‍ക്കാര്‍ കയ്യിട്ടുവാരിയിരിക്കുന്നത്. തങ്ങള്‍ക്ക് അവകാശപ്പെട്ട പണത്തിനായി ബാങ്കിലെത്തി നിരാശയോടെ മടങ്ങുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണീരിന്റെ ശാപം ഈ സര്‍ക്കാറിനെ വേട്ടയാടുക തന്നെ ചെയ്യും.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് പെന്‍ഷന്‍ കിട്ടിയിരുന്നവര്‍ക്ക് മറ്റു സാമൂഹിക പെന്‍ഷനുകളും ലഭിച്ചിരുന്നു. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികേരത്തിലേറിയതോടെ ഇവയില്‍ ഏതെങ്കിലും ഒരു പെന്‍ഷനു മാത്രമേ കടലിന്റെ മക്കള്‍ക്ക് അര്‍ഹതയുള്ളൂവെന്ന് മാറ്റിയെഴുതുകയായിരുന്നു. 60 വയസു കഴിഞ്ഞ മത്സ്യത്തൊഴിലാളികള്‍ ജീവവായു പോലെ കരുതിയിരുന്ന ക്ഷേമ പെന്‍ഷനാണ് യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് 160 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 2600 രൂപയാക്കി തൊഴിലാളികളുടെ വയറ്റത്തടിച്ച സര്‍ക്കാര്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് കടലിലിറങ്ങാന്‍ വര്‍ഷാവര്‍ഷം അരലക്ഷം രൂപയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം പുറമെ കേരള മറൈന്‍ ഫിഷറീസ് ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി പാവപ്പെട്ട മത്സ്യത്തൊഴിലാളികളില്‍നിന്ന് രണ്ടുമുതല്‍ മൂന്നു ലക്ഷം വരെ പിഴ ഈടാക്കി കുംഭ വീര്‍പ്പിക്കുകയാണ് സര്‍ക്കാര്‍. ‘കേരളത്തിന്റെ സ്വന്തം സൈന്യം’ എന്ന വിശേഷണത്തിന് അര്‍ഹരായ മത്സ്യത്തൊഴിലാളികളെ നോക്കുകുത്തിയാക്കി കോസ്റ്റല്‍ ഗാര്‍ഡിലേക്ക് സ്വന്തക്കാരെ തിരുകിക്കയറ്റി നീചമായ രാഷ്ട്രീയം കളിക്കുന്ന പിണറായി സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം ആളിപ്പടരുകയാണ്. നിഷ്പക്ഷനാകേണ്ട സ്പീക്കറുടെ മണ്ഡലത്തില്‍ പോലും ഇവ്വിധം പക്ഷപാതിത്വമുണ്ടായത് മത്സ്യത്തൊഴിലാളികളോട് പൊറുക്കാനാവാത്ത പാതകമാണ്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രണ്ട് വലിയ ദുരന്തങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഓഖിയും മഹാപ്രളയവും. രണ്ട് ഘട്ടങ്ങളിലും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് രക്ഷകരായെത്തിയത്. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും സേനാവിഭാഗങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു കടലിന്റെ മക്കളുടെ രക്ഷാപ്രവര്‍ത്തനം. എന്നാല്‍ ഓഖി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരോട് കാണിച്ച അതേ അവഗണന മഹാപ്രളയത്തിലെ രക്ഷകരോടും സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു.
എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുമെന്നും സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം നല്‍കുമെന്നും പറഞ്ഞ സര്‍ക്കാര്‍ പിന്നീട് പലയിടത്തേക്കും തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. കഴിഞ്ഞ ബജറ്റില്‍ തീരദേശ മേഖലക്കും മത്സ്യത്തൊഴിലാളി ക്ഷേമത്തിനും അനുവദിച്ച കോടിക്കണക്കിനു രൂപയുടെ പദ്ധതികളില്‍ പലതും ജലരേഖയായിരിക്കുകയാണ്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ സഹായങ്ങളൊന്നും ചെയ്യാതെ കേരള തീരത്തോട് അനീതി കാണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ ഈ കടുത്ത അവഗണന സഹിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശേഷിയില്ലെന്ന് ഇനിയെങ്കിലും പിണറായി സര്‍ക്കാര്‍ മനസിലാക്കണം. പകലന്തിയോളം പണിയെടുത്താലും പട്ടിണി മാറാത്ത അവസ്ഥയാണ് മത്സ്യത്തൊഴിലാളികളുടേത്. പ്രളയത്തിന് ശേഷം മത്സ്യമേഖലയെ പുനരുദ്ധരിക്കാന്‍ 2000 കോടി രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൂടാതെ 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. ഇവ പ്രായോഗികമായി മത്സ്യത്തൊഴിലാളികളിലെത്തിയാല്‍ തന്നെ അവരുടെ പകുതി പട്ടിണി മാറ്റാമായിരുന്നു. എന്നാല്‍ വലപ്പാട് മുതല്‍ ജനീവ വരെ മുഖ്യമന്ത്രി നടത്തിയത് വെറും വീരവാദങ്ങളും വാചകക്കസര്‍ത്തുകളുമാണെന്ന കാര്യം സുതരാം സുവ്യക്തമാണ്. കടലിന്റെ മക്കളെ കണ്ണീരു കുടിപ്പിക്കുന്ന ഈ കൊടുംവഞ്ചകരെ ‘കേരള സൈന്യം’ പാഠം പഠിപ്പിക്കുന്ന കാഴ്ച കാത്തിരുന്ന് കാണാം.

chandrika: