X

എവിടെ ഭരണം, ഭരണകൂടം

മനസലിവില്ലാത്ത ഭരണകൂടത്തിന്റെ ഒടുവിലത്തെ ഇരയാണ് കൂത്താട്ടുകുളത്തെ തങ്കമ്മ. ജീവിക്കാന്‍ ഒരു ഗതിയുമില്ലെന്ന് വന്നതോടെ റിട്ട. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ സ്വയം മരണം വരിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കിവന്ന പെന്‍ഷനെ ആശ്രയിച്ച് കുടുംബം നോക്കുന്ന തങ്കമ്മയ്ക്ക് മുന്നില്‍ എല്ലാം ശരിയാക്കാനുറച്ചെത്തിയവര്‍ പക്ഷെ കണ്ണടച്ചു. അഞ്ചുമാസമായി മുടങ്ങിയ കുടുംബ പെന്‍ഷന്‍ ലഭിക്കാതെ വന്നപ്പോള്‍, മാനസിക പ്രശ്‌നമുള്ള മകനെയുള്‍പ്പെടെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട തങ്കമ്മ മരണം വരിക്കുകയായിരുന്നു. ഇതു പക്ഷെ പാര്‍ട്ടിസമ്മേളനവേദികളില്‍ നിന്ന് ആകാശയാത്ര നടത്തി കേരളത്തെ സേവിക്കുന്ന ഭരണകര്‍ത്താക്കളെ നൊമ്പരപ്പെടുത്തില്ല. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ മാത്രം 15 പേരാണ് ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രി നേരിട്ട് ഈ വകുപ്പ് കൈകാര്യം ചെയ്തിട്ടും പെന്‍ഷനും ശമ്പളവും ഇപ്പോഴും ജീവനക്കാര്‍ക്ക് സ്വപ്നം മാത്രമാണ്. ഈവിധമുള്ള അതീവ ഗൗരവമായ ജീവല്‍പ്രശ്‌നങ്ങളെ സമീപിക്കാനോ പരിഹാരത്തിനുള്ള ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്താനോ സര്‍ക്കാറിന് സാധിക്കാത്തതാണ് ഏവരെയും അമ്പരപ്പിക്കുന്ന വസ്തുത.
സര്‍ക്കാര്‍ തീര്‍ത്തും നിര്‍ജ്ജീവമാണെന്ന് പറഞ്ഞാല്‍ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും മുന്നിലുള്ള ആര്‍ക്കും അതിനെ നിഷേധിക്കാനാകില്ല. ഭരണരംഗത്ത് ഈ വിധമുള്ള നിശ്ചലാവസ്ഥ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഭരണസിരാകേന്ദ്രത്തിലെ മെല്ലെപ്പോക്ക് സമസ്ഥ മേഖലയെയും ബാധിച്ചിരിക്കുകയാണ്. ഫയലുകള്‍ നീങ്ങാത്തത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രി, മന്ത്രിമാര്‍, വകുപ്പ് തലവന്‍മാര്‍, ഡയറക്ടറേറ്റ് മേധാവികള്‍ തുടങ്ങി സെക്രട്ടറിയേറ്റിലെ സെക്ഷന്‍ ഓഫീസര്‍മാര്‍ വരെയുള്ളവരുടെ മേശപ്പുറം നിറഞ്ഞുകവിഞ്ഞ ഫയല്‍ ശേഖരമുണ്ട്. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ഫണ്ട് അനുവദിച്ച ഫയല്‍ പോലും കലക്ടറേറ്റിലേക്ക് തിരിച്ചെത്തുന്നത് പത്തും പതിനൊന്നും മാസം കഴിഞ്ഞ ശേഷമാണ്. അടിയന്തര ചികിത്സയ്ക്കുവേണ്ടിയുള്ള കാരുണ്യ ഫണ്ടിനുള്ള പതിനായിരത്തിലേറെ അപേക്ഷകള്‍ ഇപ്പോഴും ഉപരിതീര്‍പ്പിനായി സര്‍ക്കാര്‍ മേശപ്പുറത്താണ്. സാധാരണക്കാരായ, തൊഴിലാളികളായ പാവങ്ങളുടെ ചികിത്സക്കുള്ള ഫയല്‍ പോലും ഒപ്പുവെക്കുന്നത് മാസങ്ങള്‍ കഴിഞ്ഞ്. ഉദ്യോഗസ്ഥന്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് അതാത് സമയങ്ങളില്‍ പൊതുഭരണ വകുപ്പില്‍ നിന്നിറങ്ങുന്ന ഫയലുകള്‍ വരെ കെട്ടികിടക്കുന്നു. ഇതാവട്ടെ ഗുരുതരമായ നിയമ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നവയാണ്. ഉദ്യോഗസ്ഥന്‍മാരുടെ ഫയല്‍ നീക്കം നിലച്ചതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് വകുപ്പ് തലവന്‍മാര്‍ക്കും മന്ത്രിമാര്‍ക്കും അയക്കുന്ന ഫയലുകള്‍ തിരികെ ലഭിക്കാനുള്ള കാലതാമസത്തെയാണ്. മന്ത്രിമാരും മുഖ്യമന്ത്രിയും ഫയല്‍ നോക്കുന്നതില്‍ കാണിക്കുന്ന വിമുഖതയും ഒരു വലിയ നടപടി വിഷയമായി ഉദ്യോഗസ്ഥന്‍മാര്‍ അടക്കം പറയുന്നു. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളുള്‍ക്കൊള്ളുന്ന ഫയലുകള്‍ പോലും ‘പാര്‍ട്ടി ഫ്രാക്ഷന്‍’ കാണണമെന്ന അലിഖിതമായ നിര്‍ദേശമാണ് ഒരളവോളം ഫയല്‍ കുടുങ്ങിക്കിടക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇതിന് പരിഹാരം കാണേണ്ട മുഖ്യമന്ത്രിയാവട്ടെ എട്ടും പത്തും മണിക്കൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ ഉപവിഷ്ഠനാവുന്നു. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനോ അവിടെ സമയം ചെലവഴിക്കുന്നതിനെയോ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ സംസ്ഥാന ഭരണത്തലവന്‍ എന്ന നിലക്ക് കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ അനിശ്ചിതമായി മാറ്റി വെച്ച് സമ്മേളനങ്ങളില്‍ കുത്തിയിരിക്കുന്നതാണ് വിമര്‍ശനഹേതുവാകുന്നത്.
കേരളം അടുത്തകാലത്തായി ബഹുമുഖങ്ങളായ പ്രതിസന്ധികളെ നേരിടുകയാണ്. അതാവട്ടെ ജനങ്ങളെ നേരിട്ട് ബാധിക്കുന്നതും. ഓഖി ദുരന്തം വരുത്തിവെച്ച തീരാദുരിതത്തിന്റെ കണ്ണീര്‍ കുടിക്കുകയാണ് തീരദേശമൊന്നാകെ. അവിടെ ആശ്വാസത്തിന്റെ വെളിച്ചം പകരാന്‍ നാടാകെ ഉണരുന്ന വേളയിലും സര്‍ക്കാര്‍ സംവിധാനം മെല്ലെപോകുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക. തീരദേശത്തുള്ളവരെ സഹായിക്കാനും അര്‍ഹമായ സഹായം കേന്ദ്രത്തില്‍ നിന്ന് വാങ്ങിയെടുക്കാനും അവിശ്രമം ഉദ്യോഗസ്ഥ-ഭരണ സംവിധാനം കര്‍മ്മനിരതരാവേണ്ട സന്ദര്‍ഭമാണിത്. എന്നാല്‍ പ്രഖ്യാപനങ്ങളിലും ഊരുചുറ്റലിലും കാര്യങ്ങള്‍ അവസാനിക്കുന്നു എന്നത് കടലിന്റെ മക്കളോട് കാണിക്കുന്ന മാപ്പില്ലാത്ത ക്രൂരതയാവും. ഇതെഴുതുമ്പോഴും ട്രഷറിയില്‍ നിന്ന് ആദ്യ ഗഡു തുക ലഭിക്കാത്ത അനേകം പേരുണ്ട് തീരത്തെന്ന് ഓര്‍ക്കുക.
വിലക്കയറ്റവും ക്രമസമാധാനത്തകര്‍ച്ചയും പൊതുജനത്തെ വല്ലാതെ പ്രയാസപ്പെടുത്തുകയാണ്. എല്ലാ സാധനങ്ങള്‍ക്കും വില തോന്നുംപടി ഉയരുന്നു. വിപണിയിലിടപെടാനോ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സാധാരണക്കാര്‍ക്ക് ആശ്വാസം പകരാനോ സര്‍ക്കാറിന് കഴിയുന്നില്ല. റേഷന്‍ കടകളില്‍ ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പുവരുത്താന്‍ കഴിയാത്തത് വലിയ വീഴ്ചയാണെന്ന് വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ പാര്‍ട്ടിസമ്മേളനങ്ങളില്‍ വരെ കടുത്ത രീതിയില്‍ വിമര്‍ശനം ഉയരുന്നു.
മോഷ്ടാക്കളും പിടിച്ചുപറിക്കാരും നാട്ടില്‍ വിഹരിക്കുകയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കവര്‍ച്ചക്കാരാല്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. പട്ടാപകല്‍ കവര്‍ച്ച നടത്തിയിട്ടും പൊലീസ് സംവിധാനം നോക്കുകുത്തി മാത്രമാകുകയാണ്. പാര്‍ട്ടി ഭരണവും പാര്‍ട്ടിക്കുവേണ്ടിയുള്ള ഭരണവും മാത്രമായി പൊലീസ് സംവിധാനം മാറിയപ്പോള്‍ കുറ്റവാളികളും ക്രിമിനല്‍ സംഘവും കളംനിറഞ്ഞുകളിക്കുന്നു.
സാമ്പത്തിക സ്ഥിതി അതിദയനീയമാണ്. കഴിഞ്ഞ ബജറ്റവതരണത്തിന് ശേഷം നികുതി പിരിവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത് മൂന്നുതവണമാത്രമാണ്. ജി.എസ്.ടിയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുമ്പോഴും നികുതി ഘടനയിലെ അടിസ്ഥാന മാറ്റം വഴി സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള ഒരു നീക്കവും ധനമന്ത്രാലയത്തില്‍ നിന്നുണ്ടായില്ല. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി വരുമാനം കുറഞ്ഞുവെന്ന് സമ്മതിക്കുമ്പോഴും അനുബന്ധമായി നികുതി സമാഹരണം നടത്തേണ്ട വഴികള്‍ മന:പൂര്‍വം കാണാതെ പോകുകയാണ് സര്‍ക്കാര്‍. വില കുറക്കേണ്ട ഉല്‍പ്പന്നങ്ങളില്‍ അനിയന്ത്രിതമായി വിലകൂട്ടുന്നവരെ കണ്ടെത്താനോ ജനങ്ങള്‍ക്ക് ഉപകാരമാവും വിധം വില നിയന്ത്രിക്കാനോ കഴിഞ്ഞില്ല. കോഴിക്കച്ചവടക്കാരെ വിരട്ടി വാര്‍ത്തയിലിടം പിടിക്കാന്‍ ആദ്യം ശ്രമിച്ച മന്ത്രി ഒടുവില്‍ അവരുടെ വഴിക്കുവന്നു എന്നുമാത്രമല്ല മറ്റൊരിടത്തും ഇടപെട്ടുമില്ല. സ്ഥിതി അതീവ ഗുരുതരമായി തുടരുമ്പോഴും പരിഹാരമാര്‍ഗത്തിന് ക്രിയാത്മക സമീപനമല്ല സര്‍ക്കാറിന്റെ ഭാഗത്തുള്ളത്.
എല്ലാ മേഖലകളിലും നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥക്ക് പ്രധാന കാരണം യാഥാര്‍ത്ഥ്യബോധമുള്‍ക്കൊള്ളാത്ത ഭരണനേതൃത്വമാണ്. വിഷയങ്ങളെ ഗൗരവത്തോടെയും ജനതാല്‍പര്യാര്‍ത്ഥവും സമീപിക്കാത്ത നിലപാടാണ് ഇനിയും തുടരുന്നതെങ്കില്‍ കേരളത്തിന്റെ പൊതുസ്ഥിതി കൂടുതല്‍ പരിതാപകരമാവും. ദുരഭിമാനം വെടിഞ്ഞ്, വിഷയങ്ങളെ അതര്‍ഹിക്കുന്ന യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരിഹാരം കാണുന്നതാണ് ഭരണകൂടത്തിന്റെ പ്രഥമധര്‍മ്മം എന്നു മനസിലാക്കാനുള്ള വിവേകമാണ് സര്‍ക്കാറിന് ഇനിയെങ്കിലും വേണ്ടത്.

chandrika: