X

ജനങ്ങളുടെ ജീവന്‍കൂടി സര്‍ക്കാര്‍ കാക്കണം

 

ഭയപ്പെട്ടിരുന്നതുപോലെ മഹാപേമാരിക്കും പ്രളയത്തിനും പിറകെ കേരളത്തെ പകര്‍ച്ചവ്യാധികള്‍കൂടി പിടിമുറുക്കുകയാണെന്നാണ് ഈ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ ചില ജില്ലകളില്‍നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി അഞ്ചു ദിവസത്തിനകം 31 പേരാണ് ലെപ്‌റ്റോസ്‌പൈറോസിസ് അഥവാ എലിപ്പനി ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്. ശനിയാഴ്ച ഒന്‍പതും ഞായറാഴ്ച പത്തു പേരും ഇന്നലെ നാലു പേരുമാണ് മരിച്ചത്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ജൂണില്‍ വീശിയടിച്ച നിപ പനിബാധ മൂലം പതിനേഴു പേര്‍ മരിച്ച സ്ഥാനത്താണ് അവിടെ എലിപ്പനി കടുത്ത ഭീഷണിയുമായി കടന്നുവന്നിരിക്കുന്നത്. ഈ രോഗം ബാധിച്ചവരെന്ന് സംശയിക്കുന്നവരുടെ എണ്ണം നാനൂറ് കടന്നിരിക്കുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളും സര്‍ക്കാരും ജാഗ്രത പാലിക്കണമെന്ന് നേരത്തെതന്നെ ആവശ്യമുയര്‍ന്നിരുന്നെങ്കിലും വേണ്ടത്ര മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ സ്വീകരിച്ചോ എന്ന് സംശയിക്കുംവിധമാണ് എലിപ്പനി ബാധയുടെ വ്യാപ്തി നമ്മെ ആശങ്കയിലാഴ്ത്തുന്നത്. അത്യാധുനിക ആതുര സംവിധാനങ്ങള്‍തേടി അധികാരികള്‍ വിദേശത്ത് പോകുമ്പോള്‍ സാമാന്യജനങ്ങളുടെ ജീവനിട്ട് പന്താടുന്ന അവസ്ഥ ഇടതുപക്ഷ സര്‍ക്കാര്‍ സൃഷ്ടിക്കരുത്.
പ്രളയത്തിന്റെ ബാക്കിപത്രമായി മാറിയ ഖര മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിന് സ്വയമേവ ഇറങ്ങിപ്പുറപ്പെട്ടവരും എലിപ്പനി മരണത്തിന്റെ പിടിയിലകപ്പെട്ടു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. പെരുമ്പാവൂര്‍ അയ്മുറി ഷാജിയുടെ ഭാര്യ കുമാരി (48)യും ചാലക്കുടി കോടാലി സ്വദേശി സുരേഷും(36) ശുചീകരണത്തില്‍ പങ്കെടുത്തശേഷം എലിപ്പനി ബാധിച്ചു മരിച്ചവരാണ്. സ്വകാര്യ ആസ്പത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കുമാരി മരിച്ചത്. കോഴിക്കോട്ട് ആരോഗ്യവകുപ്പു ജീവനക്കാരുള്‍പ്പെടെ അഞ്ചു പേരും മലപ്പുറം ചമ്രവട്ടത്ത് സ്ത്രീയും മരിച്ചു. പ്രളയ ശുചീകരണ പ്രവര്‍ത്തനത്തിറങ്ങിയവര്‍ മിക്കവരും വേണ്ടത്ര സുരക്ഷാമുന്‍കരുതല്‍ എടുത്തിരിക്കാനുള്ള സാധ്യത ഇല്ലെന്നത് മുന്‍കൂട്ടിക്കണ്ട് നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകാതിരുന്നതാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്ന ആരോപണം സജീവമാണ്. കോഴിക്കോട്ട് ഇന്നലെ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തില്‍ മുന്‍കരുതലുകളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇതെന്തുകൊണ്ട് മുന്‍കൂട്ടി കഴിഞ്ഞില്ല എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടി, പ്രതിരോധ മരുന്നുകള്‍ കഴിക്കാത്തവരാണ് മരണത്തിനിരയായത് എന്നാണ്. ഇതുതന്നെയാണ് ജനവും മന്ത്രിയോട് ചോദിക്കുന്നത്. അലോപ്പതി, ഹോമിയോ പോലുള്ള ചികില്‍സാകേന്ദ്രങ്ങളില്‍ വേണ്ടത്ര ജീവനക്കാരുടെ ലഭ്യതയും ബോധവല്‍കരണവും രോഗികള്‍ക്ക് പെട്ടെന്ന് ചികില്‍സക്കെത്താനുള്ള സൗകര്യവും കൂടുതലായി ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
മഴക്കാലാനന്തരം പതിവായി കേരളത്തില്‍ പടരുന്ന പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതുപോലെ നേരിടേണ്ട ഒന്നല്ല ഇപ്പോഴത്തെ കേരളത്തിലെ സ്ഥിതി. വളരെ പെട്ടെന്ന് ചൂടിലേക്ക് മാറുന്ന അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ പടരാനുള്ള സാധ്യത ഏറെയാണ്. അതിനുപുറമെയാണ് വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇത്തരം രോഗാണുക്കള്‍ പെറ്റുപെരുകാനുള്ള അവസരം. പരിസര ശുചീകരണത്തിന് മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ 200 മി.ഗ്രാം നല്‍കാന്‍ നടപടി സ്വീകരിച്ചത് കഴിഞ്ഞ ദിവസം മാത്രമാണ്. മന്ത്രി ടി.പി രാമകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ മരുന്നുകഴിച്ചുകൊണ്ട് ഔഷധ സേവക്ക് പ്രോല്‍സാഹനം നല്‍കിയെങ്കിലും എത്ര പേര്‍ ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവ ലഭ്യമെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. കെട്ടിക്കിടക്കുന്ന കക്കൂസിലേതടക്കമുള്ള മാലിന്യം കലര്‍ന്ന ജലം വലിയ ഭീതിയാണ് ഇപ്പോഴും ജനമനസ്സുകളില്‍ ഉയര്‍ത്തിനിര്‍ത്തിയിരിക്കുന്നത്. ആലപ്പുഴ പോലുള്ള ജില്ലയില്‍ വെള്ളം പൂര്‍ണമായും ഇറങ്ങിപ്പോകാത്തതുകൊണ്ടാകാം അവിടെനിന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്.
ഉയര്‍ന്ന ആരോഗ്യബോധം, സാക്ഷരതാനിലവാരം എന്നിവ അനുകൂലമായിട്ടും ജനങ്ങള്‍ക്ക് സമയബന്ധിതമായി പ്രതിരോധ ഗുളികകള്‍ എത്തിക്കുന്നതിന് വന്ന അലംഭാവമാണ് പെട്ടെന്നുണ്ടായ മരണങ്ങള്‍ക്ക് ഉത്തരവാദിയെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പോലും ചൂണ്ടിക്കാട്ടുന്നത്. വെള്ളപ്പൊക്കക്കെടുതികള്‍ ഇനിയും മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. അതില്‍ പ്രധാനം സാംക്രമിക രോഗങ്ങള്‍ തന്നെ. സംസ്ഥാന ആരോഗ്യ വകുപ്പിന് മാത്രമേ ഇക്കാര്യത്തില്‍ ജനങ്ങളുടെ ജീവരക്ഷക്ക് എത്താന്‍ കഴിയൂ. കഴിഞ്ഞ വര്‍ഷങ്ങളിലും പ്രതിവര്‍ഷം മുന്നൂറോളം പേരെന്നതോതില്‍ ഡെങ്കി, എലിപ്പനി മുതലായവ ബാധിച്ച് മരണമടഞ്ഞതാണ്. ഇക്കാര്യത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അതീവലോലമാണെന്നാണ് ദേശീയ ആരോഗ്യ മന്ത്രാലയവും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത്തവണ കേന്ദ്ര ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ കേരളം സന്ദര്‍ശിച്ച് പറഞ്ഞത്, കേരളം അത്ര ഭയപ്പെടേണ്ടതില്ലെന്നായിരുന്നു. സംഭവിക്കുന്നതോ മറിച്ചും.
ഇതിനകം പതിമൂന്ന് ജില്ലകളിലും എലിപ്പനി ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പനി ലക്ഷണം കണ്ടവര്‍ ആതുര കേന്ദ്രങ്ങളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാര്‍ സംവിധാനത്തിനുണ്ടാകണം. ശ്വാസകോശത്തെ പെട്ടെന്ന് ബാധിക്കുന്ന രോഗം വളരെ പെട്ടെന്ന് മരണത്തിലെത്തിച്ചേരുമെന്നതിനാല്‍ രോഗികളും ബന്ധുക്കളും പരമാവധി ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കണം. തിളപ്പിച്ചാറിയ കുടിവെള്ളം ആവശ്യത്തിന് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. പ്രളയ പ്രദേശങ്ങളില്‍ കുടിവെള്ളം പോലും കിട്ടാക്കനിയായിരിക്കെ ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിനെ സഹായിക്കാന്‍ ഇതര വകുപ്പുകളും മുന്നിട്ടിറങ്ങണം. കുട്ടനാട് മേഖലയിലെ വെള്ളക്കെട്ട് നീക്കുന്ന കാര്യത്തില്‍ രണ്ടു മന്ത്രിമാര്‍ തമ്മില്‍ പൊട്ടിപ്പുറപ്പെട്ട പോര് പക്ഷേ കാര്യങ്ങള്‍ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിന്റെ ചൂണ്ടുപലകയാണ്. അതാകരുത് പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ സംഭവിക്കേണ്ടത്.

chandrika: