X

പ്രളയസമാനം ഒഴുകട്ടെ ആശ്വാസം

 

രണ്ടുമാസത്തോളമായി ഇടതടവില്ലാതെ പെയ്യുന്ന പേമാരിയില്‍ കൊടുംപ്രളയവും തത്‌സംബന്ധിയായ ആള്‍നാശവും വസ്തുനാശനഷ്ടങ്ങളും നേരിട്ടുവരികയാണ് കേരളം. 2500 മില്ലിമീറ്റര്‍ മഴയായി ജൂണില്‍ കനത്തുതുടങ്ങുന്ന കാലവര്‍ഷം ജൂലൈപകുതിയോടെ വര്‍ഷിച്ചുതീരുകയാണ് പതിവെങ്കില്‍, സമുദ്രത്തിലെ അരഡസനോളം ന്യൂനമര്‍ദപ്രതിഭാസങ്ങള്‍ കാരണം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ ചരിത്രത്തിലെ ഏറ്റവുംകൊടിയ കെടുതികളിലൊന്നാണ് പശ്ചിമഘട്ടത്തിനുകീഴിലെ കൊച്ചുതാഴ്‌വരയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. കൊല്ലവര്‍ഷം 1999, അഥവാ ക്രിസ്തുവര്‍ഷം 1924ലാണ് കേരളംകണ്ട ചരിത്രത്തിലെ ഏറ്റവുംവലിയ പ്രളയമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കില്‍, നൂറ്റമ്പതോളം മനുഷ്യരെയും കോടിക്കണക്കിന് സ്വത്തുവകകളെയുമാണ് വെറുംരണ്ടുമാസംകൊണ്ട് കാലവര്‍ഷം കവര്‍ച്ചചെയ്തിരിക്കുന്നത്. ഈ പ്രതിസന്ധിഘട്ടത്തില്‍ ഭരണകൂടത്തിനും സന്നദ്ധസംഘടനകള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും ജനങ്ങള്‍ക്ക് പൊതുവായും ചെയ്യാനുള്ളത് ഇനിയും നാശനഷ്ടങ്ങളുണ്ടാകാതിരിക്കാന്‍ കൈമെയ്മറന്ന് പരിശ്രമിക്കുകയും ഇതിനകം ദുരിതത്തിലായവരെ കൈപിടിച്ച് സംരക്ഷിക്കുക എന്നതുമാണ്.
കഴിഞ്ഞയാഴ്ച അല്‍പം ശമിച്ചെന്നുകരുതിയ മഴയാണ് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി കേരളത്തെ പ്രത്യേകിച്ചും കിഴക്കന്‍പ്രദേശങ്ങളെ മുക്കിക്കുളഞ്ഞത്. മലയോരങ്ങളിലും താഴ്‌വരകളിലും താഴ്ന്നപ്രദേശങ്ങളിലും ജീവിക്കുന്നവരാണ് ദുരന്തത്തിനിരയായവരിലേറെയും. രണ്ടുദിവസത്തിനകം മാത്രം 23 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. കുത്തിയൊഴുകിയെത്തിയ പേമാരിയില്‍ പ്രളയജലം കൊണ്ടുപോയത് നിരാലംബരായ നിരവധികുടുംബങ്ങളെയാണ്. ഇടുക്കിഅടിമാലിയിലെ അഞ്ചംഗകുടുംബം നിമിഷങ്ങള്‍കൊണ്ട് മണ്ണിനടിയിലായി. നിലമ്പൂരിലും മലമ്പുഴയിലും ഉരുള്‍പൊട്ടലുണ്ടായതില്‍ പത്തോളംപേര്‍ വേറെയും മരിച്ചു. വയനാട്ജില്ല തീര്‍ത്തും ഒറ്റപ്പെട്ടു. കോഴിക്കോടും മലപ്പുറത്തും നിന്നുള്ള വയനാടന്‍ചുരപാതകള്‍ മലയിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. മലപ്പുറത്ത് വണ്ടൂരില്‍ കരകവിഞ്ഞെത്തിയ പുഴയില്‍ പ്രധാനപാത നടുവെ തകര്‍ന്നത് ദുരന്തതീവ്രതയുടെ പ്രതീകാത്മകതയായി. മലപ്പുറംജില്ലയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ ഏതാണ്ട് യുദ്ധസമാനമായ അവസ്ഥയിലാണ്. പാലക്കാട് ജില്ലയുടെ കിഴക്കന്‍ പ്രദേശത്തുനിന്നെത്തിയ പ്രളയജലം നഗരത്തിലേക്കെത്തുന്നതിനും മലമ്പുഴയില്‍നിന്നുള്ള പ്രധാനകുടിവെള്ള കുഴല്‍ പൊട്ടുന്നതിനും കാരണമായി. നഗരത്തില്‍ ഒരാഴ്ചത്തേക്ക് കുടിവെള്ളം മുടങ്ങുന്നത് വലിയവെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
അപ്രതീക്ഷിതമായി ഉണ്ടാതയതാണിവയെന്ന് തീര്‍ത്തുപറയാനാകില്ല. ജൂണില്‍ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ പതിനാലുപേരുടെ മരണത്തിനും നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുന്നതിനും കാരണമായ ഉരുള്‍പൊട്ടലില്‍നിന്ന് നാം വേണ്ടത്രപാഠം പഠിച്ചില്ലെന്നുവേണം ബുധന്‍, വ്യാഴം ദിവസങ്ങളിലെ ഉരുള്‍പൊട്ടല്‍ പരമ്പരകള്‍ തെര്യപ്പെടുത്തുന്നത്. മലടിവാരങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവരെ മാറ്റിത്താമസിപ്പിക്കുന്നതില്‍ ഭരണകൂടം അക്ഷന്തവ്യമായ അനാസ്ഥയാണ് വരുത്തിയത്. ഇതിലൂടെയാണ് ഇത്രയുംപേരുടെ മരണം സംഭവിക്കാനിടയായത്. മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാപ്രവചനക്കാരുടെ മുന്നറിയിപ്പ്. പാലക്കാട് ,വയനാട്, കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ താരതമ്യേന ഇരുപത്തഞ്ചുശതമാനത്തിലധികം മഴയാണ് ഇത്തവണ വര്‍ഷിച്ചിരിക്കുന്നത്. വരള്‍ച്ചകൊണ്ട് പൊറുതിമുട്ടിയിരുന്ന പാലക്കാട്, വയനാട് ജില്ലകള്‍ക്ക് ഇതൊരു ആശ്വാസമാണെങ്കിലും ഇതിലൂടെ സംഭവിച്ച നാശനഷ്ടങ്ങളുടെ കോടികള്‍ എങ്ങനെയാണ് തിരിച്ചുപിടിക്കുക എന്നത് ആലോചിക്കാന്‍പോലും വയ്യാത്ത അവസ്ഥയാണിപ്പോള്‍. ചെറുകിട-ഇടത്തരം കുടുംബങ്ങളില്‍ ഇനി തീപുകയണമെങ്കില്‍ ഉപ്പുതൊട്ട് കര്‍പൂരം വരെയുള്ളവ വാങ്ങണം. ഇതിനുള്ള തുക എവിടെന്ന്, ആരുവഹിക്കും. കേന്ദ്രസര്‍ക്കാരിലെ മന്ത്രിമാര്‍ ജൂലൈഅവസാനം കുട്ടനാട്, കോട്ടയം ജില്ലകളില്‍ നടത്തിയ സന്ദര്‍ശനമല്ലാതെ ഇതുവരെയും മറ്റൊരു നീക്കമുണ്ടായിട്ടില്ല.പ്രളയപഠനസംഘവും വന്നുപോയി. കുട്ടനാട്ടെ ആയിരംകോടിയുടെ നഷ്ടപ്രദേശത്ത് മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയതുപോലുമില്ല. അതീവഗുരുതരമാണ് സ്ഥിതിയെന്ന് വിലയിരുത്തിയ മുഖ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥസംഘവും എന്തുകൊണ്ട് ദുരന്തബാധിതപ്രദേശങ്ങളിലേക്ക് ഇനിയും എത്തിനോക്കുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്നു. സി.പി.എം പോലൊരു കേഡര്‍പാര്‍ട്ടിയില്‍നിന്ന് ഈ നിര്‍ണായകസന്ധിയില്‍ കാണേണ്ട പെരുമാറ്റരീതിയല്ല ഇപ്പോഴുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസും മുസ്്‌ലിംലീഗും മറ്റും രക്ഷാപ്രവര്‍ത്തനങ്ങളുമായി ഇറങ്ങുമ്പോള്‍ മന്ത്രിസഭാവികസനത്തെക്കുറിച്ചും അധികാരത്തിന്റെ അപ്പക്കഷണം പങ്കിടുന്നതിനെക്കുറിച്ചുമാണ് ഭരണമുന്നണിയുടെ ഉല്‍കണ്ഠ.
26 കൊല്ലത്തിലാദ്യമായും നിര്‍മാണത്തിനുശേഷം മൂന്നാംതവണയുമാണ് ഇടുക്കി ചെറുതോണിഅണക്കെട്ട് ഇപ്പോള്‍ തുറന്നുവിടേണ്ടിവന്നിട്ടുള്ളത്. ഇടമലയാറും കക്കിയും കൂടി തുറന്നതോടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ നദിയായ പെരിയാര്‍ കരകവിഞ്ഞുതുടങ്ങിയിരിക്കുന്നു. ലോവര്‍പെരിയാര്‍, ഭൂതത്താന്‍കെട്ട് വഴി ആലുവയിലേക്കെത്തിയ മലവെള്ളം എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിലും സംസ്ഥാനത്തിന്റെ കാല്‍ഭാഗം വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏലൂര്‍ വ്യവസായ മേഖലയിലും ഉണ്ടാക്കിയേക്കാവുന്ന നാശത്തെക്കുറിച്ച് വേണ്ട മുന്‍കരുതലുകള്‍ നാം ഇനിയും എടുത്തിട്ടില്ല. വൈദ്യുതി ഉല്‍പാദനത്തിനായി വെള്ളം പരമാവധി ശേഖരിച്ചുവെക്കാന്‍ തിടുക്കം കാട്ടുന്ന ഉദ്യോഗസ്ഥവൃന്ദത്തിന് മറ്റുതരത്തില്‍ വരുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ഒരു ഉല്‍കണ്ഠയുമില്ലെന്ന ്‌വരുന്നത് തികച്ചും അപമാനകരമാണ്. ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ വൈകിയത് ഇതിനൊരു ഉദാഹരണം മാത്രം. ഈ സന്നിഗ്ധഘട്ടം പരസ്പരആരോപണങ്ങള്‍ക്കും പോര്‍വിളികള്‍ക്കുമുള്ള സമയമല്ലെന്ന് അറിയാമെങ്കിലും ഭരണാധികാരികളില്‍ വേണ്ടത്ര ആര്‍ജവവും മുന്‍കരുതലുകളും എടുക്കുന്നതിന് ഇത് മതിയാകുമെങ്കില്‍ ആകട്ടെ എന്ന സദുദ്ദേശ്യം മാത്രമാണുള്ളത്.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച നാലുലക്ഷം രൂപ വര്‍ധിപ്പിക്കുകയും വീടുകള്‍ തകര്‍ന്നവര്‍ക്കും പുനരധിവാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും അടിയന്തിരമായി ആശ്വാസസഹായം എത്തിക്കുകയുമാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇപ്പോള്‍ ചെയ്യാനുള്ളത്. കൂടുതല്‍ ജാഗ്രവത്തായ പരിസ്ഥിതിഅനുകൂല ആവാസവ്യവസ്ഥിതിയാണ് നാമെല്ലാവരും സ്വീകരിക്കേണ്ടതെന്നാണ് ഇപ്പോഴത്തെ ദുരന്തം നമ്മെ ആകെ ഉണര്‍ത്തുന്നത്. ഒറീസയുടെയും ബംഗ്ലാദേശിന്റെയും അവസ്ഥയില്‍ കാലാവസ്ഥാവ്യതിയാനത്തില്‍ തകര്‍ന്നമരുന്നൊരു ദുസ്ഥിതിയിലേക്ക് കേരളവും മാറിക്കൂടാ. അതിനുള്ള സുചിന്തിതവും ദീര്‍ഘദൃഷ്ടിയുള്ളതുമായ തീരുമാനങ്ങളാണ് എല്ലാവരില്‍നിന്നും പ്രതീക്ഷിക്കുന്നത്.

chandrika: