X

ഇനിയൊരു ദുരന്തം ആവര്‍ത്തിക്കരുത്

കേരളത്തില്‍ വീണ്ടും മഴ കനത്തുപെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ കാണേണ്ടതാണ്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 36 മണിക്കൂറില്‍ ചുഴലിക്കാറ്റായി ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പ് ഉള്‍ക്കിടിലത്തോടെയാണ് കേരളം കേട്ടത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയും തിമിര്‍ത്തുപെയ്താല്‍ ജലനിരപ്പ് ഉയരുമോ എന്നതാണ് ആശങ്ക. മഹാപ്രളയത്തിന്റെ ആഴക്കയത്തില്‍നിന്നു അതിജീവനത്തിന്റെ പുതുകരയിലേക്ക് നീന്തിക്കയറാന്‍ പാടുപെടുന്ന സംസ്ഥാനത്തിന് ഇനിയൊരു ദുരന്തം താങ്ങാനുള്ള കെല്‍പില്ല. അതിനാല്‍ ജാഗ്രവത്തായ കരുതലോടെയായിരിക്കണം സര്‍ക്കാറിന്റെ ഇനിയുള്ള ഓരോ ചുവടുവെപ്പുകളും വേണ്ടത്. മഹാപ്രളയത്തിന്റെ വിപത്ത് കാലേക്കൂട്ടി കാണാതിരുന്നതിനും ഡാമുകള്‍ തുറക്കുന്നതില്‍ വൈദഗ്ധ്യക്കുറവ് തിരിച്ചടിയായതിനും വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട് കേരളത്തിന്. ഇതില്‍ നിന്നു പാഠമുള്‍ക്കൊണ്ട് ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രസ്താവനകളിലും വാചകമടികളിലും മാത്രം ഒതുങ്ങരുത്. ശാസ്ത്രീയവും സക്രിയവുമായ പ്രായോഗിക നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. അതിജീവനത്തില്‍ മാത്രമല്ല, രക്ഷാമാര്‍ഗങ്ങള്‍ അവലംബിക്കുന്നതിലും കരുത്തുറ്റ കൂട്ടായ്മ രൂപപ്പെടുത്തിയാല്‍ മാത്രമേ ഒറ്റക്കെട്ടായി ദുരന്തങ്ങളെ അതിജയിക്കാനാവുകയുള്ളൂ. ഓഖി ദുരന്ത വാര്‍ഷികത്തിന് ഒരു മാസം മാത്രം ബാക്കിയിരിക്കെയാണ് ഈ കാലാവസ്ഥാ വ്യതിയാനവും അതിശക്ത ന്യൂനമര്‍ദവും ഭീതിപരത്തുന്നത്. അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളില്‍ക്കൂടി സര്‍ക്കാറിന്റെ കണ്ണും കാതും വേണം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തത ബോധ്യപ്പെട്ടാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം മടികാണിക്കരുത്. ഭരണവൈഭവം പ്രകടിപ്പിക്കേണ്ട സന്നിഗ്ധ ഘട്ടങ്ങളിലും സങ്കീര്‍ണ നടപടികളുമായി മുന്നോട്ടുപോകുന്ന തലതിരിഞ്ഞ നയനിലപാടുകള്‍ പുന:പരിശോധിക്കേണ്ട സന്ദര്‍ഭമാണിത്.
സംസ്ഥാനത്തിന്റെ തീരദേശം മരണപ്പേടിയിലാണ് കഴിയുന്നത്. ഇന്നലെ ചിലയിടങ്ങളില്‍ കടല്‍ പിന്‍വലിഞ്ഞതിന്റെ ആധി കടലോര വാസികളുടെ മനസിനുള്ളില്‍ ആളിപ്പടരുകയാണ്. സുനാമിക്കുമുമ്പും ഇതുപോലെ കടല്‍ പിന്‍വലിഞ്ഞതിന്റെ ഞെട്ടല്‍ ഇപ്പോഴും അവരില്‍നിന്നു വിട്ടുമാറിയിട്ടില്ല. ഓഖി ബാധിത പ്രദേശങ്ങളിലെ കടലുകളിലും ശുഭകരമല്ലാത്ത ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇവ കൃത്യമായി നിരീക്ഷിക്കുകയും കടല്‍ പ്രക്ഷുബ്ധമാകുംമുമ്പ് രക്ഷാവഴികള്‍ കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന മുന്നറിയിപ്പു നല്‍കിയതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ മറ്റു മുന്നൊരുക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. ന്യൂനമര്‍ദം അതിശക്തമായ ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ കടലോരം പിഴുതെറിയുമെന്ന കാര്യം തീര്‍ച്ചയാണ്.
വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഇന്നലെ ഉയര്‍ത്തിയിരിക്കുകയാണ്. ഇടുക്കി, ബാണാസുര സാഗര്‍ ഡാമുകള്‍ തുറന്നുവിട്ട്് 50 ക്യൂമെക്‌സ് വെള്ളം തുറന്നുവിടാനായിരുന്നു സര്‍ക്കാറിന്റെ ആദ്യ തീരുമാനം. 40 ക്യൂമെക്‌സ് ജലം ഇവിടേക്ക് ഒഴുകിയെത്തുന്നുവെന്നായിരുന്നു ഇതിനു കാരണം പറഞ്ഞിരുന്നത്. എന്നാല്‍ ജലനിരപ്പ് കുറഞ്ഞതു കാരണം ഇടുക്കി അണക്കെട്ട് തുറക്കില്ലെന്ന് സര്‍ക്കാര്‍ തിരുത്തി പറയുകയും ചെയ്തു. കൂടുതല്‍ അവധാനതയില്ലാതെ പ്രസ്താവനകളിറക്കുന്നത് ജനങ്ങളില്‍ ഭീതി വര്‍ധിപ്പിക്കുമെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2387.76ല്‍ നിന്ന് 2387.72 അടിയായി താഴ്ന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെയാണ് അണക്കെട്ടുകള്‍ തുറക്കുന്ന നടപടികള്‍ തല്‍ക്കാലത്തേക്കു നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മഴ കൂടിയാല്‍ ഇന്നു രാവിലെ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ധാരണ. ഇതും എത്രമാത്രം നിരുപദ്രകരമാകും എന്നുകൂടി വിലയിരുത്തി വേണം കൈകാര്യം ചെയ്യാന്‍. മഹാപ്രളയകാലത്ത് ഏറെ നാശം വിതച്ചത് ഇവിടങ്ങളില്‍ ജലവിതാനം ഉയര്‍ന്നതായിരുന്നു. കൃത്യമായ പഠനങ്ങളില്ലാതെയും നിര്‍ദേശങ്ങളില്ലാതെയും പൊടുന്നനെ ഡാം തുറന്നുവിട്ടതാണ് സമീപപ്രദേശങ്ങള്‍ കുത്തിയൊലിച്ചു പോകാന്‍ ഇടയായത്. ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറിനുണ്ടായ ആശയക്കുഴപ്പവും ബാണാസുര സാഗര്‍ തുറന്നുവിട്ടതില്‍ വയനാട് ജില്ലാ കലക്ടര്‍ക്ക് സര്‍ക്കാറിനോടുണ്ടായിരുന്ന വിമ്മിഷ്ടവുമെല്ലാം കേരളം കണ്ടതാണ്. മാപ്പര്‍ഹിക്കാത്ത വീഴ്ച കാരണം കോടിക്കണക്കിനു രൂപയുടെ നാശനഷ്ടത്തിന്റെ കണക്കാണ് ഈ മേഖലകളില്‍ രേഖപ്പെടുത്തിയത്.
സമയോചിതമായി ഇടപെടുന്നതിലും കരുതലോടെ പ്രവര്‍ത്തിക്കുന്നതിലും സര്‍ക്കാര്‍ വരുത്തിയ വന്‍ വീഴ്ചയാണ് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ പ്രളയക്കെടുതിയുടെ കാരണങ്ങളില്‍ പ്രധാനം. കനത്ത മഴമൂലം ജൂലൈ അവസാനത്തോടെ തന്നെ കേരളത്തിലെ ഡാമുകളെല്ലാം ഏറെക്കുറെ സംഭരണശേഷിയുടെ പരമാവധിയിലെത്തിയിരുന്നു. തോരാതെ മഴപ്പെയ്ത്ത് തുടര്‍ന്നപ്പോള്‍ നീരൊഴുക്ക് ഉള്‍ക്കൊള്ളാന്‍ ഡാമുകള്‍ക്ക് കഴിഞ്ഞതുമില്ല. മണ്‍സൂണ്‍ കാലയളവില്‍ നിയന്ത്രിതമായ അളവില്‍ വെള്ളം തുറുന്നുവിട്ടാല്‍ ദുര്‍ഗതി വരില്ലായിരുന്നു. എല്ലാ അണക്കെട്ടുകളും ഒരേസമയം ദിവസങ്ങളോളം തുറന്നു വിടേണ്ടിവന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. അതോടൊപ്പം അന്തര്‍ സംസ്ഥാന നദീജല ബന്ധങ്ങള്‍ ശരിയായി പരിപാലിക്കാനും പിണറായി സര്‍ക്കാറിനായില്ല. അണക്കെട്ടുകള്‍ തുറക്കുന്നതിന്മുമ്പ് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആലസ്യത്തിലായതിന്റെ അനന്തരഫലമാണ് മഹാദുരന്തമായി അനുഭവിച്ചത്. സ്ഥിതിഗതികള്‍ വഷളാകുന്നത് കണ്ടിട്ടും കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന് ഉന്നതതല യോഗങ്ങള്‍ പോലും നടന്നില്ല. അണക്കെട്ടുകളില്‍ ജലവിതാനമുയരുന്ന സന്ദര്‍ഭങ്ങളില്‍ അത് നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തിന് ഡാം സുരക്ഷാ അതോറിറ്റിയും ജലനിയന്ത്രണ നടപടിക്രമങ്ങളും നിലവിലുണ്ട്. കേന്ദ്ര ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ഡാം സേഫ്റ്റി നടപടിക്രമങ്ങള്‍ പ്രകാരം പാലിക്കേണ്ട പല മാനദണ്ഡങ്ങളും പാലിക്കാതെയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡും സര്‍ക്കാരും ഡാമുകള്‍ തുറന്നുവിട്ടത്. റിസര്‍വോയര്‍ കണ്‍ട്രോള്‍ ഷെഡ്യൂള്‍, റിലീസ് പ്രൊസീഡിയര്‍, ഗേറ്റ് ഓപറേഷന്‍ ഷെഡ്യൂള്‍ എന്നിവ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നത് അതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം മുന്‍കൂട്ടി കണക്കാക്കി അത് നേരിടുന്നതിന് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷമായിരിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ അവ സൂക്ഷ്മതയോടെ പരിപാലിച്ചു മാത്രമേ അണക്കെട്ടുകള്‍ തുറുന്നുവിടുന്നതുപോലെ ജനങ്ങളേയും സ്വത്തിനേയും ബാധിക്കുന്ന ഗൗരവതരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടുള്ളൂ. ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊണ്ട് ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ അതീവ ശ്രദ്ധയും കരുതലുമാണ് സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഓരോ മഴത്തുള്ളിയും മരണപ്പേടിയുടെ അലമാലയായി കേരളത്തിന്റെ മനസില്‍ ആര്‍ത്തിരമ്പുന്നുണ്ടെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.

chandrika: